പ്രകൃതി സ്നേഹത്തിന്റെ വിത്തൊളിപ്പിച്ച് എംഎൽഎയുടെ മകളുടെ വിവാഹക്ഷണക്കത്ത്

വിവാഹ ക്ഷണക്കത്തിൽ വ്യത്യസ്ത പരീക്ഷിക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. കാർഡുകൾ ആഡംബരമാക്കാനാണ് പലരും മുന്നിട്ടിറങ്ങുന്നത്. ഇവരിൽ നിന്ന് വ്യത്യസ്തമാവുകയാണ് മലപ്പുറം ജില്ലയിലെ താനൂര്‍ നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായ വി.അബ്ദുറഹമാൻ. മകളുടെ വിവാഹ ക്ഷണക്കത്തിലൂടെ പ്രകൃതി സ്നേഹത്തിന്റെ വിത്തു വിതയ്ക്കുകയാണ് അദ്ദേഹം. ക്ഷണക്കത്തിനൊപ്പം ചെടികളുടെ വിത്തും കൂടി നൽകിയാണ് അദ്ദേഹം വ്യത്യസ്തനാകുന്നത്. 

മകള്‍ റിസ്വാന ഷെറിന്റെ വിവാഹക്ഷണക്കത്ത് റീസൈക്കിള്‍ഡ് കടലാസിലാണ് തയാറാക്കിയിരിക്കുന്നത്. ഈ ക്ഷണക്കത്ത് വെള്ളത്തിലിട്ടാല്‍ വിത്തുകള്‍ ലഭ്യമാകും. വിത്ത് നടുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ക്ഷണക്കത്തിലുണ്ട്. പൂക്കളുടെയും ഔഷധ സസ്യങ്ങളുടെയും വിത്തുകളാണ് വിവാഹക്ഷണക്കത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. 

കാർഡ് മണ്ണിലേക്ക് വലിച്ചെറിഞ്ഞാലും മുളയ്ക്കുമെന്നു സാരം. ഞായറാഴ്ചയാണ് നിക്കാഹ് നിശ്ചയിരിക്കുന്നത്. ബംഗളൂരുവിലുള്ള ഒരു സുഹൃത്താണ് വിത്തുക്കള്‍ വിവാഹ ക്ഷണക്കത്തില്‍ നിക്ഷേപിക്കുന്നതിനുള്ള ആശയം മുന്നോട്ടുവച്ചത്. ഇത് ഇഷ്ടപ്പെട്ട എംഎല്‍എ അത് പരീക്ഷിക്കുകയായിരുന്നു.