ആ വിളി മോഹന്‍ലാല്‍ കേട്ടു; വേദനകള്‍ക്കിടെ കുഞ്ഞ് അഭിക്ക് ആശ്വാസം

abhi-lal
SHARE

അകലെ നിന്നൊരു ദേവദൂതൻ പകരുന്ന വെളിച്ചത്തിന് ഇനി നല്ല തെളിച്ചമായിരിക്കും എന്ന് ഉറപ്പിക്കാം. സോഷ്യൽ ലോകത്തിന്റെ കണ്ണീരായ അഭിജിത്തിനെ  കാണാൻ അവന്റെ ലാലേട്ടൻ എത്തും . സോഷ്യൽ ലോകത്ത് വൈറലായ ആ കുഞ്ഞിന്റെ ആരാധനയിൽ മലയാളത്തിന്റെ മഹാനടനും അലിഞ്ഞു. അഭിജിത്തിനെ കാണാൻ അദ്ദേഹം എത്തുമെന്ന് മോഹൻലാലിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചതായി അഭിജിത്തിന്റെ അച്ഛൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. ഇന്നലെ അഭിയുടെ ആഗ്രഹത്തെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം മനസ് തുറന്നിരുന്നു. വാർത്ത വന്നതിന് ശേഷം ഒട്ടേറെ പേർ വിളിച്ചിരുന്നെന്നും സഹായം വാഗ്ദാനം ചെയ്തെന്നും അച്ഛൻ വിജയകുമാരൻ പിള്ള പറഞ്ഞു.

നാളെ വേണെങ്കിൽ നാളെ. ആ വാക്കാണ് അദ്ദേഹം പറഞ്ഞത് മോഹൻലാൽ കൊച്ചിയിലാണ്. നാളെ അഭിയെ ഡയാലിസിസിന് കൊണ്ടുപോകേണ്ടത് കൊണ്ട് കൊച്ചിയിൽ പോയി അദ്ദേഹത്തെ കാണാൻ കഴിയില്ല. അടുത്ത മാസം ആദ്യവാരം അദ്ദേഹം തിരുവനന്തപുരത്ത് എത്തുമ്പോൾ അഭിജിത്തിന്റെ ആഗ്രഹം സാധിച്ചുകൊടുക്കാനാണ് അച്ഛന്റെ തീരുമാനം. ലാലേട്ടൻ കാണാൻ കഴിയുമെന്ന് സന്തോഷത്തിലാണ് കുഞ്ഞ് അഭിജിത്ത്. 

അഭിജിത്തിന്റെ ഇരു വൃക്കകളും തകരാറിലാണ്. വൃക്ക ദാനം ചെയ്യാൻ അച്ഛൻ തയാറാണ്. പക്ഷേ അതിന്റെ ഭീമമായ ചെലവ് താങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഇൗ കുടുംബം.15 ലക്ഷം രൂപയോളം വേണ്ടി വരും ഒാപ്പറേഷന്. വൃക്ക മാറ്റിവയ്ക്കുന്നതിന് മുൻപ് മൂത്രസഞ്ചിയ്ക്ക് ഒരു ഒാപ്പറേഷൻ ചെയ്യണം. അത് കഴിഞ്ഞ് മൂന്നുമാസങ്ങൾക്ക് ശേഷം വേണം വൃക്ക മാറ്റിവയ്ക്കാൻ. ഇതിനായി കോയമ്പത്തൂർ പോകണം. എന്നാൽ പണം ഇൗ അച്ഛന് മുന്നിൽ വലിയ പ്രതിസന്ധിയാണ്. 

രണ്ട് ആൺമക്കളാണ് വിജയകുമാരൻ പിള്ളയ്ക്ക്. ഇളയവനാണ് അഭിജിത്ത്. മൂത്ത മകൻ വർക്ക്ഷോപ്പിൽ ജോലിക്ക് പോകുകയാണ്. ഹോട്ടൽ തൊഴിലാളിയായ വിജയകുമാരൻ അഭിജിത്തിനെ നോക്കാൻ ജോലി ഉപേക്ഷിക്കേണ്ടി വന്നു. ജീവിതത്തിൽ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ഇൗ അച്ഛൻ ദൂരെ ഒരു വെളിച്ചം പ്രതീക്ഷിക്കുകയാണ്. മകന്റെ ജീവൻ രക്ഷിക്കുന്ന ദേവദൂതനെ അദ്ദേഹം ഒാരോ നിമിഷവും പ്രതീക്ഷിക്കുന്നു. 

ഈ അഭിയെ ലാലേട്ടൻ അറിയണം; അവന്റെ േവദനയും ആഗ്രഹവും : േനാവുകഥ 

സോഷ്യൽ മീഡിയകളിൽ അഭിജിത്തിന്റെ വലിയ ആഗ്രഹം ഒരുപാട് പേർ  പങ്കുവച്ചിരുന്നു. രോഗത്തെക്കുറിച്ച് പറയുമ്പോഴുള്ള തിളക്കം ആ കുഞ്ഞിൽ അവന്റെ ഇഷ്ടതാരത്തെ കുറിച്ച് പറയുമ്പോഴും ഉണ്ട്. അവന്റെ ചങ്കും ചങ്കിടിപ്പുമായ മോഹൻലാലിനെ നേരിൽ കാണണം എന്നല്ലാതെ മറ്റൊന്നും അവന് പറയാനില്ല. ചികിൽസയ്ക്ക് എത്ര പണം വേണമെന്നോ രോഗത്തിന്റെ ഗൗരവത്തെ കുറിച്ചോ  അവനറിയില്ല. അവന്റെ ലോകത്ത് അവന്റെ നിറമുള്ള സ്വപ്നങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലാലേട്ടനെ കാണണം ഒപ്പം നിന്ന് ചിത്രമെടുക്കണം. ഇത്ര ആഗ്രഹിച്ചിട്ടുള്ളൂ ഇൗ കുഞ്ഞ് ആരാധകൻ. അത് എത്രയും വേഗം സാധിച്ചുകൊടുക്കാനുള്ള തയാറെടുപ്പിലായിരുന്നു മോഹൻലാൽ ഫാൻസും. ഇനി ദിവസങ്ങളുടെ നീളം മാത്രം അഭിയ്ക്ക് അവന്റെ ഇഷ്ടതാരത്തെ കാണാൻ.

MORE IN SPOTLIGHT
SHOW MORE