ജനകോടികളുടെ വിശ്വസ്ത സ്ഥാപനം; മുതലാളി തന്നെ പരസ്യം പറഞ്ഞതിന് പിന്നിൽ

കേരളം ഒന്നടങ്കം ഏറ്റെടുത്ത പരസ്യവാചക‌മാണ് ജനകോടികളുടെ വിശ്വസ്തസ്ഥാപനം എന്നത്. ഇത്രമാത്രം പ്രചാരം നേടിയ വാചകവും ശബ്ദവും വേറെയുണ്ടാകില്ല. സ്ഥാപന ഉടമയായ അറ്റ്‌ലസ് രാമചന്ദ്രൻ തന്നെയാണ് ഈ ശബ്ദത്തിനുടമ. സ്വയം പരസ്യവാചകം പറയാനുള്ള കാരണം വെളിപ്പെടുത്തുകയാണ് അദ്ദേഹം. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് അറ്റ്ലസ് രാമചന്ദ്രൻ മനസ്സ് തുറന്നത്. 

ആദ്യകാലത്ത് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ അലിയാർ ആയിരുന്നു അറ്റ്‌ലസ് ജ്വല്ലറിയുടെ പരസ്യശബ്ദം. ഒരിക്കർ മദ്രാസിൽ വെച്ച് പരസ്യവാചകം റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചു. എന്നാൽ അലിയാർക്ക് വരാനാില്ല. വിശ്വസ്ത സ്ഥാപനം– എന്ന് ശരിയായി ഉച്ചരിക്കാൻ അവിടെയാർക്കും കഴിഞ്ഞില്ല. അങ്ങനെയാണ് ഞാൻ അതിന് ശ്രമിക്കുന്നതും അതുമതിയെന്ന് എല്ലാവരും തീരുമാനിക്കുന്നതും. തീർത്തും യാദൃശ്ചികമായിരുന്നു എല്ലാം. 

ആ ശബ്ദത്തിന് ഏറെ നാൾ‌ കഴിഞ്ഞാണ് എൻറെ രൂപം കൂടി വന്നോട്ടെ എന്ന് പരസ്യസംവിധായകൻ തീരുമാനിക്കുന്നത്. ഭാര്യ ഇന്ദുവിന് ഒട്ടും താത്പര്യമില്ലായിരുന്നു. അങ്ങനെ അതും നടന്നു. 

പിന്നീട് ഹോളിഡേയ്സ് എന്ന സിനിമ സംവിധാനം ചെയ്തു. എന്നെ നയിക്കാൻ എന്നും ഒരു ശക്തി ഉണ്ടായിരുന്നു മുകളിൽ. ഇപ്പോഴും ആ ശക്തി എന്നെ കൈവിട്ടിട്ടില്ല. അതുകൊണ്ടും തിരിച്ചുവരും. 

രാമചന്ദ്രൻ എങ്ങനെ അറ്റ്‌ലസ് രാമചന്ദ്രൻ ആയി? 

ന്യൂഡൽഹിയിൽ കാനറാ ബാങ്ക് ജീവനക്കാരൻ ആയാണ് മതുക്കര മൂത്തേ‍ടത്ത് രാമചന്ദ്രന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് പ്രൊബേഷണറി ഓഫീസറായും അക്കൗണ്ടന്റായും മാനേജറായും ജോലി. നൂറിലധികം ബ്രാഞ്ചുകളുടെ അസിസ്റ്റന്റ് സൂപ്രണ്ട് ആയി ജോലി നോക്കുന്ന സമയത്താണ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് കുവൈത്തിന്റെ പരസ്യം ശ്രദ്ധയിൽപ്പെടുന്നതും 1974 മാര്‍ച്ചിൽ‌ അങ്ങ‌ോട്ടുപോകുന്നതും. 

കുവൈത്തിലെ ജീവിതത്തിനിടയിൽ ഒരിക്കൽ ഒരു ജ്വല്ലറിയുടെ മുന്നിൽ വലിയൊരു ക്യൂ കണ്ടു. കാര്യം തിരക്കിയപ്പോള്‍ സ്വർണത്തിന് വില കുറഞ്ഞു, അതുവാങ്ങാനെത്തിയവരുടെ ക്യൂ ആണെന്നറിഞ്ഞു. ജ്വല്ലറി ബിസിനസിലേക്ക് തിരിഞ്ഞാലോ എന്നാലോചിച്ചത് അപ്പോഴാണ്. 

പള്ളം മാധവൻ എന്ന സ്വർണപ്പണിക്കാരനിൽ നിന്നാണ് ബിസിനസ് കൂടുതൽ പഠിച്ചത്. ആദ്യമെല്ലാം അയാൾക്ക് ചെറിയ വൈമനസ്യം ആയിരുന്നു. പിന്നീട് ശരിയായി. തനിത്തങ്കത്തിൽ ചെമ്പോ വെള്ളിയോ പ്രത്യേക അനുപാതത്തിൽ ചേർത്ത് ആഭരണങ്ങൾ ഉണ്ടാക്കുന്നതിന്റെ ബാലപാഠം പറഞ്ഞുതന്നത് അയാളാണ്. കയ്യിലുള്ള സമ്പാദ്യം കൊണ്ട് രണ്ടുകിലോ സ്വർണം വാങ്ങി ആദ്യജ്വല്ലറി തുടങ്ങുന്നത് 1981 ഡിസംബറിൽ. 

പിന്നിടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കുവൈത്തിലെ വിജയം നൽകിയ ആത്മവിശ്വാസം മറ്റ് സ്ഥലങ്ങളിലേക്കും വ്യാപാരം വിപുലീകരിക്കാൻ പ്രേരിപ്പിച്ചു. അതിനിടയിൽ വൈശാലി സിനിമ നിർമിച്ചു. ആ പരിചയത്തിൽ നടി ഗീതയാണ് ദുബൈ ഷോറൂം ഉദ്ഘാടനത്തിന് എത്തിയത്. 

മലയാളികൾക്കെന്നും അറ്റ്‌ലസ് രാമചന്ദ്രനോട് സ്നേഹമാണ്. തിരിച്ചടികൾ തളർ‌ത്താത്ത ആത്മവിശ്വാസവുമായി അദ്ദേഹം തിരിച്ചുവരവിനൊരുങ്ങുകയാണ്.

കൂടുതൽ വായിക്കാൻ