അതിജീവനവും പോരാട്ടവും; സംഭവബഹുലം ജീവിതം; ആ പത്തരമാറ്റ് കഥ ഇങ്ങനെ

അതിജീവനത്തിന്‍റെയും പോരാട്ടത്തിന്‍റെയും പത്തരമാറ്റ് കഥ പറയും അറ്റ്ലസ് രാമചന്ദ്രന്‍റെ ജീവിതം. ബാങ്കറായി തുടങ്ങി ഗൾഫിലെ പ്രമുഖ വ്യവസായിയായുള്ള വളർച്ച ഏറെ പരീക്ഷണങ്ങളെ അതിജീവിച്ചായിരുന്നു. പിന്നീട് ബിസിനസ് തകർന്ന്, ജയിൽ ശിക്ഷ അനുഭവിച്ച് തിരിച്ചെത്തിയപ്പോഴും ആത്മവിശ്വാസമായിരുന്നു മുഖമുദ്ര. പുതിയ സംരംഭം തുടങ്ങാനിരിക്കെയാണ് നിനച്ചിരിക്കാതെ വിയോഗം.  

ഈ ഒറ്റ വാചകത്തിലൂടെ മലയാളിക്ക് സുപരിചിതനായ വ്യവസായിയാണ് അറ്റ്ലസ് രാമചന്ദ്രൻ . അതുവരെ കണ്ടുശീലിച്ച രീതിയിൽ നിന്ന് വ്യത്യസ്തമായ പരസ്യം അറ്റ്ലസ് രാമചന്ദ്രനെയും  അദ്ദേഹത്തിന്‍റെ ജ്വല്ലറിയേയും കൊച്ചുകുട്ടികൾക്ക് പോലും ചിരപരിചിതനാക്കി. തൃശൂർ മുല്ലശ്ശേരി മധുക്കര സ്വദേശി എന്ന  എം.എം.രാമചന്ദ്രൻ ബാങ്ക് ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഡൽഹിയിലും പിന്നീട് കുവൈത്തിലും ബാങ്കിൽ ജോലി ചെയ്തു. അറ്റ്ലസ് ഗ്രൂപ്പിന് തുടക്കമിട്ടത് കുവൈത്തിലാണ്. എന്നാൽ കുവൈത്ത് യുദ്ധം ബിസിനസിന് തിരിച്ചടിയായി. ഉണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ടു. അവിടെ നിന്ന് ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്നാണ്  ദുബായിയിൽ ഷോറൂം തുറന്നത്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല, . കുവൈത്തിലും സൌദി അറേബ്യയിലും കേരളത്തിലും ഷോറൂമുകൾ തുറന്നു.   ആരോഗ്യസേവന രംഗത്തും പിന്നാലെ സിനിമയിലും പ്രവർത്തിച്ചു.  ചന്ദ്രകാന്ത ഫിലിംസ് എന്ന ബാനറിൽ  വൈശാലി , സുകൃതം , ധനം , വാസ്തുഹാര തുടങ്ങി ഇരുപതിലേറെ ചിത്രങ്ങൾ നിർമിച്ചു. ഹോളിഡേയ്സ് എന്ന ചിത്രത്തിലൂടെ സംവിധാകനുമായി.  അറബിക്കഥ, ടു ഹരിഹർ നഗർ, മലബാർ വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിനിടെ  ബാങ്കിന് തിരിച്ചടയ്ക്കാനുണ്ടായിരുന്ന വായ്പ മുടങ്ങിയത് തിരിച്ചടിയായി.  350 കോടി ദിർഹം വരുമാനമുണ്ടായിരുന്ന സ്ഥാപനം തകർന്ന് അടിഞ്ഞു.  2015ൽ ദുബായിയിൽ ജയിലിലായി.  കേസ് ഒത്തുതീർപ്പാക്കി ജയിൽ മോചിതനായത് 33 മാസങ്ങൾക്ക് ശേഷം. അപ്പോഴേക്കും പടുത്തുയർത്തിയ സാമ്രാജ്യമെല്ലാം നഷ്ടപ്പെട്ടിരുന്നു.  രണ്ടുമാസം മുൻപാണ് എണ്‍പതാം പിറന്നാൾ ആഘോഷിച്ചത്. ജീവിത്തിലെ പ്രധാനസംഭവങ്ങളെ കോർത്തിണക്കി തയ്യാറാക്കിയ  ആൽബം സംഗീത സംവിധായകൻ എം.ജയചന്ദ്രനാണ്  പുറത്തിറക്കിയത്. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുള്ള ഊർജവുമായി പുതിയ സംരംഭം തുടങ്ങാനുള്ള ആലോചനയിലായിരുന്നു അദ്ദേഹം.  സംഭവബഹുലമായ ജീവിതകഥ പുസ്തകരൂപത്തിലാക്കുംമുൻപേയാണ് മടക്കം.