ഇവനാണവൻ; 10 ഭാഷകൾ ഹൃദിസ്ഥം, ആനന്ദ് മഹീന്ദ്രയെ ഞെട്ടിച്ച ബാലൻ

രണ്ടാഴ്ചകൾക്കു മുൻപായിരുന്നു അത്. ഗവേഷകനായ ഓസ്റ്റിന്‍ സ്കറിയ ആണ് ട്വിറ്ററിലൂടെ ആ വിഡിയോ പോസ്റ്റ് ചെയ്തത്. മുബൈ തെരുവുകളിൽ പല ഭാഷകളുപയോഗിച്ച് വിശറി വിറ്റിരുന്ന പത്തു വയസ്സുകാരൻ, പേര് രവി ചെകല്യ. ഓസ്റ്റിൻ ആ വിഡിയോയിൽ ആനന്ദ് മഹിന്ദ്രയെ ടാഗ് ചെയ്തു. ആ ഒരൊറ്റ ട്വീറ്റിനു മാത്രം 3000 ലൈക്കുകളും 700 റീട്വീറ്റുകളും ലഭിച്ചു. ഇത്തരത്തിൽ പല ആളുകളെയും കുറിച്ചുള്ള വിഡിയോ ആനന്ദ് മഹീന്ദ്ര സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ഇവരെപ്പറ്റി എന്തെങ്കിലുമറിയാവുന്നവർ അക്കാര്യം തന്നെ അറിയിക്കണമെന്നും പറയാറുണ്ട്. 

ഇംഗ്ലീഷ്, അറബിക്ക്, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകൾ അനായാസം രവി സംസാരിച്ചിരുന്നു. മുബൈയിലെത്തുന്ന വിദേശികളുമായി സംസാരിക്കാനും അവരെ ആകർഷിക്കാനുമായിരുന്നു ഈ ഭാഷകൾ അവൻ പഠിച്ചെടുത്തത്. കേവലം കൗതുകത്തിനുമപ്പുറം അവന് എങ്ങനെ വിദ്യാഭ്യാസം നൽകാം എന്ന ചിന്തയായിരുന്നു മഹീന്ദ്രക്ക്. എന്നാല്‍ ഇത് പഴയൊരു വിഡിയോ ആണെന്നും പയ്യൻ ഇപ്പോൾ വലുതായിട്ടുണ്ടാകുമെന്നും പലരും പറ‍ഞ്ഞു. 

ശേഷം എത്തിയത് ആനന്ദ് മഹീന്ദ്രയുടെ മറ്റൊരു ട്വീറ്റ്. ചിത്രത്തിൽ മഹീന്ദ്ര ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് ഷീതൽ മേഹ്തയോടൊപ്പമുള്ളത് പഴയ ആ രവി. പക്ഷേ ആ പത്തുവയസ്സുകാരൻ വലുതായി. വിവാഹിതനായി, ഭാര്യയും കുട്ടികളുമുള്ള ഗൃഹനാഥനായി. ഇപ്പോഴും അവൻ മുംബൈയിൽ ഭാഷകൾ കൊണ്ട് അമ്മാനമാടി വിശറികൾ വിൽക്കുന്നുണ്ട്. രവിയുടെ കഴിവുകളെ പ്രയോജനപ്പെടുത്തുന്ന വിധത്തിൽ പദ്ധതികൾ തയ്യാറാക്കുകയാണെന്ന് മഹീന്ദ്ര ‍ട്വീറ്റ് ചെയ്തിട്ടുണ്ട്.