മുടി വളരാന്‍ ‘സവാള’ മരുന്ന്; കാശുവേണ്ടാത്ത ചികില്‍സ, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

തലയിൽ മുടി കൊഴിയുന്നത് എല്ലാവരേയും അലട്ടുന്ന കാര്യമാണ്. മുടി തഴച്ചു വളരാൻ എന്തെങ്കിലും വഴിയുണ്ടോ എന്നാലോചിച്ച് നടക്കുന്നവരാണ് എല്ലാവരും. ഇപ്പോഴിതാ അവർക്കെല്ലാർക്കും ഒരു സന്തോഷ വാർത്ത. സമൂഹമാധ്യമങ്ങളിലാണ് നാടൻ മരുന്നിന്റെ ശക്തിയെക്കുറിച്ച് എല്ലാവരും വാചാലരാകുന്നത്. പരീക്ഷിക്കും മുന്‍പ് ആധികാരികത പരിശോധിക്കണം എന്നുറപ്പ്. 

നമ്മുടെ അടുക്കളകളിൽ സുലഭമായ സവാളയാണ് മുടി വളർത്തുന്ന മജീഷ്യൻ. മുടി കൊഴിഞ്ഞ് നെറ്റി കയറിയ ചിലർ പരീക്ഷണാർഥം സവാളയുടെ നീര് തലയിൽ തേച്ചു പിടിപ്പിച്ചു. ആഴ്ചകൾ കഴി‍ഞ്ഞപ്പോഴേക്കും പുതിയ മുടിയിഴകൾ വളർന്നു തുടങ്ങി. നാല് മാസം തുടർച്ചയായി സവാള ചികിത്സ നടത്തിയപ്പോഴേക്കും ചീകി വയ്ക്കാൻ മാത്രമുള്ള മുടി വളർന്ന കഥയാണ് സോഷ്യൽ മീഡിയ ചർച്ചയിൽ അനുഭവസ്ഥർ പങ്കുവയ്ക്കുന്നത്.

മരുന്നിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് ആധി പിടിക്കേണ്ട എന്നതാണ് ഇതിലേക്ക് ആളുകളെ അടുപ്പിക്കുന്നത്. നമ്മുടെ വീട്ടിൽ ലഭ്യമായ സവാളയിൽ നിന്നുള്ള മരുന്ന് തയ്യാറാക്കാനും എളുപ്പമാണ്. മരുന്നിന്റെ കൂട്ടുകളെക്കുറിച്ചുള്ള ആധിയില്ല, തയാറാക്കാനുള്ള തത്രപ്പാടില്ല. സംഭവം നാടനാണ്. 

‘സവാള മരുന്ന്’ തയ്യാറാക്കുന്ന വിധം: വലിയ ചുവന്ന ഉള്ളി (സവാള) മിക്സിയിൽ അടിച്ച് ജ്യൂസ് പരുവത്തിലാക്കുക. എന്നിട്ട് അതിന്റെ നീര് മാത്രം അരിച്ചെടുക്കുക. ദിവസവും ഇരുപതു മിനിറ്റ് നേരത്തേക്കെങ്കിലും തലയിൽ നന്നായി മസാജ് ചെയ്ത് പിടിപ്പിക്കുക. ഇതിനു ശേഷം കഴുകിക്കളയാം. ഏതായാലും ഈ മരുന്ന് പരീക്ഷിക്കുന്നവര്‍ ഇത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്നുറപ്പ്. സമൂഹ മാധ്യമങ്ങളില്‍ ഇക്കാര്യം പങ്കിടുന്നവരും നല്‍കുന്ന മുന്നറിയിപ്പ് അതുതന്നെ.