കാന്‍സര്‍ ഇല്ലാത്തവര്‍ക്ക് പോലും കീമോതെറാപ്പി; ഡോക്ടര്‍ സമ്പാദിച്ചത് ജെറ്റ് വിമാനങ്ങള്‍

ചികില്‍സ തേടിയെത്തുന്ന രോഗികളെ കബളിപ്പിച്ച് അമേരിക്കയിലെ ടെക്‌സാസിലെ ഡോക്ടറായ ജോര്‍ജ് സമോറ സമ്പാദിച്ചത് കോടികള്‍. രോഗികളായി എത്തുന്നവര്‍ക്ക് അനാവശ്യ മരുന്നുകളും ചികിത്സകളും നടത്തിയാണ് ഇയാള്‍ പണം ഉണ്ടാക്കിയത്. കാന്‍സര്‍ ഇല്ലാത്തവര്‍ക്ക് പോലും കീമോ തെറാപ്പി നിര്‍ദ്ദേശിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരത്തില്‍ ഇയാള്‍  ജെറ്റ് വിമാനങ്ങളും ആഡംബര വാഹനങ്ങളും സ്വന്തമാക്കി.

ആറു സീറ്റുകളുള്ള ബിസിനസ് ജെറ്റ് വിമാനം, ആഡംബര വാഹനങ്ങള്‍, വിവിധ നഗരങ്ങളിലായി വീടുകളും വില്ലകളും തുടങ്ങി കോടികളുടെ സമ്പാദ്യമാണ് ജോര്‍ജിനുള്ളത്. എന്നാല്‍ ഇതൊക്കെ അന്യായമായി മരുന്ന് കുറിച്ച് നല്‍കിയതിലൂടെയുള്ള കമ്മിഷന്‍ വഴി സ്വന്തമാക്കിയതാണെന്നാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോള്‍ കണ്ടെത്തിയത്. ഇത്തരത്തില്‍  240 മില്ല്യണ്‍ ഡോളറിന്റെ തട്ടിപ്പാണ് ഇയാള്‍ നടത്തിയിരിക്കുന്നത്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കസ്റ്റഡിയിലുള്ള ഡോക്ടറിനെ ജൂലൈ 2ന് കോടതിയില്‍ ഹാജരാക്കും.