കൈതച്ചാമുണ്ടി രണ്ടുപേരെ വെട്ടിയ വിഡിയോ: ആ തെയ്യം കെട്ടിയ ബൈജുവിന് പറയാനുള്ളത്

byju-chembra
SHARE

കണ്ണൂർ ഇരിട്ടി തില്ലങ്കേരി പാടിക്കച്ചാല്‍ ഈയങ്കോട് വയല്‍ത്തിറ മഹോത്സവത്തിനിടെ കൈതച്ചാമുണ്ടി തെയ്യം രണ്ടുപേരെ വെട്ടിപരുകേൽപ്പിച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദൈവം അക്രമാസക്തനായി, ദൈവം വാളോങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്ന നിലയിലാണ് സമൂഹമാധ്യമത്തിലെ വിഡിയോ പ്രചരിക്കുന്നത്. കൈതച്ചാമുണ്ടിയായി തെയ്യം കെട്ടിയ ചേമ്പ്രബൈജു മദ്യലഹരിയിലായിരുന്നുവെന്നും പറയുന്നു. ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിട്ടുണ്ട്. യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ബൈജു മനോരമന്യൂസ് ഡോട്ട്കോമിനോട് പറയുന്നു. 

ബൈജുവിന്റെ വാക്കുകൾ: 

ഉത്തരകേരളത്തിലുള്ളവർക്ക് തെയ്യം ജീവിതത്തിന്റെ ഭാഗം കൂടിയാണ്. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യംകെട്ടുന്നയാളെ ദൈവത്തിന്റെ പ്രതിപുരുഷനായിട്ടാണ് കാണുന്നത്. പലതരം തെയ്യങ്ങളിൽ ഒന്നാണ് കൈതച്ചാമുണ്ടി. ഉഗ്ര സ്വഭാവമുള്ള ദേവരൂപമാണ്‌ കൈതച്ചാമുണ്ടി. ഭക്തജനങ്ങള്‍ ഭയഭക്തിഭീതിയോടെ ആസ്വദിക്കുന്ന ഒന്നാണത്. 

തെയ്യം തുടങ്ങുമ്പോൾ തന്നെ ക്ഷേത്ര അധികാരികൾ ചാമുണ്ടിയുടെ മുമ്പിൽ പോകരുതെന്ന് അനൗൺസ് ചെയ്യാറുണ്ട്. അസുരന്മാരെ കാളി നിഗ്രഹിക്കുന്നു എന്ന സങ്കൽപ്പത്തിലാണ് ക്ഷേത്രത്തിൽ നിന്നിറങ്ങിയ തെയ്യം ഉഗ്രരൂപത്തിൽ കൈതക്കാടുകൾ വെട്ടിയെടുക്കുന്നത്. കൈതവെട്ടുന്നത് കൊണ്ടാണ് ഈ തെയ്യത്തെ കൈതച്ചാമുണ്ടിയെന്ന് വിളിക്കുന്നത്. 

തെയ്യകോലം കെട്ടലിന്റെ ഭാഗമായിട്ടുമാത്രമാണ് ഞാൻ മദ്യം കഴിക്കുന്നത്. അല്ലാതെ കഴിക്കാറില്ല. കൈതവെട്ടി ഗ്രാമത്തിലൂടെ ഓടുന്നസമയത്ത് ഞാൻ ബൈജുവല്ല, ദൈവചാമുണ്ടിയാണ്. ആ ചാമുണ്ടിയ്ക്ക് മുന്നിൽപ്പെടുന്നവരെല്ലാം അസുരന്മാരാണ്. ചാമുണ്ടിയായി മാറുന്ന സമയത്ത് എന്താണ് ചെയ്യുന്നത് പറയാനാവില്ല. അക്രമകാരിയായ രൂപമാണത്. അങ്ങനെയാവാം അവർക്കുനേരെ വാളോങ്ങിയത്. അല്ലാതെ മനപൂർവ്വം ഞാൻ ആരെയും മുറിവേൽപ്പിക്കാനായി വാളോങ്ങില്ല. 

ഒരു തെയ്യംകലാകാരന്‍ മുഖത്തെഴുത്ത്‌ നടക്കുമ്പോള്‍തന്നെ പതിയെ ദൈവഗണത്തിലേക്ക്‌ പരകായപവേശനം തുടങ്ങുന്നു എന്നാണ് വിശ്വാസം.മുഖത്തെഴു

ത്ത്‌ കഴിഞ്ഞ്‌ ഗുരുക്കന്മാരുടെ അനുഗ്രഹത്തോടെ തലപ്പാളി വരിഞ്ഞുകെട്ടി കുത്തുവിളക്കിന്റെ അകമ്പടിയോടെ അരങ്ങിലെത്തുന്നു. തോറ്റത്തിനൊപ്പം ആടയാഭരണങ്ങള്‍ അണിയുന്നതോടുകൂടി കോലധാരി മനുഷ്യനിൽ നിന്നും ദൈവികത്വം കൈവരിക്കുന്നു എന്നുള്ളതാണ് തെയ്യത്തിന്റെ സങ്കൽപ്പം.

അതോടെ ദൈവത്തിന്റെ പ്രതിപുരുഷനായ തെയ്യം ഉറഞ്ഞുതുള്ളിക്കൊണ്ട് കൈതവെട്ടാൻ പോകും. അതിനുശേഷം വാളോങ്ങി അസുരനിഗ്രഹത്തിന് ശേഷം കലിയടങ്ങാതെ ഗ്രാമത്തിലൂടെ ഓടും. ഇങ്ങനെ ഓടുന്ന തെയ്യത്തെ വിളക്കുവെച്ച് ഗ്രാമവാസികൾ വണങ്ങും. ഓട്ടം ചെന്നുനിൽക്കുന്നത് കാവിലാണ്. അവിടെവച്ച് ജീവനോടെ പൂവന്‍ കോഴിയെ മലർ കൂട്ടി കള്ളിന്റെ അകമ്പടിയോടെ സേവിക്കുന്നത്തോടെ കൈതചാമുണ്ഡി അബോധാവസ്ഥയില്‍ മറിഞ്ഞ് വീഴും. തെയ്യം തുടങ്ങുന്നതിന് മുമ്പും അണിയറയിൽവച്ച് നാടൻ ചാരായം സേവിക്കും. ചാരായവും മത്സ്യമാംസാധികളും കഴിക്കാതെ കഠിനവ്രതത്തോടെ കെട്ടുന്ന തെയ്യവുമുണ്ട്. കൈതചാമുണ്ടി ശിവന്റെയും ശക്തിയുടെയും ശക്തികൾ കൂടി ചേർന്നതാണ്. അത് മദ്യംസേവിക്കുന്ന രൂപമാണ്. 

ഞാൻ വെട്ടിപരുകേൽപ്പിച്ചു എന്നു പറയുന്നവർക്കും പൊലീസുകാർക്കും എല്ലാം ഈ അനുഷ്ഠാനം എന്താണെന്ന് അറിയാം. വെട്ടുകൊണ്ടവർ പറഞ്ഞത് ദൈവമാണ് വെട്ടിയത്, ദൈവം ചെയ്തതല്ലേ പരാതിയില്ല എന്നാണ്. അതുകൊണ്ടാണ് കസ്റ്റഡിയിലെടുത്തുവിട്ടത്. ഇതിന്റെ പേരിലുള്ള വിവാദങ്ങൾ തികച്ചും രാഷ്ട്രീയപരമാണ്.  രാഷ്ട്രീയവൈരാഗ്യത്തിന് എന്നെ കരുവാക്കുന്നതാണ്. ഇത്തരം പരാമർശങ്ങൾ എന്റെ ഭാവികൂടി തകർക്കുന്നത്. തെയ്യം എന്താണെന്ന് അറിയാമായിരുന്നെങ്കിൽ ഇങ്ങനെയൊരു വാർത്ത ആരും പ്രചരിപ്പിക്കില്ലായിരുന്നു. 

MORE IN SPOTLIGHT
SHOW MORE