കഠ്‌വയില്‍ മറഞ്ഞിരിക്കുന്നത്; മാനഭംഗത്തില്‍ മതം കാണുന്ന ഇന്ത്യ

അന്യമതക്കാരിയായ സ്ത്രീയെ/പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയാല്‍  താന്‍ നേരെ സ്വര്‍ഗത്തിലെത്തും എന്ന് വിശ്വസിക്കുന്നവര്‍. കഠ്‌വയില്‍ ബകര്‍വാള്‍ എന്ന മുസ്‌ലിം വിഭാഗത്തെ ഇല്ലാതാക്കാന്‍, അല്ലെങ്കില്‍ നാടുകടത്താന്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ മാനഭംഗം ചെയ്ത് കൊല്ലുക. അതും ക്ഷേത്രത്തിനുള്ളില്‍വച്ച്. ഇന്ത്യയിലും ആപല്‍‌ക്കരമായി വേരുപിടിക്കുന്ന പുതിയ ചിന്താബോധത്തെപ്പറ്റി നിഷാ പുരുഷോത്തമന്‍ എഴുതുന്നു

ലോകത്ത്  എവിടെയും  ഒരു പ്രത്യേകവിഭാഗത്തെ ഉന്‍മൂലനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എക്കാലവും ഉപയോഗിക്കുന്ന ആയുധമാണ് മാനഭംഗം. ഏറ്റവും ഹീനമായ ആയുധവും അതുതന്നെ. നമ്മുടെ രാജ്യത്തും അത് സംഭവിച്ചിരിക്കുന്നു എന്നതാണ് കഠ്്വ സംഭവത്തില്‍ ആശങ്കപ്പെടുത്തുന്നത്. മനുഷ്യനല്ല, മതമാണ് ഇക്കൂട്ടര്‍ക്ക് മുഖ്യം. 

മനുഷ്യന്‍ സര്‍വതും മറക്കുന്ന മതസംഘര്‍ഷങ്ങളില്‍ എളുപ്പത്തില്‍ ലഭിക്കുന്ന ഇരയാണ് സ്ത്രീ. അന്യമതക്കാരിയായ സ്ത്രീയെ/പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയാല്‍  താന്‍ നേരെ സ്വര്‍ഗത്തിലെത്തും എന്ന് വിശ്വസിക്കുന്നവര്‍. കഠ്്വയില്‍ ബകര്‍വാള്‍ എന്ന മുസ്്ലിം വിഭാഗത്തെ ഇല്ലാതാക്കാന്‍, അല്ലെങ്കില്‍ നാടുകടത്താന്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ മാനഭംഗം ചെയ്ത് കൊല്ലുക. അതും ക്ഷേത്രത്തിനുള്ളില്‍വച്ച്. 

സമകാലിക ലോകത്ത് ഇസ്്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അഴിഞ്ഞാടിയ സിറിയയിലും ഇറാഖിലും നിന്നാണ് ഇത്തരം സംഭവങ്ങള്‍ നാം കേട്ടത്. യസീദി മതത്തില്‍ ജനിച്ചതിന്‍റെ പേരില്‍ ഇസ്്ലാമിക് സ്റ്റേറ്റ് പിടിച്ചുകൊണ്ടുപോയി മാനഭംഗം ചെയ്ത് കൊന്ന പെണ്‍കുട്ടികളുടെ കഥ ലോകത്തെ ഞെട്ടിച്ചതാണ്. എങ്ങനെയാണ് മതത്തിന്‍റെ പേരില്‍ താന്‍ പീഡിപ്പിക്കപ്പെട്ടതെന്ന് 'ദ ലാസ്റ്റ് ഗേള്‍ 'എന്ന പുസ്തകത്തില്‍ നാദിയ മുറാദ് എന്ന യസീദി പെണ്‍കുട്ടി വിവരിക്കുന്നു. ഇസ്്ലാമിക മതരാഷ്ട്രം സ്ഥാപിക്കാന്‍ യസീദികളെയും ക്രിസ്ത്യാനികളെയും ഇല്ലാതാക്കുകയോ മതപരിവര്‍ത്തനം നടത്തുകയോ വേണമെന്നായിരുന്നു ഐഎസ് ഭീകരരുടെ തീരുമാനം. വംശഹത്യ ലക്ഷ്യമിട്ടെത്തിയവര്‍ കൊച്ചുപെണ്‍കുട്ടികളെയടക്കം കടത്തിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി. യസീദി പെണ്‍കുട്ടികളെ അടിമച്ചന്തയില്‍ വിറ്റഴിച്ച ഭീകരര്‍ ഇതെല്ലാം ദൈവത്തിന് പ്രീതികരമെന്നാണ് സ്വമതസ്തരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്. 

നാദിയാ മുറാദ്, കൊടിയ പീഡനങ്ങള്‍ നേരിട്ട യസീദി പെണ്‍കുട്ടി

1992ലെ ബോസ്നിയന്‍ യുദ്ധകാലം.  സ്‌ലോബദൻ മിലോസെവിച്ചിന്‍റെ സേന ബോസ്്നിയ ഹെസ്ഗോവ്്ന ആക്രമിച്ചതും വംശീയ ഉന്‍മൂലനം ലക്ഷ്യമിട്ടായിരുന്നു. 43 ശതമാനം വരുന്ന മുസ്്ലിംകളെയും 17 ശതമാനം വരുന്ന ക്രൊയേഷ്യന്‍സിനെയും ഉന്‍മൂലനം ചെയ്തോ വിരട്ടിയോടിച്ചോ സെര്‍ബുകളുടേതു മാത്രമായ രാഷ്ട്രമുണ്ടാക്കുക. സെര്‍ബുകളല്ലാത്ത സ്ത്രീകളെ മാനഭംഗപ്പെടുത്തുക എന്നത് സെര്‍ബ് രാജ്യസ്ഥാപനത്തിനുള്ള നയപരിപാടികളില്‍ ഒന്നായിരുന്നു. വേഗത്തില്‍ ഫലം കാണുന്ന ഒരു യുദ്ധതന്ത്രമായി മിലോസെവിച്ച് ഇതിന കണ്ടു. ഒരു ഗ്രാമത്തിലെ രണ്ടോ മൂന്നോ സ്ത്രീകള്‍ മാനഭംഗത്തിനിരയായി എന്ന വിവരം പുറത്തുവരുമ്പോള്‍ തന്നെ മറ്റുള്ളവര്‍ കൂട്ടത്തോടെ പലായനം ചെയ്യും. പലപ്പോഴും പരസ്യമായിരുന്നു മാനഭംഗം. ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട് കണ്‍മുന്നില്‍ ഭാര്യയെ മാനഭംഗപ്പെടുത്തുക. അപമാനഭാരത്താല്‍ പാതി ചത്ത മനുഷ്യര്‍ ഏറ്റുമുട്ടലിന് നില്‍ക്കില്ല.  

മൃതദേഹത്തോടും ക്രൂരത: ഗ്രാമവാസികള്‍ എതിര്‍ത്തു; കഠ്‌വ ബാലികയുടെ മൃതദേഹം അടക്കിയത് 8 കി.മീ അകലെ

ബോസ്്നിയന്‍ സംഘര്‍ഷത്തെക്കുറിച്ച് പഠിച്ച യൂറോപ്യന്‍ അന്വേഷണസമിതി റിപ്പോര്‍ട്ട് ഇങ്ങനെ രേഖപ്പെടുത്തുന്നു: "ഒരു സമുദായത്തെയാകെ ഭയപ്പെടുത്താനും അപമാനിക്കാനും ബോധപൂര്‍വം മാനഭംഗങ്ങള്‍ നടത്തി. ആ ജനതയെ ആകെ  പ്രദേശത്തുനിന്ന് ഒാടിക്കുകയായാിരുന്നു അക്രമികളുടെ ലക്ഷ്യം."

കഠ്‌വ പെണ്‍കുട്ടിയുടെ മൃതദേഹം അടക്കിയത് ഇവിടെ, ഗ്രാമത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ. ഗ്രാമവാസികള്‍ എതിര്‍ത്തതോടെയാണ് സ്വന്തം നാട്ടില്‍ അടക്കാന്‍ കഴിയാഞ്ഞത്

കശ്‍മീരില്‍ ബകര്‍വാല്‍ സമുദായത്തെ ഒാടിക്കേണ്ടത് തങ്ങളുടെ നിലനില്‍പിന് അനിവാര്യമെന്ന് വിശ്വസിച്ചവരാണ് എട്ടുവയസുകാരിയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയത്. ബകര്‍വാലുകളെ പേടിപ്പിച്ച് ഒാടിക്കുക എന്നതായിരുന്നു ബ്രാഹ്്മണരായ  (ഡോഗ്ര) സാഞ്ചിറാമിന്‍റെയും കൂട്ടുകാരുടെയും ലക്ഷ്യം.  പ്രതികളെ സംരക്ഷിക്കാന്‍ രംഗത്തിറങ്ങുന്നത് ആരാണ് ? ഹിന്ദു ജാഗരണ്‍ മഞ്ച്. അവരെ പിന്തുണച്ച് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ മന്ത്രിമാരടക്കമുള്ള പ്രതിനിധികളും. സംഘര്‍ഷങ്ങളില്‍ പ്രതികാരമാര്‍ഗമായി സ്ത്രീ ശരീരം ഉപയോഗിക്കപ്പെടുമ്പോള്‍ സര്‍ക്കാരുകള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് മുഖ്യവിഷയം. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സമ്മതിക്കാതെയും ഇരയുടെ അഭിഭാഷകയെ കോടതിയില്‍ കയറ്റാതെയും വിലക്കിയ അഭിഭാഷകസമൂഹവും ഈ കൊടുംപാതകത്തില്‍ പങ്കാളികളായി. 

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒാഫ് കോംഗോയില്‍ സര്‍ക്കാര്‍  കണ്ണടച്ചതിനെ തുടര്‍ന്ന് ഏഴു ലക്ഷത്തിലധികം സ്ത്രീകളാണ് ആഭ്യന്തരസംഘര്‍ഷത്തിനിടെ മാനഭംഗം ചെയ്യപ്പെട്ടത്.  കഠ്്വയില്‍   കുട്ടിയെ മാനഭംഗപ്പെടുത്തിയത് പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥനും ചേര്‍ന്നാണ്.  കേസൊതുക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുകയും ചെയ്തു. ഇവരെല്ലാം ഈ വംശീയവിദ്വേഷത്തില്‍ പങ്കാളികളാണ്.  ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും നൈജീരിയയിലുമെല്ലാം  സൈനികര്‍ മാനഭംഗം ചെയ്യുന്ന സ്ത്രീകളും പകപോക്കലിന്‍റെ ഉപകരണങ്ങള്‍ തന്നെ. 

സമുദായങ്ങള്‍ തമ്മിലോ രാജ്യങ്ങള്‍ തമ്മിലോ ആകട്ടെ, സംഘര്‍ഷം പെണ്ണിന്‍റെ മാനം ആയുധമാക്കുന്നത്  പരിഷ്കൃത സമൂഹത്തിന് ആകെ അപമാനമാണ്.  അന്യസമുദായക്കാരി മാനഭംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടേണ്ടവളാണെന്ന സന്ദേശം പുതുതലമുറയ്ക്കു കൂടി കൈമാറുന്നു. പ്രായപൂര്‍ത്തിയാവാത്ത പയ്യനും അവന്‍റെ സുഹൃത്തുക്കളും കഠ്്വയിലെ ഈ വംശീയക്രൂരതയില്‍ ഭാഗഭാക്കാകുന്നു.  നമ്മുടെ രാജ്യം ഏതുദിശയിലാണ് നയിക്കപ്പെടുന്നത് ?

കഠ്്വയിലെ പെണ്‍കുഞ്ഞിന്‍റെ ഘാതകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചവര്‍ മലയാളനാട്ടിലുമുണ്ടായി എന്നോര്‍ക്കുക. നാളെ നമ്മുടെ നാട്ടിലും, വിവിധവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടായാല്‍ തൊട്ടടുത്തിരിക്കുന്ന സുഹൃത്തിനെ, അയല്‍പക്കത്തെ പെണ്‍കുട്ടിയെ, അവളുടെ മതം  നോക്കി മാനഭംഗപ്പെടുത്താന്‍ ഇക്കൂട്ടര്‍ മടിക്കുമോ‌..? പരാക്രമം സ്ത്രീയോടല്ല വേണ്ടൂ എന്നാണ് മതനേതാക്കള്‍ അനുയായികളെ ആദ്യം പഠിപ്പിക്കേണ്ടത്. ഈശ്വരന് ലിംഗഭേദമില്ല. മാനഭംഗത്തിന് മതവുമില്ല.