മനുഷ്യര്‍ ജീവിക്കുന്ന 'സുഡാനി’; നെഞ്ചിന്‍കൂട് കഴുകിയെടുത്ത സിനിമ

Sudani
SHARE

പട്ടിണിക്കും ഒരേ അര്‍ത്ഥവും ഭാഷയുമേയുള്ളൂ. അതുകൊണ്ടാണ് ‘അനക്കു വിശക്കുന്നുണ്ടോ മോനേ’യെന്ന് മജിയുടെ പാവം ഉമ്മ മലയാളമറിയാത്ത സുഡുവിനോട് ചോദിക്കുന്നത്. അവിലും പഴവും കൊണ്ട് അവനെ ഊട്ടുന്നത്... അവന്‍റെ  പനിക്ക് കാവലിരിക്കുന്നത്. മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഡെന്‍സില്‍ ആന്‍റണി ഒരു സിനിമ കണ്ട അനുഭവമെഴുതുന്നു

ലോകം നന്മനിറഞ്ഞ മനുഷ്യരുടേതുകൂടിയാണ് എന്ന് ഓര്‍‌മിപ്പിക്കുന്ന ഒരു സിനിമ, സുഡാനി ഫ്രം നൈജീരിയ. ഒരു സിനിമ കാണുമ്പോള്‍, കഥയോ കവിതയോ വായിക്കുമ്പോള്‍, പാട്ടുകേള്‍ക്കുമ്പോള്‍ മനസ്സൊന്നു കഴുകിയെടുത്തതു പോലെ തോന്നണം. കളങ്കമില്ലാത്ത ചിരികൊണ്ടും കണ്ണീരുകൊണ്ടും ഈ സുഡാനി നെഞ്ചിന്‍കൂടിനെ കഴുകിയെടുക്കുന്നു. 

മജി എന്ന് ഇഷ്ടമുള്ളോരു വിളിക്കുന്ന മജീദ് എന്ന ചെറുപ്പക്കാരന്‍റെ ജീവിതത്തിനുചുറ്റുമാണ് ആദ്യം പടം  തുടങ്ങുന്നത്. ഇഴപിരിച്ചെടുക്കാന്‍ കഴിയാത്തവിധം ഫുട്ബോളുമായി പിണഞ്ഞുപോയതാണ് അയാളുടെ ജീവിതം. സെവന്‍സ് ഗാലറികളിലെ ആരവങ്ങളാണ് അയാളുടെ പ്രാണവായു. സൗബിന്‍ ഷാഹിര്‍ അനായാസ സുന്ദരമായി ഈ വേഷം ചെയ്തിട്ടുണ്ട്.  

സെവന്‍സ് കളിക്കാന്‍ മലപ്പുറത്തെത്തുന്ന നൈജീരിയക്കാരന്‍ സാമുവല്‍, മജീദിന്‍റെയും കൂട്ടുകാരുടെയും ‘സുഡു’വായി മാറുന്നു.  ഒരു അപകടത്തില്‍ സുഡുവിന്‍റെ കാലൊടിയുന്നതുവരെ  ചിരിച്ചും കളിച്ചുമാണ് സിനിമ മുന്നേറുന്നത്. സുഡു നേരിടുന്ന പ്രതിസന്ധികള്‍ പറഞ്ഞുതുടങ്ങുന്നേടത്താണ് നമുക്കു മനസ്സിലാകുന്നത്, സംവിധായകന്‍ സക്കറിയ, നമ്മെ കൈപിടിച്ചു കൊണ്ടുപോകുന്നത് കൂടുതല്‍ ഗൗരവമുള്ള ജീവിതപ്രതലങ്ങളിലേക്കാണ് എന്ന്.   

sudani-from-nigeria1

ചിരിക്കും സ്നേഹത്തിനും കരുണയ്ക്കും ദുനിയാവിലെങ്ങും ഒരേ ഉപ്പും മധുരവുമാണ്. സങ്കടങ്ങള്‍ക്ക് ലോകമെങ്ങും ഒരേ കനമാണ്.  കലാപങ്ങളോടും യുദ്ധങ്ങളോടും ഒരേ പേടിയാണ്. പട്ടിണിക്ക് ഒരേ അര്‍ത്ഥവും ഭാഷയുമേയുള്ളൂ. അതുകൊണ്ടാണ് ‘അനക്കു വിശക്കുന്നുണ്ടോ മോനേ’യെന്ന് മജിയുടെ പാവം ഉമ്മ മലയാളമറിയാത്ത സുഡുവിനോട് ചോദിക്കുന്നത്. അവിലും പഴവും കൊണ്ട് അവനെ ഊട്ടുന്നത്... അവന്‍റെ  പനിക്ക് കാവലിരിക്കുന്നത്.

ഇടയ്ക്കുപറയട്ടെ, സിനിമയിലെ ആ രണ്ട് ഉമ്മമാരുണ്ടല്ലോ,  എന്തൊരു പച്ച മനുഷ്യരാണവര്‍. എത്ര സ്വാഭാവികമായാണ് അവരാ കഥാപാത്രങ്ങളായത്.!! സുഡുവിന്‍റെ ജീവിതം പറഞ്ഞ്, സിനിമ കാണാനിരിക്കുന്നവരുടെ രസംകൊല്ലുന്നില്ല. ലോകത്തെവിെടയും കൊണ്ടുവയ്ക്കാം ഈ സിനിമയെ.  എവിടെയുമുണ്ടാകും ഇവരെപ്പോലെയുള്ളവര്‍. സാര്‍വലൗകികമായ ഒരു ഭാഷയിലാണ് സക്കറിയ സംസാരിക്കുന്നത്.   

sudani-from-nigeria

ഇങ്ങനെയൊക്കെ പറയുന്നതു കേട്ട് മുറ്റുഗൗരവം മാത്രമാണ് സിനിമയെന്ന് പേടിക്കേണ്ട. അവാര്‍ഡ് പടമെന്ന് പറഞ്ഞുപഴകിയ ആ ജനുസ്സല്ല പടം. ഏതു സാധാരണക്കാരനും ഇഷ്ടപ്പെടും. അത് സക്കറിയ എന്ന സംവിധായകന്‍റെ വിജയമാണ്. 

സിനിമ ഓരോരുത്തര്‍ക്ക് ഓരോ അനുഭവമാണ്. കണ്ടിറങ്ങിയപ്പോള്‍ എന്‍റെ മനസ്സിലെ ചെളിക്കുണ്ടില്‍ നിന്ന് ഒരു വെളുത്ത പരല്‍മീന്‍ പിടഞ്ഞു കുതിച്ചുചാടി വന്നു പറയുന്നു, ഞാനിവിടെയുണ്ട്. ഇരുണ്ട കാട്ടില്‍ നിന്ന് ഒരു വെള്ളയാന്‍ പ്രാവ് ചിറകുകുടഞ്ഞുയര്‍ന്ന് ആകാശത്തേക്കും പരപ്പുകളിലേക്കും പ്രതീക്ഷയോടെ നോക്കുന്നു. 

സക്കറിയക്കും കൂട്ടുകാര്‍ക്കും നന്ദി.

MORE IN SPOTLIGHT
SHOW MORE