mango-one

 

അപൂര്‍വ സസ്യജാലങ്ങളുടെ പരപ്പായി ഒരിടം. കേട്ടുമാത്രം പരിചയിച്ച മരങ്ങളെയും സസ്യങ്ങളെയും കണ്ടുമറിഞ്ഞും ഒരു കുഞ്ഞുയാത്ര. മനോരമ ന്യൂസ് അസിസ്റ്റന്‍റ് ന്യൂസ് പ്രൊഡ്യൂസര്‍ അനില മംഗലശ്ശേരി എഴുതുന്നു

മൂന്നാറിലെ  തണുപ്പിൽ വളരുന്ന തേയിലച്ചെടികളും മരുഭൂമിയിലെ കൊടുംചൂടിൽ വളരുന്ന ഈന്തപ്പനകളും മീറ്ററുകളുടെ ദൂരവ്യത്യാസത്തിൽ മാത്രം നിൽക്കുന്നത് കാണണോ? എന്ന വേഗം കോട്ടയം കടുത്തുരുത്തിയിലെ  മാംഗോ മെഡോസിലേക്ക് പോകൂ. ലോകത്തിലെ ആദ്യത്തെ അഗ്രിക്കൾച്ചറൽ പാർക്കാണിത്. 35 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരിടം.

കേരളത്തിലെ  സസ്യ സമ്പത്തിനെയാകെ ഒരു കുടക്കീഴിൽ കൊണ്ടുവരികയെന്ന ബൃഹത്തായ സ്വപ്നത്തിനുടമ എന്‍.കെ.കുര്യനാണ്. 4000 ൽ പരം സ്പീഷീസുകളില്‍ സസ്യങ്ങൾ. ഓരോന്നിന്റെയും സബ് സ്പീഷീസുകൾ വേറെയും.

‘ഒരു ദേശത്തിന്റെ കഥ’ എഴുതപ്പെടുന്നത്‌ ഇന്നാണെങ്കിൽ അതിലെ ശ്രീധരനെ‌ നീലക്കൊടുവേലി തേടിപ്പിടിക്കാൻ കഥാകൃത്ത്‌ ഇങ്ങോട്ട്‌ പറഞ്ഞയക്കുമായിരുന്നു, ഉറപ്പ്‌! ഇവിടെയുണ്ട്! 

 

mango-two

മീനൂട്ട്

'നഞ്ചെ 'ന്തിന് നാനാഴിയിലെ നഞ്ച് കണ്ടിട്ടുണ്ടോ..? അതും ഇവിടെയുണ്ട്!

രുദ്രാക്ഷം എന്ന് കേട്ടിട്ടുണ്ടാവും. ആ മരത്തെ കണ്ടിട്ടുണ്ടോ? അതുപോലെ അദ്രാക്ഷവും ഭദ്രാക്ഷവും ഉണ്ടെന്ന് അറിയാമോ?

അത്തറുണ്ടാക്കുന്ന ഊദ് മരമുണ്ട്. വെറുതെ പോയി തൊലി ചുരണ്ടേണ്ട. മണമില്ല. ശോകനാശിനിയായ അശോകവും ബുദ്ധഭിക്ഷുക്കൾ പാത്രമായി ഉപയോഗിച്ചിരുന്ന തിരുവട്ടക്കായും അങ്ങനെ കണ്ടതും കേട്ടതും കേൾക്കാത്തതുമായ നാല് ലക്ഷം മരങ്ങൾ. 

 

mango-three

5 ഏക്കറിൽ അധികം വരുന്ന കുളത്തിൽ 50 ൽ അധികം ഇനങ്ങളിൽ ഉള്ള മൽസ്യങ്ങൾ. മീനൂട്ട് നടത്താനും ഇനി വേണമെങ്കിൽ ആ മീനിനെ പിടിച്ച് കറിവെച്ച് ഉണ്ണാനുമുള്ള അവസരമുണ്ട്. 

mango-four

ഇത്രയധികം മരങ്ങൾ ഉണ്ടാകുമ്പോൾ പക്ഷികളും മൃഗങ്ങളും തനിയെ വന്നു ചേരുമെന്ന് പറയേണ്ടതില്ലല്ലോ. 

പ്രണയിനികളെ ദുരാചാരപ്പോലീസിന്റെ കണ്ണോടെ നോക്കുന്ന സമൂഹത്തിൽ കമിതാക്കൾക്കായി ഒരു പാർക്കും ഉണ്ട്. ഇടയ്ക്കിടെ സ്ഥാപിച്ചിട്ടുള്ള ശിൽപ്പങ്ങൾ പാർക്കിന് മാറ്റുകൂട്ടുന്നു. 

ശരീരത്തിലെ നെഗറ്റീവ് എനർജി മുഴുവൻ ഇളം കാറ്റിൽ അലിഞ്ഞു പോകുന്നത് നമുക്ക് അനുഭവപ്പെടും. ഇതൊക്കെ കണ്ടും അനുഭവിച്ചും

kurian-mango

എന്‍.കെ.കുര്യന്‍, ഈ സസ്യജാലങ്ങളുടെ കാവലാള്‍

വൈകുന്നേരമായപ്പോഴാണ്‌ പാർക്കിന്റെ ഉടമയും സംവിധാകനും ചെടികൾക്ക് വെള്ളം നനക്കുന്നയാളുമൊക്കെയായ കുര്യൻ ചേട്ടനെ പരിചയപ്പെട്ടത്. ഇങ്ങനെയൊരു പാർക്ക് നിർമിക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ചും തുടക്കത്തിൽ ഉണ്ടായ എതിർപ്പുകൾ, സാമ്പത്തിക പ്രതിസന്ധി, ഇനിയുള്ള സ്വപ്നങ്ങൾ എന്നിവയെക്കുറിച്ചും എല്ലാം അദ്ദേഹം സംസാരിച്ചു.

പല സംസ്ഥാനങ്ങളിൽ,  പല രാജ്യങ്ങളിൽ വളരുന്ന ചെടികൾ എങ്ങനെ അപ്പർകുട്ടനാട്ടിലെ പുളിമണ്ണിൽ വളരുന്നു എന്ന ചോദ്യത്തിന് ഉത്തരം ലളിതം.

anila

അനില മംഗലശ്ശേരി

‘ഞാൻ പറഞ്ഞാൽ വളരാതിരിക്കാൻ അവർക്കാവില്ല.ഞാൻ അവർക്കായി കഷ്ടപ്പെടുന്നത് അവർ കാണുന്നുണ്ട്..’

സാമ്പത്തിക നഷ്ടത്തെക്കുറിച്ച് പറഞ്ഞത്, ‘പണം ഇന്ന് പോയാലും നാളെ  ഉണ്ടാക്കാം. പക്ഷേ, നമ്മുടെ ജൈവസമ്പത്ത് നഷ്ടമായാൽ ഒരിക്കലും തിരിച്ചുപിടിക്കാൻ ആവില്ല.’

mango-five

ഒടുവിലായിരുന്നു ഞെട്ടിക്കുന്ന ആ മറുപടി, ഏകദേശം 107 കോടിരൂപ ചെലവുണ്ട്‌. കോടികളുടെ ഈ പദ്ധതി സ്വാഭാവികമായും നടത്തേണ്ടി വരിക മക്കൾ ആയിരിക്കുമല്ലോ.  അവർക്ക് ഇതിൽ താൽപര്യമുണ്ടോ?

ഉത്തരം: പ്രകൃതി സ്നേഹം ആരിലും കുത്തിവെക്കാൻ കഴിയില്ല. എനിക്കറിയില്ല ഈ നിയോഗം ആരാണ് ഏറ്റെടുക്കുകയെന്ന്. മക്കളോ മരുമക്കളോ തന്നെയാകണമെന്നില്ല. ചിലപ്പോൾ പുറത്ത് നിന്നുള്ള ആരെങ്കിലുമാകാം. ഒരർത്ഥത്തിൽ ഇവിടെ വന്നുപോകുന്ന ആരിലും അത്തരമൊരു തോന്നല്‍ അവശേഷിപ്പിക്കാൻ സാധിക്കുന്നു എന്നത് തന്നെയാണ്‌ കുര്യൻ ചേട്ടന്റെ വിജയം.  

മറ്റു വാട്ടർ തീം പാർക്കുകളിലെ ആനന്ദം പ്രതീക്ഷിച്ചു ആരും വരേണ്ട എന്ന ബോർഡ്‌ ചെല്ലുമ്പോഴേ കാണും.  ഇതൊരു ഇന്‍ഫോടെയ്ന്‍മെന്‍റ് പാർക്ക്‌ ആണ്.  

കൂടുതൽ പറയുന്നില്ല.  പ്രകൃതിയെ പ്രണയിക്കുന്നവർ എല്ലാം മാംഗോ മെഡോസിലേക്ക് പോകണം. വലിയ അനുഭവം തന്നെ ആകുമത്. ജീവിതത്തില്‍ മറക്കാനാകാത്ത ചിലത് സമ്മാനിക്കും ആ യാത്ര. ഉറപ്പ്.