കര്‍ണാടകയിലെ എടിഎം കൊള്ള തകര്‍ത്തത് കൊച്ചിയിലെ യുവാക്കള്‍, അതിങ്ങനെ

കഴിഞ്ഞ ദിവസം രാത്രി, കര്‍ണാടകയിലെ ഹാസനിലുള്ള ഫെഡറല്‍ബാങ്ക് എ.ടി.എമ്മില്‍ നടന്ന കവര്‍ച്ചാശ്രമം പൊളിച്ചത് കൊച്ചിക്കാരായ യുവാക്കളുടെ സാങ്കേതികവിദ്യ.  മൂന്ന് കവര്‍ച്ചക്കാര്‍ ഹാസനിലെ എ.ടി.എമ്മില്‍ കയറി മെഷീന്‍ തകര്‍ക്കാന്‍ ശ്രമിച്ച നിമിഷം െെസറണ്‍ മുഴങ്ങുകയും തൊട്ടടുത്ത പൊലീസ് േസ്റ്റഷനിലേക്കും ഫെഡറല്‍ബാങ്ക് ശാഖകളിലേക്കും ഒാട്ടമാറ്റിക്കായി അപായസന്ദേശമെത്തുകയും ചെയ്തു. ഇതോടെ മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിച്ചു രക്ഷപ്പെട്ടു. 

കൊച്ചിക്കാരായ യുവ എഞ്ചിനീയര്‍മാര്‍ നേതൃത്വം നല്‍കുന്ന വിയുഇ ലോജിക്സ് എന്ന കമ്പനിയുടെ റിമോട്ട് മോണിട്ടറിങ് സംവിധാനമാണ് മോഷണശ്രമം സെക്കന്‍റുകള്‍ക്കകം പൊലീസിനെ അറിയിച്ചത്. ഫെഡറല്‍ബാങ്കിന്‍റെ ഏതാണ്ട് എല്ലാ എ.ടി.എമ്മുകളിലും ഇപ്പോള്‍ വി.യു.ഇ ലോജിക്സിന്‍റെ വിദൂരനിയന്ത്രിത സുരക്ഷാസംവിധാനത്തിന് കീഴിലാണ്.

മോഷണശ്രമം, എ.ടി.എമ്മില്‍ പണമെടുക്കാന്‍ എത്തുന്നവര്‍ക്കു നേരേ നടക്കുന്ന ആക്രമണങ്ങള്‍ എന്നിവയെല്ലാം തടയാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. നിയമം ലംഘിച്ച് ഹെല്‍മറ്റ് ധരിച്ച് ഒരാള്‍ എ.ടി.എമ്മില്‍ കടന്നാല്‍പ്പോലും ആ വിവരം ഉടന്‍ ബാങ്കിനേയും പൊലീസിനേയും അറിയിക്കാന്‍ തക്കവിധം ശക്തമാണ് ഈ സെക്യൂരിറ്റി സിസ്റ്റം. ഫെഡറല്‍ബാങ്കിന്‍റെ കേരളത്തിലെ എല്ലാ എ.ടി.എമ്മുകളും ഈ സെക്യൂരിറ്റി സിസ്റ്റം ഉപയോഗിച്ച് ആലുവയിലുള്ള ഫെഡറല്‍ബാങ്ക് ഒാഫിസില്‍ 24 മണിക്കൂറും നിരീക്ഷിക്കപ്പെടുന്നുണ്ട്.

എൻജിനിയറിങ് പഠനശേഷം കൊച്ചിക്കാരൻ ആസിഫ് മൂപ്പന്‍റെ തലയിലുദിച്ച ആശയമാണ് എ.ടി.എമ്മുകളുടെ സുരക്ഷാപ്രശ്നങ്ങള്‍ പരിഹരിക്കുന്ന ടെക്നോളജി എന്നത്. ഇതിനായി ഒരുസംഘം ചെറുപ്പക്കാരെ അദ്ദേഹം ഒപ്പംകൂട്ടി.  അങ്ങനെ കൊച്ചിയിൽ 2013ൽ വിയുഇ ലോജിക്സ് കമ്പനി തുടങ്ങി.  അഞ്ചു ചെറുപ്പക്കാരുടെ സ്വപ്നത്തിൽ രണ്ടു ലക്ഷം രൂപ മൂലധനത്തിൽ തുടങ്ങിയ കമ്പനിയില്‍ ഇന്ന് അമ്പതോളം എഞ്ചിനീയര്‍മാരുണ്ട്.  ഇന്ത്യയിലെ എട്ടു ബാങ്കുകളുടെ  മൂവായിരത്തിലേറെ എടിഎമ്മുകളുടെ സുരക്ഷാചുമതല ഇപ്പോള്‍ ഇൗ കമ്പനിക്കാണ്.

ആസിഫ്

അമേരിക്ക, കൊളംബിയ, ഇറ്റലി, ചിലെ എന്നീ രാജ്യങ്ങളിലും വി.യു.ഇ ലോജിക്സ് സുരക്ഷാസിസ്റ്റം ഉപയോഗിക്കുന്നു. ആസിഫ് മൂപ്പനൊപ്പം  റഹൂഫ്, സുനിൽയൂസഫ്, സുനിൽവെങ്കേശ്വര, സുരേഷ്കുമാർ, ജിജു ഇബ്രാഹിം എന്നിവരാണ് കമ്പനിയെ നയിക്കുന്നത്.

വിശദമായി വായിക്കാം: സുരക്ഷ വരുന്ന വഴി

പ്രധാനമായും സെൻസറുകളുപയോഗിച്ചാണ് സുരക്ഷാക്രമീകരണങ്ങൾ. എടിഎമ്മിൽ അതിക്രമിച്ച് കടക്കുകയോ മോഷണശ്രമം നടത്തുകയോ ചെയ്താൽ ഉടൻ തന്നെ സൈറൻ മുഴങ്ങുകയും ഇതും സംബന്ധിച്ച വിവരം ഉടൻ തന്നെ ബാങ്ക് അധികൃതർക്കും സുരക്ഷാഉദ്യോഗസ്ഥർക്കും പൊലീസിനും ലഭ്യമാക്കാനും സാധിക്കും. സൈറൻ മുഴങ്ങുന്നതോടെ തന്നെ മോഷണശ്രമം ഉപേക്ഷിച്ച് കള്ളൻമാർ കടന്നുകളയും. ഒരു സെക്യൂരിറ്റി ഗാർഡിന്റെ പരിമിതികളെ മറികടക്കുകയെന്ന ലക്ഷ്യത്തിൽ നിന്നാണ് മലയാളിസംഘം ഇത്തരമൊരു സോഫ്റ്റ്​വെയർ നിർമിച്ചത്. ഹെൽമറ്റ് ധരിച്ച് എ.ടി.എമ്മിൽ കയറിൽപോലും അപ്പോൾ തന്നെ ശബ്ദനിർദേശം നൽകുന്ന സംവിധാനവും ഇവർ നടപ്പിലാക്കിയിട്ടുണ്ട്. ഇതിലൂടെ എടിഎമ്മുകൾക്കെതിരെ നടക്കുന്ന എതൊരുവിധ അസാധാരണനീക്കങ്ങളെയും ചെറുക്കാൻ കഴിയുമെന്ന് ആസിഫ് മൂപ്പൻ പറയുന്നു. 

എങ്ങനെയാണ് നിരീക്ഷണം 

കേരളത്തിൽ പ്രധാനമായും ഫെഡറൽ ബാങ്കുകളുടെ എടിഎമ്മുകളുടെ സുരക്ഷയുടെ പൂർണ ചുമതല ഇൗ കമ്പനിക്കാണ്. ആലുവ തോട്ടക്കാട് ഫെഡറൽ ബാങ്ക് ശാഖയിൽ നിന്നാണ് ഇതിന്റെ നിരീക്ഷണവും നടക്കുന്നത്. എടിഎമ്മുകളിൽ അസാധാരണമായി എന്തെങ്കിലും സംഭവിച്ചാൽ സെൻസർ ഉടൻ തന്നെ നിരീക്ഷണകേന്ദ്രത്തിലേക്ക് നിർദേശം നൽകും.

ഇരുപത്തിനാല് മണിക്കൂറും എടിഎമ്മുകൾ നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന കേന്ദ്രത്തിലെ ജീവനക്കാർക്ക് പ്രശ്നമെന്താണെന്ന് മനസിലാക്കുകയും അതിന്േവണ്ട നടപടി സ്വീകരിക്കുകയും ചെയ്യും. കൗണ്ടറിന്റെ ഷട്ടർ തകർത്താലോ, ഗ്ലാസ് തകർത്താലോ, മെഷ്യന് കേടുവരുത്തുകയോ ചെയ്താലും ഇത്തരത്തിൽ നിർദേശം ലഭിക്കും. ഇതിനൊപ്പം സൈറൻ മുഴങ്ങുകയും ചെയ്യും. സൈറൻ മുഴങ്ങുന്നതോടെ കൊള്ളസംഘം മോഷണശ്രമത്തിൽ നിന്നും പിൻമാറേണ്ടിവരും. ഇങ്ങനെ എടിഎം കൊള്ള പൂർണമായി തടയാൻ കഴിയും.