പ്രിയ മാത്രമല്ല..! പണ്ട് സാറ ‘പുരികത്താര’മായത് ഇങ്ങനെ, വിഡിയോ

രാജ്യാതിർത്തികൾ കടന്ന് പ്രിയ വാര്യരുടെ ‘പുരികചേഷ്ടകൾ’ ഉയരങ്ങളില്‍ പാര്‍ക്കുമ്പോള്‍ പുരികം കൊണ്ട് പ്രശസ്തരായവരുടെ പട്ടിക ചികയുകയാണ് സോഷ്യല്‍ ലോകം.  ഓസ്ട്രേലിയയിൽ നിന്നുള്ള സാറാ അലനാണ് പ്രിയയ്ക്ക് മുമ്പ് പുരികം ഉപയോഗിച്ച് പ്രശസ്തയായത്. 2011ൽ സ്കൂൾ കാലഘട്ടത്തിൽ ക്ലാസ് റൂമിലിരുന്ന് ഇടവേളയിൽ പകർത്തിയ വിഡിയോ പിന്നീട് സാറ തന്നെയാണ് യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. രസകരമായ പശ്ചാത്തല സംഗീതത്തിനൊപ്പം താളത്തിൽ പുരികങ്ങൾ ചലിപ്പിക്കുന്നതാണ് വീഡിയോ. മുപ്പത് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ പിന്നിട് വൻ പ്രേക്ഷകപ്രീതി നേടുകയായിരുന്നു. 

പ്രിയയുടെ പ്രകടനം സിനിമാകാമറയ്ക്ക് മുന്നിലായിരുന്നെങ്കിൽ സാറയുടേത് സ്വന്തം കാമറയ്ക്ക് മുന്നിലായിരുന്നു എന്നതാണ് വ്യത്യാസം. സാറയുടെ പ്രകടനം അക്ഷരാർത്ഥത്തിൽ യൂറോപ്പാകെ ഏറ്റെടുക്കുകയായിരുന്നു.‌ സാറയ്ക്ക് പിന്നാലെ നിരവധിയാളുകളാണ് ഇത്തരത്തിൽ പുരികങ്ങളും ചുണ്ടുകളുമായെല്ലാം അഭ്യാസപ്രകടനങ്ങൾ നടത്തി വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നീട് സാറ ചലച്ചിത്രനടിയും മോഡലുമായെല്ലാം വളരുകയായിരുന്നു. പക്ഷെ ഇൻസ്റ്റാഗ്രാമിലെ പിന്തുണകൊണ്ട് നമ്മുടെ പ്രിയതന്നെയാണ് സാറയെക്കാൾ മുന്‍പില്‍ എന്നത് വേറെ കാര്യം..!