അടി കൊള്ളുന്ന മലയാളി പെണ്ണുങ്ങള്‍; ആ സര്‍വ്വേയില്‍ ഇത്ര അമ്പരക്കാനെന്ത്..?

അറുപത്തി ഒമ്പത് ശതമാനം സ്ത്രീകളും ഗാർഹിക പീഡനത്തെ അനുകൂലിക്കുന്നു എന്ന സർവെ റിപ്പോർട്ടു കണ്ടപ്പോൾ മൂക്കത്ത് വിരൽ വച്ചു കേരള സമൂഹം. എന്നാൽ ഇതിലിത്ര അത്ഭുതപ്പെടാനെന്തിരിക്കുന്നു എന്ന് തിരിച്ചു ചോദിക്കുകയാണ് പൊതുബോധമുള്ള കേരളത്തിലെ ഒരുകൂട്ടം സ്ത്രീകൾ. അടിസ്ഥാനപരമായി കുടുംബം, ബന്ധങ്ങൾ എന്നിങ്ങനെയുള്ള വൈകാരിക വിഷയങ്ങളില്‍ വിപ്ലവകരമായ ഒരു മാറ്റവും ഇവിടെ ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത. ലിംഗസമത്വം എന്നത് ആധുനിക മലയാളി കുടുംബങ്ങളിലും അന്യമാണ്. സ്ത്രീകളുടെ ജീവിത നിലവാരം ഉയർന്നെന്ന് പറയുമ്പോഴും പുരാതന കുടുംബ സങ്കൽപങ്ങളിൽ നിന്നും മലയാളി സ്ത്രീ സമൂഹം ഇന്നും മുക്തരല്ല. വീട്ടമ്മമാരുടെ നിലപാട് വിരൽ ചൂണ്ടുന്നത് വ്യക്തമായ ചില ചോദ്യങ്ങളിലേക്കാണ് . എന്തുകൊണ്ടു മലയാളി സ്ത്രീകൾ ഇങ്ങനെ ചിന്തിക്കുന്നു? യഥാർഥത്തിൽ മലയാളി സ്ത്രീകൾ ഇപ്പോഴും എവിടെയാണ് നിൽക്കുന്നത്? ഇത്തരം തരംതാഴ്ന്ന ചിന്തയിൽ നിന്ന് സ്ത്രീക്ക് മോചനമുണ്ടോ?സ്ത്രീ വിമോചനവും സാമൂഹ്യ സമത്വവും പ്രസംഗിക്കുന്ന സാക്ഷര കേരളം ഈ വിഷയം ഗൗരവതരമായി കണ്ടിട്ടില്ലെന്ന് തന്നെയാണ് സമകാലിക സംഭവങ്ങളും തെളിയിക്കുന്നത്. 

എന്തുകൊണ്ട് മലയാളി സ്ത്രീകൾ ഇങ്ങനെ? 

ജീവിത നിലവാരവും വിദ്യാഭ്യാസ നിലവാരവും ഉയരുമ്പോഴും മലയാളി സ്ത്രീകളുടെ ചിന്താശേഷിമാത്രം എന്തുകൊണ്ടാണ് ഉയരാത്തത്? ഇതിന് ഒറ്റ ഉത്തരമേയുള്ളൂ. കുടുംബം. അവിടെ ഇപ്പോഴും സ്ത്രീ പുരുഷന്റെ ഇഷ്ടാനിഷ്ടങ്ങൾക്കു വഴങ്ങി ജീവിക്കേണ്ടവളാണെന്ന അലിഖിത നിയമം ശക്തമായി നിലനിൽക്കുന്നു എന്നതാണ്. 

ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറയുന്നു. "നമ്മുടെ സ്ത്രീകളുടെ മനോഭാവം എന്നത് പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകണം എന്നതാണ്. അതിന് അത്യാവശ്യത്തിന് പീഡനമായാലും വഴക്കില്ലാതെ മുന്നോട്ടു പോകണം എന്നതാണ് അവർ ചിന്തിക്കുന്നത്. അത്തരം ഒരു ചിന്തയുടെ ഭാഗമായിരിക്കും ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്. പക്ഷേ, ഇത് അംഗീകരിക്കാൻ കഴിയുന്നതല്ല. സമൂഹം പുരോഗതി പ്രാപിക്കുന്ന മുറയ്ക്ക് സ്ത്രീകളിൽ ഇത്തരം പ്രശ്നങ്ങളിൽ കൃത്യമായ ബോധവത്കരണം നൽകേണ്ടതുണ്ട്. സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ച് അവരെ ബോധവാന്മാരാക്കുക, സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നമ്മളിപ്പോഴും പിറകിലാണ് എന്നതാണ് നിലവിലെ കണക്ക് വ്യക്തമാക്കുന്നത്. അവരുടെ അവകാശങ്ങളെ സംബന്ധിച്ച് സ്ത്രീകളെ ബോധവാന്മമാരാക്കുകയും കുടുംബശ്രീ പോലുള്ള പദ്ധതികളിലൂടെ അവരെ സ്വയംപര്യാപ്തരാക്കുകയും വേണം. സ്വന്തമായി വരുമാനമുണ്ടെങ്കിൽ ഈ അഭിപ്രായമൊക്കെ മാറും, ഉദാഹരണത്തിന് കശുവണ്ടി തൊഴിലാളികൾ. അവരിൽ പലരും പുരുഷ പീഡനമൊക്കെ നേരിടുന്നവരാണ്. പക്ഷേ, ഇത്തരം പീഡനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നവരാണ് അവർ. ജീവിക്കാൻ വേണ്ടി പുരുഷ്ന്മാരെ ആശ്രയിക്കേണ്ടി വരുമ്പോഴാണ് ഒരു പരിധിവരെ സ്ത്രീകൾ ഇങ്ങനെ ചിന്തിക്കുന്നത്. ബോധവത്കരണത്തിലൂടെയും വരുമാനം ഉറപ്പു വരുത്തുന്നതിലൂടെയും മാത്രമാണ് ഇത്തരം ചിന്തകളിൽ നിന്ന് സ്ത്രീകളെ മുക്തരാക്കാൻ സാധിക്കൂ. " 

"ഈ സർവെയിൽ അത്ഭുതപ്പെടാനെന്താണുള്ളതെന്ന് എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല. കേരള സമൂഹത്തിന്റെ ഈ അത്ഭുതപ്പെടലിലാണ് എനിക്ക് അത്ഭുതം തോന്നുന്നത്" എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ദീദി ദാമോദരൻ പറയുന്നു. "ആത്മാഭിമാനമുള്ള സ്ത്രീകളായിരുന്നെങ്കിൽ രാഷ്ട്രീയ പാർട്ടികളും നമ്മുടെ ജനാധിപത്യ സംവിധാനങ്ങളും ഇങ്ങനെ കണ്ടാൽ പോര. വിധേയത്വവും അടിമത്തവും ആന്ദമായി കരുതുന്നതുകൊണ്ടാണ് അവർക്ക് അങ്ങനെ തോന്നുന്നത്. കുടുംബത്തിൽ നടക്കുന്നതുതന്നെയാണ് സമൂഹത്തിലും പ്രതിഫലിക്കുന്നത്. ഉദാഹരണത്തിന് കേരളത്തില്‍ ആറ് ശതമാനം മാത്രമാണ് വനിതാ പൊലീസ് ഉള്ളത്. ഗാർഹിക പീഡനത്തെ പറ്റി റിപ്പോർട്ടു ചെയ്യാൻ വേണ്ട പൊലീസുകാർ പോലും നമുക്കില്ല. ഭരണഘടനാപരമായി തന്നെ കുറ്റകരമായ കാര്യമാണ് ജോലി സ്ഥലത്ത് യുണിഫോമിൽ കയറിപ്പിടിച്ച് ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറുക എന്നത്. സിനിമയിലാണെങ്കിലും അതു ചൂണ്ടികാണിച്ച സ്ത്രീയോട് നമ്മുടെ സമൂഹം പ്രതികരിച്ചത് എങ്ങനെയാണ്? നമ്മൾ മാതൃകയാണെന്ന് കരുതുന്ന ഒരാളാണ് അങ്ങനെ ഒരു കഥാപാത്രമായി സിനിമയിലെത്തിയത്. അതു തിരുത്താൻ ഇതുവരെ തയ്യാറായിട്ടില്ല. പിന്നെ എന്താണ് ഇവരൊക്കെ സമൂഹത്തിന് നൽകുന്ന പാഠം. ഇത്തരക്കാർ സ്വന്തം വീടുകളിലെ സ്ത്രീകളോട് എങ്ങനെയായിരിക്കും പെരുമാറുക? സ്ത്രീകൾ ഇതിനെ എന്തുകൊണ്ട് അനുകൂലിക്കുന്നതെന്തു കൊണ്ടെന്നാൽ, ഇത്തരം പീഡനങ്ങളെ പ്രതികൂലിക്കണമെന്ന് അവർക്ക് അറിയുന്നു കൂടിയില്ല. രാഷ്ട്രീയ പാർട്ടിയിൽ നിന്ന് സ്ത്രീകൾ രാജി വെച്ചു പോകുന്നതെന്തു കൊണ്ടാണ്? അവിടെയും വിധേയത്വമാണ് വിഷയം". 

കോടതി മുറിയിൽ സംഭവിക്കുന്നതെന്ത്? 

ഗാർഹിക പീഡനങ്ങളിൽ തെറ്റില്ലെന്ന് അഭിപ്രായപ്പെടുന്ന ന്യായാധിപർ വരെയുണ്ടെന്നാണ് അഭിഭാഷകരായ സ്ത്രീകൾ പറയുന്നത്. ഇത്തരം പീഡനങ്ങൾ അനുഭവിക്കുന്നവരിൽ വളരെ കുറച്ചുപേരാണ് നീതിന്യായ വ്യവസ്ഥകളെ സമീപിക്കുന്നത്. മക്കളെയോ കുടുംബത്തേയോ ഓർത്ത് പരാതികൾ സംസാരിച്ച് തീർത്തു തരണമെന്നാണ് 75 ശതമാനം സ്ത്രീകളും ആവശ്യപ്പെടുന്നതെന്ന് അഡീഷണൽ ഗവൺമെന്റ് പ്ലീഡർ അഡ്വ. പി.എം.ആതിര പറയുന്നു. " ഗാർഹിക പീഡനക്കേസുകൾ വാദിക്കുന്ന മജിസ്ട്രേറ്റുമാർക്ക് നൽകിയ ട്രെയിനിംഗിന്റെ ഭാഗമായ ചോദ്യാവലിയിൽ ഭാര്യയെ ഒരിക്കൽ അടിക്കുന്നത് ഗാർഹീക പീഡനമായി കണക്കാക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ഭാര്യയെ ഒന്നു തല്ലുന്നതിൽ തെറ്റില്ലെന്ന് അഭിപ്രായമുള്ളവരായിരുന്നു അറുപതുശതമാനത്തോളം അഭിഭാഷകർ.

ഗാർഹിക പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്ന മജിസ്ട്രേറ്റുമാർക്ക് പുരുഷന്മാർ ഭാര്യയെ തല്ലുന്നത് തെറ്റില്ലെന്ന് തോന്നിയാൽ അത് കേസുകളിലും പ്രതിഫലിക്കുമല്ലോ? പരാതിക്കാരികളോട് ഓഫ് റെക്കോർഡായി കോടതി മുറികളിൽ ഉയർന്ന ചോദ്യങ്ങൾ, അവരോടുണ്ടായ സമീപനങ്ങള്‍ എല്ലാം മിക്കപ്പോഴും അതേ മാനസീകാവസ്ഥയുടെ പ്രതിഫലനങ്ങളായിരുന്നു. നിങ്ങളൊക്കെ ഒന്ന് സഹിക്കുകയും പൊറുക്കുകയും ചെയ്താൽ തീരാവുന്ന പ്രശ്നങ്ങളല്ലേ ഉള്ളൂ ഇതൊക്കെ. ഇതിനൊക്കെ കോടതിയുടെ വിലപ്പെട്ട സമയം അപഹരിക്കണോ എന്ന നിലപാടുകൾ. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായവർ തന്നെ ഇത്തരം നിലപാടുകൾ സ്വീകരിക്കുമ്പോൾ എങ്ങനെയാണ് സാധാരണക്കാരായ വീട്ടമ്മമാരുടെ ഇത്തരം ചിന്തകളിൽ ഒരു മാറ്റം പ്രതീക്ഷിക്കാനാകുക". 

മാറ്റം വരേണ്ടത് കുടുംബത്തിൽ നിന്ന് തന്നെ 

"നിങ്ങൾ രാവിലെ എന്റെ വീട്ടിലേക്കു വരുന്നു. ഞാൻ കസേരയിൽ കാലിന്മേൽ കാൽ കയറ്റിയിരുന്നു പത്രം വായിക്കുകയും എന്റെ ഭർത്താവ് മുറ്റമടിക്കുകയും ചെയ്യുന്നു. അപ്പോൾ എന്തായിരിക്കും നിങ്ങളുടെ മനോഭാവം?" വളരെ ലളിതവും എന്നാൽ പ്രസക്തവുമായ ചോദ്യം. " സ്വാഭാവികമായും നിങ്ങളുടെ മനസ്സിലുണ്ടാകുന്ന ചിന്ത തന്നിഷ്ടകാരിയും അഹങ്കാരിയുമായ സ്ത്രീയാണ് ഞാൻ എന്നതാണ്". ഗുരുവായൂരപ്പൻ കോളെജിലെ അധ്യാപികയായ പ്രൊഫസർ മല്ലിക പറയുന്നു. " നമ്മുടെ സമൂഹത്തിൽ സ്ത്രീകളെയും പുരുഷന്മാരെയും വളർത്തുന്ന ഒരു പ്രത്യയ ശാസ്ത്രമുണ്ട്. അതിൽ കൃത്യമായ ലിംഗ വിവേചനവും നിലനിൽക്കുന്നു. അത് സാമൂഹിക സാഹചര്യങ്ങൾക്ക് അനുസരിച്ചില്ല. മറിച്ച് കുടുംബങ്ങളിൽ നിന്നാണ് ഇത്തരം ലിംഗ വിവേചനങ്ങൾ ഉടലെടുക്കുന്നത്. കുടുംബങ്ങൾക്കകത്തു തന്നെ തൊഴിൽ വിഭജനം വരുന്നു. സ്ത്രീകൾ വീട്ടു ജോലികളിൽ ഏർപ്പെടേണ്ടവരും പുരുഷന്മാർ മാർക്കറ്റിൽ നിന്ന് സാധനങ്ങള്‍ വാങ്ങേണ്ടി വരുന്നവരും ആണ്. എന്തുകൊണ്ട് ഈ രണ്ടുകാര്യങ്ങളും ഇരുവർക്കും ചെയ്തുകൂടാ. പീഡിപ്പിക്കാനുള്ള അവകാശം പുരുഷനുണ്ടെന്ന കരുതുലും രൂപപ്പെട്ടു വരുന്നത് കുടുംബത്തിൽ നിന്ന് തന്നെയാണ്".

ആത്യന്തികമായി പുരുഷനുള്ള അവകാശങ്ങളെല്ലാം തന്നെ സ്ത്രീക്കും ഉണ്ടെന്ന് കുടുംബതലത്തില്‍ നിന്ന് തന്നെ ബോധ്യപ്പെടുത്തണം. ലിംഗ വിവേചനത്തെ ഇപ്പോഴും കേരള സമൂഹം വേണ്ടത്ര ഗൗരവത്തോടെ കണ്ടിട്ടില്ല. കാരണം അതുകൊണ്ടുമാത്രമാണ് വിദ്യാഭ്യാസപരമായും തൊഴിൽ പരമായും സ്ത്രീ ഉയരുമ്പോഴും ചിന്താപരമായി സാധാരണ സ്ത്രീകൾക്ക് വളരാൻ സാധിക്കാത്തത്. ചെറുപ്പകാലം മുതൽ തന്നെ ലിംഗവിവേചനമില്ലാതെ പെൺകുട്ടികളെ വളർത്തിയാൽ മാത്രമേ പൊതുബോധമുള്ള മാനസിക വികാസം പ്രാപിച്ച ഒരു സ്ത്രീ സമൂഹത്തെ സൃഷ്ടിക്കാനാകൂ.