പോകാം പറക്കാം ‘അപ്പൂപ്പൻതാടി’ക്കൊപ്പം; സ്ത്രീകള്‍ക്കായി സജ്നയുടെ യാത്രാഗ്രൂപ്പ്

കടപ്പാട്; ഫെയ്സ്ബുക്ക്

സജ്നയോടൊപ്പം യാത്ര പോകണോ, അപ്പൂപ്പൻതാടിയ്ക്കൊപ്പം പാറിപ്പറക്കണോ? ധൈര്യമായി ബാഗുംതൂക്കി പോന്നോളൂ, പക്ഷെ ഒറ്റ നിബന്ധന മാത്രം, സ്ത്രീയായിരിക്കണം. എവിടെ വേണമെങ്കിലും പോകാം, എത്രദൂരത്തുവേണമെങ്കിലും പറക്കാം അപ്പൂപ്പൻതാടിയ്ക്കൊപ്പം, കാരണം ഇത് സ്ത്രീകൾക്കുവേണ്ടി മാത്രമുള്ളതാണ്. പ്രായമൊന്നും പ്രശ്നമേയല്ല, യാത്ര ചെയ്യണമെന്ന മനസുമാത്രം മതി. ബാക്കിയെല്ലാം സജ്നയുടെ കൈകളിൽ ഭദ്രമായിരിക്കും. 

സ്ത്രീകൾക്കുമാത്രമുള്ള യാത്രാഗ്രൂപ്പോ? എന്നാൽ അവർ കേരളത്തിൽ മാത്രം ഒരുദിവസത്തെ ട്രിപ്പ് നടത്തുന്നതായിരിക്കും വല്ല കടൽപ്പുറത്തോ ഷോപ്പിങ്ങ് മാളിലോ ആയിരിക്കുമെന്നും പറയാൻ വരട്ടെ. കേരളത്തിലെ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിലുള്ള ചാർലി പോയ അതേ മീശപുലിമല മുതൽ തവാങ്ങ് വരെ നീളുന്നു ഈ പെൺകൂട്ടത്തിന്റെ അപ്പൂപ്പൻതാടി പോലെയുള്ള പറക്കൽ. രണ്ടുവർഷം മുമ്പാണ് അപ്പൂപ്പൻതാടിപോലെ പറക്കാൻ സജ്ന തീരുമാനിച്ചത്. 

കോഴിക്കോട്ടുനിന്നും തിരുവനന്തപുരത്തേക്ക് സോഫ്റ്റ്‌വെയർ എൻജിനിയറായി ചേക്കേറിയതാണ് സജ്ന. യാത്രകളോട് എന്നും സജ്നയ്ക്ക് പ്രണയമായിരുന്നു. ലോറി ഡ്രൈവറായ ഉപ്പയോടൊപ്പം ചെറുപ്പത്തിൽ വീട്ടിൽ നിന്നും ചെറുദൂരങ്ങൾ താണ്ടിയാണ് യാത്രയോടുള്ള താൽപര്യം തുടങ്ങുന്നത്. അതുപിന്നെ പ്രണയമായി മാറി. പക്ഷെ അപ്പൂപ്പൻതാടിയെന്ന പേരും ആശയവും യാദൃശ്ചികമായി കടന്നുവന്നതാണ്.

കൂട്ടുകാരെല്ലാം കൂടിയൊരിക്കൽ രാമക്കൽമേട് പോകാൻ തീരുമാനിച്ചു. 20 പേരുള്ള ഗ്രൂപ്പായിപോകാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ കാര്യത്തോട് അടുത്തപ്പോൾ ആരുമില്ല. രാമക്കൽമേടെന്ന സ്വപ്നം ഉപേക്ഷിക്കാൻ സജ്നയ്ക്ക് ആകുമായിരുന്നില്ല. തനിയെ പോയി. രാമക്കൽമേട്ടിലെ കാറ്റും കുളിരും മഞ്ഞും ആസ്വദിച്ചു. അതൊരു തുടക്കമായിരുന്നു. വലിയ യാത്രകളിലേക്കുള്ള ചെറിയതുടക്കം. തനിച്ച് പോകാനുള്ള ഭയം അകന്നതോടെ സജ്ന ഒറീസ, ബീഹാർ, താവാങ്ങ്, മേഘാലയ, ഉത്തരാഖണ്ഡ്തുടങ്ങിയ നിരവധിസ്ഥലങ്ങളിലേക്ക് തനിച്ചുയാത്ര തുടങ്ങി. എത്രപറഞ്ഞാലും തീരാത്ത യാത്രാനുഭവങ്ങളാണ് സജ്ന മനോരമ ന്യൂസ് ഡോട്ട് കോമിനോട് പങ്കുവച്ചത്. 

യാത്ര പോയതിൽ ഏറെയിഷ്ടമായത് ബീഹാറാണ്. ബീഹാര്‍ സുരക്ഷിതമല്ല എന്ന മുന്നറിയിപ്പുകളും ഭയപ്പെടുത്തുന്ന നിരവധി വാർത്തകളും കേട്ടുകൊണ്ടാണ് ബീഹാറിലേക്ക് പോകുന്നത്. എന്നാൽ അവിടെ ഊഷ്മളമായ അനുഭവങ്ങളാണ് സജ്നയെകാത്തിരുന്നത്. ബസ്ഡ്രൈവർ മുതൽ റിക്ഷാവാലവരെ സൗമ്യതയോടെയും സ്നേഹത്തോടെയുമാണ് പെരുമാറിയതെന്ന് സജ്നപറയുന്നു. കോഴിക്കോട്ടെ തെരുവിൽ നടക്കുന്ന അതേസുരക്ഷിതത്വത്തോടെയാണ് ബീഹാറിലെ ഗലികളിലൂടെ സജ്ന നടന്നത്. എവിടെയെത്തി? എങ്ങനെയത്തി? ഇനിയെങ്ങോട്ട് തുടങ്ങിയ വിവരങ്ങൾ ഒറ്റസുഹൃത്തുക്കളെ കൃത്യമായി അറിയിച്ചുകൊണ്ടേയിരുന്നു. 

കടപ്പാട്; ഫെയ്സ്ബുക്ക്

ഓരോ യാത്രകഴിഞ്ഞ് വരുമ്പോഴും എന്നെയും കൂട്ടാമോയെന്ന് നിരവധിപ്പേർ ചോദിച്ചു. ആദ്യമായി എട്ടുസ്ത്രീകൾ ഒന്നിച്ച് തെൻമല ഏക്കോടൂറിസം കേന്ദ്രത്തിലേക്ക് പോയി. യാത്ര കഴിഞ്ഞ് എത്തിയ എല്ലാവരും ഒരേസ്വരത്തിൽ ചോദിച്ചു. അടുത്ത യാത്ര ഇനി എന്നാണ്? അങ്ങനെയാണ് യാത്രാഗ്രൂപ്പ് എന്ന ആശയം വരുന്നത്. ഗ്രൂപ്പിനൊരു പേരിനുവേണ്ടിയുള്ള അന്വേഷണം ചെന്നെത്തിയത് അപ്പൂപ്പൻതാടിയിലും. ഉത്തരേന്ത്യകാർക്കും വിദേശീയർക്കും ഈ പേര് ഉച്ചരിക്കാൻ പ്രയാസമല്ലേ എന്നു ചോദിക്കുന്നവരോട് സജ്നയ്ക്ക് ഒറ്റമറുപടിയെയുള്ളൂ, നമ്മൾ അവരുടെ പേരുകൾ പഠിച്ച് പറയുന്നുണ്ടല്ലോ? നമ്മുടെ പേരും അവർ പറയട്ടെയെന്ന്. 

ആദ്യമായി യാത്രകൾ പോകുമ്പോൾ നാലുഭാഗത്തുനിന്നും എതിർപ്പുകളുടെ വൻമതിലുകളായിരുന്നു. പെണ്ണൊരുത്തി യാത്ര ചെയ്യുന്നതും കണ്ടില്ലേ? എന്തിനാണ് തനിയെ പോകുന്നത്? ഇങ്ങനെ പോകേണ്ട ആവശ്യമെന്താണ്? തുടങ്ങിയ ചോദ്യങ്ങളുടെ വൻമതിലുകൾക്കെല്ലാം അപ്പുറത്തായിരുന്നു യാത്രപോകണമെന്ന ആഗ്രഹം. ആഗ്രഹം വലുതായതോടെ എതിർപ്പുകൾ ചെറുതായി. ബാപ്പയും ഉമ്മയും യാത്രയോട് ഇപ്പോൾ എതിരല്ല. ആകെയൊരു ആവശ്യം മാത്രം. എവിടെപ്പോയാലും വിളിക്കണം, ഫോൺ എടുക്കണം. 

കടപ്പാട്; ഫെയ്സ്ബുക്ക്

സ്ത്രീകൾമാത്രം യാത്ര നടത്തുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകില്ലേയെന്നുള്ള സ്വാഭാവികമായ സംശയത്തിന് സജ്നയുടെ ഉത്തരം ഒരുപ്രശ്നവും വരില്ല എന്നുതന്നെയാണ്. സുരക്ഷിതമാണെന്ന് സജ്നയ്ക്ക് ഉറപ്പുള്ള സ്ഥലങ്ങളിലേക്കാണ് കൂട്ടുകാരികളെ സജ്ന കൊണ്ടുപോകുന്നത്. 600ലധികം സ്ത്രീകളോടൊപ്പം യാത്രകൾ നടത്തി, ഇതിനോടകം 60ൽ അധികം ട്രിപ്പുകൾ അപ്പൂപ്പൻതാടി സംഘടിപ്പിച്ചു. എല്ലാവർക്കും സന്തോഷങ്ങൾ മാത്രമാണ് സമ്മാനിക്കാനായത്. ഇപ്പോൾ ഗ്രൂപ്പിൽ എട്ടു ബഡ്ഡികളുണ്ട്. സജ്നയക്ക് പങ്കെടുക്കാൻ സാധിക്കാത്ത ട്രിപ്പുകളുടെ നടത്തിപ്പ് ഈ ബഡ്ഡികളുടെ ചുമതലയാണ്. അപ്പൂപ്പൻതാടിയുടെ പറക്കൽ ഒരിക്കലും അവസാനിക്കാതെയിരിക്കാൻ വേണ്ടിയാണിത്. 

യാത്രകളുടെ ചുമതലയേറിയതോടെ കമ്പ്യൂട്ടർലോകത്തോട് സജ്ന വിടപറഞ്ഞു. ഇപ്പോൾ പൂർണ്ണമായും അപ്പൂപ്പൻതാടിയ്ക്കൊപ്പമാണ്. സ്ത്രീകൾ ആൺതുണയില്ലാതെ ഒറ്റയ്ക്ക് പോകുന്നത് റിസ്ക് അല്ലേ എന്നുചോദിച്ചാൽ റാണി പത്മിനിയിലെ അതേ വാചകം സജ്ന പറയും. എന്തെങ്കിലും സംഭവിക്കാനാണ് വിധിയെങ്കിൽ സ്വന്തം വീട്ടിലായാലും സംഭവിക്കും. വീട്ടിൽ പോലും സുരക്ഷിതരല്ലാത്ത കാലത്ത്, പേടിച്ച് മാറിയിരുന്നാൽ എങ്ങനെ ലോകം കാണും, ഈ പ്രകൃതിയെ അറിയും. പച്ചപ്പിലലിയും. ധൈര്യമായി മുന്നോട്ടുവന്നാൽ ഏതുസ്ഥലവും സുരക്ഷിതമാണ്– സജ്ന പറഞ്ഞുനിര്‍ത്തുന്നു. 

കടപ്പാട്; ഫെയ്സ്ബുക്ക്