വിവാഹം കഴിച്ച് ഒരുപാട് ആളുകളുള്ള വീട്ടിലേക്ക് പോകണം; ആഗ്രഹങ്ങള്‍ തുറന്നുപറഞ്ഞ് വിജയരാജമല്ലിക

vijayarajamalika
SHARE

വിജയരാജമല്ലിക, പൂർത്തീകരിക്കാത്ത ആഗ്രഹങ്ങൾ ആവാഹിച്ച ഒരു പേര് അല്ല ഇന്നത്. നിശ്ചയദാർഢ്യത്തോടെ ചങ്കുറപ്പോടെ സ്വന്തം സ്വത്വത്തെ തിരിച്ചറിഞ്ഞ് അതിലേക്ക് പരകായപ്രവേശംനടത്തിയ ആത്മസമർപ്പണത്തിന്റെയും ധൈര്യത്തിന്റെയും പേരാണ് വിജയരാജമല്ലിക. ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും മലയാളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ കവയത്രിയുമായ വിജയരാജമല്ലിക ശരീരംകൊണ്ടും ആത്മാവ്കൊണ്ടും പൂർണ്ണമായും സ്ത്രീയാണ്. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ മനു ജെ കൃഷ്ണൻ എന്ന പേരിൽ ഒരു ആണായി ജനിച്ച വ്യക്തി വിജയരാജ മല്ലികയായതിന് പിന്നിൽ സഹിച്ച യാതനകൾ നിരവധിയാണ്. വേദനകളുടെ ഭൂതകാലത്തിൽ നിന്നും പ്രതീക്ഷകളുടെ വസന്തത്തിലേക്കാണ് വിജയരാജമല്ലിക എത്തിയിരിക്കുന്നത്. പുരുഷനിൽ നിന്നും പൂർണ്ണമായും സ്ത്രീയായി മാറിയതിനെക്കുറിച്ച്, ഇനിയുള്ള ജീവിതത്തെക്കുറിച്ച് വിജയരാജമല്ലിക മനസുതുറക്കുന്നു. 

മനുവിൽ നിന്നും വിജയരാജമല്ലികയിലേക്കുള്ള മാറ്റത്തെ എങ്ങനെ വിശേഷിപ്പിക്കുന്നു? 

മനസും ശരീരവും ഒന്നായി, അവർ ഒന്നായി എന്നാണ് ഞാൻ പറയുന്നത്. ഞാൻ ജീവിക്കുന്നത് എന്റേതായ അസ്തിത്വത്തിലും വ്യക്തിത്വത്തിലുമാണ്. ട്രാൻജെൻഡർ എന്ന അവസ്ഥയിൽ നിന്നും ഞാൻ ബയോളജിക്കലി സ്ത്രീ ആയി. സ്ത്രീയായത് ഞാൻ ആഘോഷിക്കുകയല്ല, അനിവാര്യതയായിരുന്നു. ഇപ്പോൾ എന്റെ സ്വത്വവും ശരീരവും ഒന്നായി. ഇത് എന്റെ എഴുത്തിനെയും മാനസികവ്യാപാരത്തെയും സ്വാധീനിച്ചിട്ടുണ്ട്. ജിലേബി എന്നൊരു കവിത എഴുതിയിട്ടുണ്ട്. ചില്ലുകൂട്ടിലെ ജിലേബിയെ കണ്ടിട്ടില്ലേ? പുരുഷനെന്ന അവസ്ഥയായിരുന്നു എനിക്ക് ചില്ലുകൂട്. ആ അവസ്ഥയിൽ നിന്ന് സ്ത്രീയാകാൻ ആഗ്രഹിക്കുമ്പോൾ അനുഭവിക്കുന്ന ഒറ്റപ്പെടലുകളും വേദനകളും നിരവധിയായിരുന്നു. 

ഇപ്പോൾ പക്ഷെ എനിക്ക് പേടിക്കേണ്ട. എന്നെങ്കിലും എനിക്കൊരു പുരുഷപങ്കാളിയോ ജീവിതമോ ഉണ്ടാകുമെന്ന പ്രത്യാശയുണ്ട്. പണ്ടൊക്കെ ഏതെങ്കിലും സ്ത്രീകൂട്ടായ്മയിൽ ഇരിക്കുമ്പോൾ അറിയാതെയെങ്കിലും വിഷമം തോന്നിയിരുന്നു. ഇന്നും ഭിന്നലിംഗമെന്നാണ് ട്രാൻസ്ജൻഡേഴ്സിനെ വിശേഷിപ്പിക്കുന്നത്. ലിംഗംകൊണ്ട് അളക്കുന്ന സമൂഹത്തിൽ സ്ത്രീയായി മാറിയതിൽ സന്തോഷമുണ്ട്.

vijayarajamalika3

ട്രാൻസ്ജെൻഡേഴ്സിന് കൃത്യമായ നിർവചമില്ല എന്നുള്ളതിൽ നിന്നാണോ നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങുന്നത്? 

ഇവിടെ ഇപ്പോഴും നിർവചനങ്ങൾ സങ്കീർണ്ണമാണ്. എല്ലാവർക്കും എല്ലാം അറിയാമായിരുന്നെങ്കിൽ ആർ.സി.സിയോ, മലപ്പുറമോ ഒന്നും ഉണ്ടാകില്ലായിരുന്നു. ഇപ്പോഴും പുരുഷമേധാവിത്വമുള്ള സമൂഹമാണ്. വൈചാത്യങ്ങളെക്കുറിച്ച് ആരും പഠിക്കുന്നില്ല. ന്യൂനപക്ഷം ഇപ്പോഴും അവകാശങ്ങൾക്ക് വേണ്ടി പോരാടി മുഖ്യധാരയിലേക്ക് വരുന്നത് എല്ലാവർക്കും കൗതുകമാണ്. രണ്ടു ട്രാൻജൻഡഴേസ് കട തുടങ്ങിയാൽ പോലും കൗതുകത്തോടെയാണ് അത് നോക്കുന്നത്. സ്കൂളിൽ പാഠ്യവിഷയങ്ങളിൽ പോലും ഇന്നും ട്രാൻജെൻഡേഴ്സ് എന്ന അവസ്ഥയെക്കുറിച്ച് പരാമർശമില്ല. 

ധൈര്യപൂർവ്വം ട്രാൻസ്ജെൻഡേഴ്സിന് പുറത്തിറങ്ങി നടക്കുന്ന സാഹചര്യമുണ്ടാകാൻ സമൂഹം മാറേണ്ടത് എങ്ങനെയെല്ലാമാണ്? 

ഞാൻ എന്റെ ശരീരം എക്സ്പ്ലോൾ ചെയ്തയാളാണ്. അതുകൊണ്ട് എനിക്ക് അകാരണമായ പേടിയില്ല. ഇവിടെ പഠിപ്പിക്കേണ്ടത് ആൺകുട്ടികളെയാണ്. സ്ത്രീയെന്ന സങ്കൽപ്പത്തെ ബിംബവത്കരിച്ചിരിക്കുകയാണ്. അസ്തിത്വവും വ്യക്തിത്വവും സ്ത്രീയ്ക്കുണ്ടെന്ന് ആരും മനസിലാക്കുന്നില്ല. ആസ്വാദനത്തിനും സമൂഹപ്രക്രിയയ്ക്കും മാത്രമുള്ളതല്ല സ്ത്രീകൾ എന്ന് ആൺകുട്ടികൾക്ക് ബോധ്യമുണ്ടാകണം. 

ആഗോളതാപനത്തിന്റെ കാലമാണ്. ട്രാൻസ്ജെൻഡർ, ഇന്റർസെക്സ് തുടങ്ങിയവരുടെ എണ്ണം ഇനി കൂടുകയെയുള്ളൂ. ട്രാൻസ്ജെൻഡേഴ്സിന്റെയുള്ളിൽ ക്രിമിനലുകൾ ഉണ്ടാകാൻ കാരണം കുടുംബമാണ്. കുടുംബത്തിൽ അംഗീകാരം ലഭിക്കാത്തത്, പല പ്രശ്നങ്ങൾക്കും കാര്യമാണ്. ഞാൻ ചീരകച്ചവടത്തിന് പോയപ്പോഴും, ഷൂ പോളിഷ് ചെയ്തപ്പോഴും, കടുക്ക കുടിച്ചപ്പോഴുമൊക്കെ ട്രാൻസ്ജെൻഡേഴ്സ് കളിയാക്കിയിട്ടുണ്ട്. എനിക്ക് എന്റെ പരിമിതികൾ അറിയാം അതുകൊണ്ടാണ് വീട്ടിനടുത്ത് തന്നെ, ഞാൻ ജനിച്ചനാട്ടിൽ തന്നെ ജോലി ചെയ്ത് ജീവിക്കാൻ സാധിക്കുന്നത്. 

അമ്മമാർ ബോൾഡാകണം. ട്രാൻസ്ജെൻഡറാണ് കുട്ടിയെന്ന് അറിഞ്ഞാൽ അത് അംഗീകരിക്കണം. അമ്മമാരും കുടുംബവും ഭാഷയും പൊതുസമൂഹവും അംഗീകരിക്കാൻ തയാറാകണം. സ്വന്തം വീടുകളിൽ ഇടംവേണം. അവിടെയാണ് അംഗീകാരം ആദ്യംവേണ്ടത്. വീട്ടിൽ നിന്നുള്ള തിരിച്ചടികൾ സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ കുട്ടിയുടെ ചെയ്തികളെയും പ്രവണതകളെയും സ്വാധീനിക്കും. ഇതുമൂലം മറ്റുള്ളവരുടെ ചൂഷണങ്ങളിൽ വീഴാൻ സാധ്യതകൂടുതലാണ്. 

നല്ലവരാണെന്നുപറഞ്ഞ് സഹായിക്കാൻ വരുന്നതിൽ ഭൂരിഭാഗവും ചീത്തയാണ്. 98 ശതമാനം ആളുകളും അവരുടെ കാര്യങ്ങൾക്ക്‌വേണ്ടിയാണ് സഹായിച്ചത്. എറണാകുളം പോലെയൊരു സ്ഥലത്ത് സ്വന്തം മകളായി കാണുന്ന വീട്ടുകാരുണ്ട്. ഒറ്റയ്ക്ക് താമസിക്കുമ്പോൾ പ്രണയത്തിനൊന്നും സ്ഥാനമില്ല. അത് നമ്മുടെ സ്വകാര്യതയിലെ നിഗൂഢതയായി അവശേഷിക്കും. എന്നെ അന്നും ഇന്നും ട്രാൻസ്ജെൻഡറായി ആരും അടയാളപ്പെടുത്തിയിട്ടില്ല. ഇപ്പോൾ തീരെയും അറിയാറില്ല. എന്നാൽ എന്നെ സംബന്ധിച്ച് ആ തരിച്ചറിയൽ അടയാളപ്പെടുത്തലാണ്. പ്രോഗ്രാമുകൾക്ക് പോകുമ്പോൾ ട്രാൻസ്ജെൻഡർ കവയത്രി എന്ന് വിളിക്കണം എന്നുതന്നെയാണ് ഞാൻ പറയുന്നത്. 

vijayarajamalika4

സെക്സ്‌വർക്കേഴ്സ് മാത്രമല്ല ട്രാൻസ്ജെൻഡേഴ്സ് എന്ന ബോധം സമൂഹത്തിന് ഇപ്പോഴും അന്യമാണോ? 

എറണാകുളത്തും കോഴിക്കോടുമൊക്കെ രാത്രിയിൽ കാണുന്നവർ മാത്രമല്ല ട്രാൻസ്ജെൻഡേഴ്സ്. സിനിമയുടെ മുൻനിരയിലും പിൻനിരയിലുമുള്ളവരുണ്ട്, പൊലീസ് ഓഫീസറുണ്ട്, കൊളജ് പ്രിൻസിപ്പളുണ്ട്. സമൂഹത്തിന് വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഒരുപാട് പരിഹാസവാക്കുകൾ ചൊരിഞ്ഞ് മലയാളഭാഷ വേദനിപ്പിച്ചിട്ടുണ്ട്. അതിന് മധുരപ്രതികാരമെന്നോണമാണ് ഞാൻ കവിതകൾ എഴുതുന്നത്. മരണംവരെയും എഴുതിക്കൊണ്ടേയിരിക്കണം. എന്റെ പരിമിതകൾക്കുള്ളിൽ നിന്ന് എന്റെ സാധ്യതകൾകണ്ടെത്തി പ്രവർത്തിക്കുക എന്നതാണ്. 

ഹോർമോൺ വ്യതിയാനം, ക്രോമസോം വ്യതിയാനം എന്നിവയുള്ളവർക്ക് ലൈംഗികതാൽപര്യം കൂടുതലാണ്. എന്നാൽ മറ്റുവികാരമില്ല എന്നുവിചാരിക്കുന്നത് തിരുത്തേണ്ട ചിന്തയാണ്. സമൂഹ്യവത്കരണം വരേണ്ടത് അത്യാവശ്യമാണ്. മനുഷ്യരെക്കുറിച്ചുള്ള അവബോധമില്ലായ്മയുമാണ് ഇത്തരം ചിന്താഗതിവളരാൻ കാരണമാകുന്നത്. എന്നോട് മോശമായ ഭാഷയിൽ സംസാരിച്ചാൽ കർകശമായിത്തന്നെ ഞാനും പ്രതികരിക്കാറുണ്ട്. എന്നാൽ തെറിവാക്കുകൾ പറയാറില്ല. വാക്കുകൾക്ക് മൂർച്ചയുണ്ടാകാറുണ്ട്. ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി പറയാറുണ്ട്. 

ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ എന്തെല്ലാമാണ്? 

ഞാൻ ആഗ്രഹിക്കുന്നത് നിരവധി ആളുകളുള്ള ഒരു കുടുംബത്തിലേക്ക് വിവാഹിതയായി പോകാനാണ്. ഇത്രയും നാളും ഞാൻ അനുഭവിച്ച ദുഖവും ഒറ്റപ്പെടലും ഏകാന്തതയും അവസാനിക്കേണ്ടതിന്റെ ആവശ്യമുണ്ട്. ആളുകൾ ഉണ്ടെങ്കിൽ തന്നെയും പരസ്പര ആശയവിനിമയം സാധിക്കാത്തവരുണ്ട്. പാർപ്പിടവും വീടും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. എന്റെ ഏകാന്തതയുടെ മതിലുകൾ ഓരോദിവസവും കൂർക്കുകയാണ് പരക്കുകയല്ല. ആശയവിനിമയം നടക്കുന്ന ട്രാൻസ്ജൻഡർ എന്ന സ്വാഭാവികതയെ അംഗീകരിക്കുന്ന വീടായിരിക്കണം. നിയമപരമായി ബന്ധംവേർപെടുത്തിയ പുരുഷനാകണമെന്നാണ് ആഗ്രഹിക്കുന്നത്. 

ഞാൻ സർജറിയിലൂടെ സ്ത്രീയായതാണ്. അങ്ങനെ ആയവരുടെ ലൈംഗികാവയവങ്ങളെക്കുറിച്ച് ഇപ്പോഴും പൊതുസമൂഹത്തിന് തെറ്റായധാരണയുണ്ട്. ഒരുലക്ഷം രൂപമുടക്കി സർജറി ചെയ്തത് സന്യാസിക്കാനോ ഫ്രീസെക്സ് ആസ്വദിക്കാനോയല്ല. എനിക്കൊരു വീട്ടിലേക്കാണ് പോകേണ്ടത്. എന്റെ ജീവിതവഴിയിൽ ഉണ്ടായ ഒരു അവസ്ഥയാണ് ട്രാൻസ്ജെൻഡറായത്, സാധാരണ മുഹൂർത്തം മാത്രമാണ്. എനിക്ക് എന്തായിതീരണം, ജീവിതം എന്തായി തീരണം എന്ന വ്യക്തമായ ലക്ഷ്യമുണ്ട്. 

എനിക്ക് കൈമുതലുള്ളത് ധൈര്യമാണ്. വരാനിരിക്കുന്നതിനെക്കുറിച്ച് ഞാൻ ആകുലപ്പെടാറില്ല. ഞാൻ ഈ നിമിഷം സന്തോഷവതിയാണ്. നാൽ രോഗങ്ങളുമായിട്ടാണ് ഞാൻ ജീവിക്കുന്നത്. കടന്നുവന്ന വഴികളാണ് എന്നെ പോസിറ്റീവാക്കാനും എന്തും ധൈര്യത്തോടെ നേരിടാനുമുള്ള ശക്തി നൽകുന്നത്. എനിക്ക് ഇനിയും പഠിക്കണം. 

എന്റെ സ്വപ്നം മിലട്ടറി നേഴ്സാവുകയെന്നതായിരുന്നു. പതിനാറുവർഷത്തെ ശസ്ത്രക്രിയാപ്രക്രിയകൾ എനിക്ക് തന്നത് കുറേ അസുഖങ്ങളാണ്. പിഎച്ചഡി ചെയ്യണം. ഫോറൻസിക്ക് സയൻസ് പഠിക്കണം 

ഒരുകുഞ്ഞിന്റെ അമ്മയാകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? 

ദത്തെടുക്കണമെന്ന് ചിന്തിച്ചിട്ടില്ല. ഒരുപാട് ട്രാൻസ്ജെൻഡർ സുഹൃത്തുക്കൾ ദത്തെടുത്തിട്ട് അവർക്കത് പിൽകാലത്ത് ബാധ്യതയായി മാറിയ അവസ്ഥയുണ്ട്. അമ്മ എന്നുപറയുമ്പോൾ നമ്മുടെ സമൂഹം കൽപ്പിക്കുന്ന ചില ബിംബകൽപ്പനകളുണ്ട്. ട്രാൻസ്ജെൻഡേഴ്സിനെ സംബന്ധിക്കുന്ന നെഗറ്റീവ് വാർത്തകൾ എന്നെ വേദനിപ്പിക്കാറുണ്ട്. അത് കാണുമ്പോൾ ഞാൻ ഞെട്ടാറുണ്ട്. ഞാൻ ദത്തെടുക്കുന്ന കുട്ടിയും സമൂഹത്തിന്റെ ഭാഗമാണ്. അവൻ അവന്റെ അമ്മയെക്കുറിച്ച് കേൾക്കുന്ന വാർത്തകൾ അവരോട് ഒരു അടുപ്പംവരാൻ സഹായിക്കുന്നതായിരിക്കില്ല.

പണ്ടൊക്കെ ലിംഗംമുറിച്ചുകളയലായിരുന്നു സർജറി എന്നുപറഞ്ഞാൽ പിന്നീടത് ഷെയ്പ്പിങ്ങും ഇപ്പോൾ വജെയ്നൽപ്ലാസ്റ്റിയുമായി. നമുക്ക് കാത്തിരിക്കാം ശാസ്ത്രം പുരോഗമിക്കുന്നകാലം വരും. ട്രാൻസ് ശരീരങ്ങൾക്ക് ആർത്തവമില്ലാതെ കുഞ്ഞുണ്ടാകുന്ന കാലം വരുമെന്ന് പ്രത്യാശിക്കാം. ഒരു സാധാരണസ്ത്രീയ്ക്കുള്ള യോനി തന്നെയാണ് എനിക്കുമുള്ളത്. 

vijayarajamalika2

കേരളത്തിലെ ആദ്യത്തെ ട്രൻസ്ജെൻഡർ റസിഡൻഷ്യൽ സ്കൂൾ എന്ന സ്വപ്നത്തെക്കുറിച്ച്? 

ട്രൻസ്ജെൻഡർ റസിഡൻഷ്യൽ സ്കൂൾ എന്ന സ്വപ്നം നടക്കില്ല. സാക്ഷരതാമിഷന്റെ പ്രവർത്തനം നന്നായിപോകുന്നുണ്ട്. രഞ്ജുരഞ്ജിമാർ ദ്വയ എന്ന സംഘടനയിലൂടെ സെന്റതേരാസ് കൊളേജുമായി ചേർന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നുണ്ട്. ഇഗ്നൗവിന്റെ കോഴ്സുകളും ആരംഭിച്ചിട്ടുണ്ട്. സർക്കാരിൽ പൂർണ്ണവിശ്വസാമുണ്ട്. വിജയരാജമല്ലിക തന്നെ സ്കൂൾതുടങ്ങണമെന്നില്ല. കൂടാതെ ശസ്ത്രക്രിയയ്ക്ക് ശേഷം പഴയതുപോലെ ആയാസമെടുക്കാൻ സാധിക്കില്ല. മാനസികമായി ഒരുപാട് സന്തോഷം വേണ്ട സമയമായതുകൊണ്ട് തൽക്കാലം സ്ക്കൂൾചിന്തയില്ല. മനുഷ്യാവകാശ ലംഘനങ്ങളുടെ നിഘണ്ടുവാണ് എന്റെ ജീവിതം. എന്നെകൊണ്ട് കഴിയാവുന്ന ഏത് സഹായവും ചെയ്യാൻ മടിയില്ല. 

വിജയ്സേതുപതിയുടെ പുതിയ സിനിമയിൽ അദ്ദേഹം ഒരു ട്രാൻസ്ജെൻഡറുടെ വേഷത്തിലാണ് എത്തുന്നത്. അത്തരം മാറ്റങ്ങൾ മലയാളസിനിമയിലും വരേണ്ടകാലം അതിക്രമിച്ചില്ലേ? 

നമ്മുടെ മാധ്യമങ്ങളും സിനിമയും മാറേണ്ടസമയം കഴിഞ്ഞു. മലയാളസിനിമ മുന്നോട്ട്പോകുന്നു എന്ന് പറയുമ്പോഴും ഇപ്പോഴും ട്രാൻസ്ജെൻഡർ നായകനെയോ നായികയേയും ഉൾക്കൊള്ളാൻ തയാറായിട്ടില്ല. ഉദാഹരണത്തിന് അഞ്ച് നായകന്മാരുള്ള ഒരു സിനിമയിൽ ഒരാൾ ട്രാൻസ്ജെൻഡറായിക്കൂടാ? എന്തുകൊണ്ട് രണ്ട്പുരുഷന്മാർ തമ്മിൽ പ്രണയം കാണിച്ചുകൂടാ? മാറ്റങ്ങളെ അംഗീകരിക്കാൻ മലയാളിമനസ് വളരേണ്ടതുണ്ട്. ഒറ്റയ്ക്കോ അല്ലാതെയോ വിജയം കൊയ്തവരുടെ ജീവിതവിജയങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ള സിനിമകളും സാഹിത്യവുമൊക്കെ വരേണ്ടതാണ്. 

ട്രാൻസ്ജൻഡറിന്റെ ജീവിതമെന്നുപറഞ്ഞുവന്ന മലയാളത്തിലെ പ്രമുഖസംവിധായകന്റെ സിനിമയുടെ റീലുകൾകൂട്ടിയിട്ട് കത്തിക്കണമെന്നാണ് എന്റെ അഭിപ്രായം. അതിലെ നായകനും ഞാനും ഒരിക്കൽ ഒരുമിച്ചൊരു വേദിപങ്കിട്ടിരുന്നു. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും യാതൊരുമോശംപെരുമാറ്റവും ഉണ്ടായില്ല, പക്ഷെ അധ്യക്ഷപ്രസംഗം നടത്തിയ ആളുടെ വാക്കുകൾ വേദനിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ചെയ്ത് അനശ്വരമാക്കിയ കഥാപാത്രവും അദ്ദേഹത്തോടൊപ്പം വേദിപങ്കിടുന്നത് അപൂർവ്വസംഗമമാണെന്നായിരുന്നു വാക്കുകൾ. കലാലയബോധമുൾപ്പെടെയുള്ളത് മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. 

മലയാളസിനിമയിൽ വിജയ്സേതുപതിയേക്കാൾ മികച്ചനടന്മാരുണ്ട്. മമ്മൂട്ടി അത്തരമൊരു സിനിമ ചെയ്തു കഴിഞ്ഞു. അദ്ദേഹത്തിന്റെ പുതിയ തമിഴ്സിനിമ 'പേരന്‍പി'ല്‍ അഞ്ജലി അമീറാണ് നായിക. നീലക്കുയിലും ചെമ്മീനുമൊക്കെ വന്ന മലയാളസിനിമ അതുക്കുംമേലെയാകണമെന്നാണ് എന്റെ ആഗ്രഹം. 

MORE IN SPOTLIGHT
SHOW MORE