വീഴ്ച വാഴ്ചയാക്കിവളുടെ ഓര്‍മ, ‘ജയ’ഭേരി മറഞ്ഞ തമിഴകത്തിന്റെ ഗതി

2016 സപ്തംബര്‍ ഇരുപത്തിരണ്ടിനാണ് പനിയും നിര്‍ജലീകരണവും കാരണം ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും ഉടന്‍ ആശുപത്രി വിടുമെന്നുമൊക്കെ ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നെങ്കിലും ഡിസംബര്‍ അഞ്ചിന് രാത്രി 11.30ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. തമിഴ്നാട് ജനതയുമായി വലിയ ആത്മബന്ധമുള്ള നേതാവായിരുന്നു പുരട്ചി തലൈവി എന്ന ജയലളിത. ഭരണത്തിലും പ്രവൃത്തിയിലുമെല്ലാം ഏകാധിപത്യ സ്വഭാവം പുലര്‍ത്തിയ രാഷ്ട്രീയക്കാരി. ദ്രോഹിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും നോട്ടമിട്ട് വേട്ടയാടുന്ന പ്രകൃതം. മാധ്യമങ്ങള്‍ക്ക് പോലും ചോദ്യമുന്നയിക്കാന്‍ ഭയമായിരുന്നു. ഭരണത്തിന്‍റെ ഒരു വശത്തിന് ഏകാധിപത്യ സ്വഭാവമുണ്ടെങ്കിലും മറുവശത്ത് ജനകീയ പ്രവര്‍ത്തനങ്ങളും അവര്‍ നടത്തിയിരുന്നു എന്നതാണ് വാസ്തവം. അമ്മ കാന്‍റീന്‍, അമ്മ സിമന്‍റ്, സൗജന്യ വിദ്യാഭ്യാസം, വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പും സൈക്കിളും, പാവപ്പെട്ടവര്‍ക്ക് മിക്സര്‍ ഗ്രൈന്‍റര്‍... അങ്ങനെ ജനത്തെ കയ്യിലെടുക്കാനുള്ള പൊടിക്കൈകളെല്ലാം പ്രയോഗിച്ചിരുന്നു. തമിഴ് വികാരം ഉയര്‍ത്തിപ്പിടിക്കുന്നതിലും തമിഴ്ജനതയുടെ അഭിമാനമാണ് വലുതെന്ന് പറയുന്നതിലും ജയലളിത കാണിച്ച സത്യസന്ധത അവരെ ജനകീയ നേതാവിലേക്കുയര്‍ത്തി. 

വിമര്‍ശനങ്ങളുടെ മുനയൊടിച്ച നേതാവ്

ഒരു ഏകാധിപത്യ സ്വഭാവമുള്ള നേതാവ് കളമൊഴിഞ്ഞിതിന്‍റെ പോരായ്മകളിലൂടെയെല്ലാം തമിഴ്നാട് ഒരു വര്‍ഷത്തിനിടയില്‍ കടന്നുപോയി. ജയലളിത സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത അവസ്ഥയിലേക്ക് അണ്ണാ ഡി.എം.കെ എന്ന പാര്‍ട്ടിയും ഭരണവും കൂപ്പുകുത്തി. മറു ശബ്ദമില്ലാതെ ഒരു മന്ത്രിസഭ കൃത്യമായി മുന്നോട്ട് കൊണ്ടുപോയതും, കേന്ദ്ര മന്ത്രിക്ക് പോലും പോയസ് ഗാര്‍ഡനിലെ വീടായ വേദനിലയത്തിന്‍റെ ഗേറ്റ് കടക്കാന്‍ അഞ്ച് മിനിറ്റ് കാത്തുനില്‍ക്കേണ്ടി വന്നതും, പ്രതിപക്ഷം പോലും ശബ്ദമുയര്‍ത്താന്‍ മടിച്ചതും ജയലളിത എന്ന അധികാര കേന്ദ്രത്തിന്‍റെ ശക്തി വെളിപ്പെടുത്തുന്നതായിരുന്നു. ജയലളിതയുടെ ഭരണകാലത്ത് പ്രതികരിക്കാന്‍ ഭയമായിരുന്നെന്ന് നടന്‍ കമല്‍ഹാസന്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. വിമര്‍ശനങ്ങളെ അധികാരം കൊണ്ട് നേരിട്ടയാളായിരുന്നു പുരട്ചി തലൈവി എന്നതാണ് വാസ്തവം.

മരണത്തിന്‍റെ വ്യാപ്തി 

ഒന്നര മാസത്തോളം ആശുപത്രിയില്‍ കിടക്കുകയും മരണം സംഭവിച്ചെന്ന് പലതവണ അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തതിനാല്‍ മുഖ്യമന്ത്രിയുടെ മരണം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയില്ല. എം.ജി.ആറിന്‍റെ മരണസമയത്ത് നിരവധി പേര്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത് പോലുള്ള സംഭവങ്ങള്‍ ജയലളിതയുടെ മരണ ശേഷം ഉണ്ടായില്ല. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജനസഹസ്രങ്ങള്‍ ചെന്നൈയിലേക്ക് ഒഴുകിയെത്തി. പുരട്ചി തലൈവി  എന്നും അമ്മ  എന്നും ജനം ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി തുടങ്ങിയവരെല്ലാം അന്തിമോപചാരമര്‍പ്പിക്കാനെത്തി.

രാത്രി പതിനൊന്നരയ്ക്ക് മുഖ്യമന്ത്രിയുടെ മരണം സ്ഥിരീകരിച്ചു. പുലര്‍ച്ചെ 1.20ന് രാജ്ഭവനിലെത്തിയ ഒ.പനീര്‍സെല്‍വം തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേരത്തെ ജയലളിത മാറിനിന്നപ്പോഴൊക്കെ മുഖ്യമന്ത്രിയായിരുന്നത് ഒ.പി.എസ് ആണ്. വന്‍ ജനാവലിയോടെ ജയലളിതയുടെ ഭൗതികദേഹം മറീന ബീച്ചില്‍ സംസ്കരിച്ചു.  സമാധി കാണാന്‍ ഇന്നും നിരവധി പേരാണ് എത്തുന്നത്. ചിലര്‍ അവിടിരുന്ന് പ്രാര്‍ഥിക്കും, ചിലര്‍ കരയും, ചിലര്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കും, മറ്റ് ചിലര്‍ ഫോട്ടോ എടുക്കും. അങ്ങനങ്ങനെ തമിഴ്ജനത അവരുടെ അമ്മയോടുള്ള സ്നേഹം ഇന്നും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു

പിന്നാലെ രാഷ്ട്രീയ നാടകം

ഇനി ജയലളിതയുടെ മരണ ശേഷമുള്ള രാഷ്ട്രീയ മാറ്റങ്ങളിലേക്ക് വരാം. അണ്ണാ ഡി.എം.കെയില്‍ ഉരുണ്ടുകൂടിയിരുന്ന വിഭാഗീയതയുടെ കരിമേഘങ്ങള്‍ പെരുമഴയായി പെയ്തു. ഒന്നര മാസത്തോളം പനീര്‍സെല്‍വം മുഖ്യമന്ത്രിയായി തുടര്‍ന്നെങ്കിലും  പിന്നീട് കാര്യങ്ങള്‍ സംഭവബഹുലമായിരുന്നു. ശശികല മുഖ്യമന്ത്രിയാകണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു. ഉയര്‍ത്തിയെടുത്തു എന്ന് പറയുന്നതാകും ശരി. ചുറ്റുമുള്ളവര്‍ ശശികലയ്ക്കായി മുറവിളി കൂട്ടിയപ്പോള്‍ പനീര്‍സെല്‍വം  വെറുമൊരു പാവയായി മാറി. അദ്ദേഹം തന്നെ ശശികല മുഖ്യമന്ത്രിയാകണം എന്ന് അവരെ അറിയിച്ചു. തുടര്‍ന്ന് എല്ലാവരും വി.കെ.ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പാര്‍ട്ടിപിടിക്കാനുള്ള മന്നാര്‍ഗുഡി സംഘത്തിന്‍റെ നീക്കമായിരുന്നു എല്ലാം. മനസില്‍ ചില കാര്യങ്ങള്‍ തീരുമാനിച്ചുറപ്പിച്ചിട്ടാണ് പനീര്‍സെല്‍വത്തിന്‍റെ നീക്കങ്ങളെന്ന് പിന്നീടാണ് വ്യക്തമായത്. ശശികല മുഖ്യമന്ത്രിക്കുപ്പായം അണിയാന്‍ തയ്യാറെടുത്തു.

പനീര്‍സെല്‍വത്തിന്‍റെ തുറന്നുപറച്ചില്‍

കാവല്‍ മുഖ്യമന്ത്രിയായി തുടരവെ 2017 ഫെബ്രുവരി ഏഴാം തിയ്യതി അപ്രതീക്ഷിതമായി മറീന ബീച്ചിലെ ജയ സമാധി സന്ദര്‍ശിച്ച ഒ.പനീര്‍സെല്‍വം അവിടെ കുത്തിയിരുന്ന് ധ്യാനിച്ചത് നാല്‍പ്പത് മിനുറ്റാണ്. നിറകണ്ണുകളോടെ മാധ്യമങ്ങളെ കണ്ട ഒ.പി.എസ്, ശശികലയ്ക്കും മന്നാര്‍ഗുഡി സംഘത്തിനും എതിരെ തുറന്നടിച്ചത് ഞെട്ടലോടെയാണ് തമിഴ് ജനത കേട്ടത്. അപ്രതീക്ഷിത നീക്കത്തില്‍ പകച്ചുപോയി തമിഴ്നാട് രാഷ്ട്രീയം. 

പാര്‍ട്ടിവിട്ട് പുറത്തുവന്ന പനീര്‍സെല്‍വം ധര്‍മ്മയുദ്ധം പ്രഖ്യാപിച്ചു. ശശികലയുടെ മുഖ്യമന്ത്രി പ്രവേശനത്തിനുമുമ്പ് ശശികലയ്ക്കേറ്റ ആദ്യ പ്രഹരമായിരുന്നു അത്. ജയലളിതയുടെ മരണത്തിന് കാരണക്കാര്‍ ശശികല കുടുംബമാണെന്നുവരെ തുറന്നടിച്ചു ഒ.പി.എസ്. ധര്‍മയുദ്ധം പ്രഖ്യാപിച്ചെങ്കിലും എം.എല്‍.എമാരെ ഒപ്പം നിര്‍ത്താന്‍ പനീര്‍സെല്‍വത്തിനായില്ല. ശശികല എം.എല്‍.എമാരെ കൂവത്തൂര്‍ റിസോര്‍ട്ടിലേക്ക് മാറ്റി. വലിയ രാഷ്ട്രീയ നാടകങ്ങള്‍ക്ക് കൂവത്തൂര്‍ റിസോര്‍ട്ട് സാക്ഷ്യം വഹിച്ചു. ശശികലയും, ടി.ടി.വി.ദിനകരനും,എടപ്പാടി പളനിസാമിയുമെല്ലാം ഒറ്റക്കെട്ടായി എം.എല്‍.എമാരെ കൂട്ടിലടച്ചു. റിസോര്‍ട്ടില്‍ നിന്നും രക്ഷപ്പെട്ട ഒരു  എം.എല്‍.എ പനീര്‍സെല്‍വത്തോടൊപ്പം എത്തിയതും വാര്‍ത്തയായി. അങ്ങനെ രാഷ്ട്രീയ നാടകങ്ങള്‍ തുടര്‍ന്നു.

വീണ്ടും ജയില്‍കാലം

പിന്നീട് ശശികല ജയിലാകുന്നതും ജയിലില്‍ പോകുന്നതിന് മുമ്പ് ദിനകരനെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നടന്നു. എടപ്പാടി പളനിസാമിയെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തു. നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടന്നു. വലിയ ഭഹളങ്ങള്‍ക്കൊടുവില്‍ ഇ.പി.എസ് വിശ്വാസവോട്ട് നേടിയെങ്കിലും പനീര്‍സെല്‍വം അടക്കമുള്ള പതിനൊന്ന് എം.എല്‍.എമാര്‍ വിട്ടുനിന്നു. പിന്നീടങ്ങോട്ട് എ.ഐ.എ.ഡി.എംകെയുടെ പതര്‍ച്ചയാണ് തമിഴ്നാട് കണ്ടത്. കൂടെനിന്ന ശശികലയേയും ദിനകരനെയും തള്ളിക്കളഞ്ഞ് പളനിസാമി പനീര്‍സെല്‍വവുമായി കൂട്ടുചേര്‍ന്നതിനും തമിഴ്നാട് സാക്ഷ്യം വഹിച്ചു. ഒ

.പി.എസും-ഇപിഎസും ഒരു ഭാഗത്തും ശശികലയും ദിനകരനും മറുഭാഗത്തുമായി. പോരാട്ടത്തിലൂടെ ജയലളിത സ്വന്തമാക്കിയ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചു. പിന്നീട് വാദങ്ങള്‍ക്കൊടുവില്‍ ചിഹ്നം ഭരമപക്ഷത്തിന് നല്‍കുകയായിരുന്നു. പക്ഷേ ദിനകരന്‍ നിയമ പോരാട്ടം തുടരുകയാണ്..

ഇതിനിടയില്‍ ശശികല പരോളിലിറങ്ങി ചെന്നൈയില്‍ എത്തിയെങ്കിലും കര്‍ശന ജാമ്യവ്യവസ്ഥകള്‍ കാരണം ഒരിടപെടലും നടത്താന്‍ കഴിഞ്ഞില്ല. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ് നടരാജനെ സന്ദര്‍ശിക്കാന്‍ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. രാഷ്ട്രീയപരമായി അണ്ണാ ഡി.എം.കെയ്ക്ക് പേരുദോഷം ഏറെയുണ്ടായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍.

ബിജെപിയുടെ കളികള്‍

ഭരണം പോലും താളം തെറ്റി. വര്‍ധ ചുഴലിക്കാറ്റ്, കഴിഞ്ഞമാസമുണ്ടായ വെള്ളപ്പൊക്കം, ഓഖി ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളിലും പകര്‍ച്ചപ്പനി പ്രതിരോധത്തിലെ വീഴ്ചയിലും അഴിമതിയിലുമെല്ലാം സര്‍ക്കാര്‍ വിമര്‍ശനത്തിന് വിധേയമായി. നടന്‍ കമല്‍ഹാസന്‍ സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി വിമര്‍ശനമുന്നയിച്ചു. ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ പോലും മടിച്ചിരുന്ന പലരും പര്സപരം ചെളിവാരിയെറിയല്‍ തുടങ്ങി.

ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും കളിപ്പാവയായി തമിഴ്നാട് സര്‍ക്കാര്‍ മാറിയെന്ന് ആരോപണമുയര്‍ന്നു. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍റെ തിരക്കഥയ്ക്ക് അനുസരിച്ച് മുഖ്യമന്ത്രിയും കൂട്ടരും നീങ്ങുന്നു എന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്ക് വലിയ സ്വീകാര്യത കിട്ടി. സര്‍ക്കാരിന്‍റെ കാര്യക്ഷമതയില്ലായ്മ എം.ജി.ആര്‍.ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് പോലും മങ്ങലേല്‍പ്പിച്ചു. 

 

ജയലളിതയുണ്ടായിരുന്നെങ്കില്‍

ജല്ലിക്കട്ട് വേണ്ടിയുള്ള പ്രക്ഷോഭം, നീറ്റിനെതിരായ സമരം എന്നിവയൊക്കെ ഉയര്‍ന്നുവന്നപ്പോള്‍ ജയലളിതയുടെ അഭാവം തമിഴ്നാട് അനുഭവിച്ചറിഞ്ഞു. പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വീടായ വേദനിലയം വരെ ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്യുന്ന സാഹചര്യമുണ്ടായി. ഒടുവില്‍ പാര്‍ട്ടിക്കുള്ളിലെ തമ്മിലടി കാരണം ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതെ വീര്‍പ്പുമുട്ടുന്ന സാഹചര്യവും അണ്ണാ ഡി.എം.കെയില്‍ ഉണ്ടായി.

വൈകാരികമായി തമിഴ് ജനതയ്ക്ക് ജയലളിതയുമായി ഏറെ അടുപ്പമുണ്ട്. ആ വൈകാരികതയ്ക്ക് കുറവുണ്ടായേക്കാം. പക്ഷേ ജയലളിതയ്ക്ക് മുമ്പും ശേഷവും എന്നാകും തമിഴ്നാടിനെ ചരിത്രത്തില്‍ രേഖപ്പെടുത്തുക. വീഴ്ചകളില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് കൂടുതല്‍ കരത്തോടെ പടവുകള്‍ കയറിയ പെണ്‍കരുത്തായിരുന്നു ജയലളിത. അവര്‍ കാച്ചിക്കുറുക്കി വളര്‍ത്തി വലുതാക്കിയ അണ്ണാ ഡി.എം.കെ എന്ന പാര്‍ട്ടി കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ജനമനസുകളില്‍ നിന്ന് ഏറെ അകന്നു.

മൂന്ന് ദിവസം കൊണ്ട് ചിലപ്പോള്‍ മൂന്ന് മാസം കൊണ്ട് ഏറി വന്നാല്‍ മൂന്ന് വര്‍ഷം കൊണ്ട് ആ പാര്‍ട്ടി തന്നെ ഇല്ലാതായേക്കാം എന്ന അവസ്ഥയിലാണ് അണ്ണാ ഡി.എം.കെ. പുരട്ചി തലൈവി ജയലളിതയില്ലാത്ത തമിഴ്നാട് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് തലകുനിക്കാത്ത ഇടങ്ങളില്ല.  തമിഴ്നാട് ഇപ്പോഴും കാത്തിരിക്കുന്നു. വീണ്ടും മുഴങ്ങുന്ന ജനകീയതയുടെ ജയഭേരിക്കായി.