മാനുഷിയെ കിരീട നേട്ടത്തിലേക്ക് നയിച്ചത് സുസ്മിതോ?

ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയ മാനുഷി ചില്ലറാണ് ഇന്ന് ഇന്ത്യൻ യുവതയുടെ സൗന്ദര്യസങ്കൽപം. 17 വർഷങ്ങൾക്കു ശേഷം ലഭിച്ച സൗന്ദര്യ കിരീടമായതുകൊണ്ടുതന്നെ അതിന് ഭംഗി ഏറും. എംബിബിഎസ് വിദ്യാർഥിനിയായ മാനുഷി തന്റെ പഠനത്തിന് ചെറിയ ബ്രേക്കെടുത്താണ് മത്സരത്തിൽ പങ്കെടുത്ത് വിജയിയായത്. അതുകൊണ്ട് തന്നെ പഠനം പൂർത്തിയാക്കി ‍ഡോക്ടറാകണം എന്നതും ആരോഗ്യ മേഖലയെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ അവബോധം ഉണ്ടാക്കിയെടുക്കണം എന്നതുമൊക്കെയാണ് മാനുഷിയുടെ ലക്ഷ്യങ്ങൾ. അതിനാൽ‌ തന്നെ ബോളിവുഡിലേക്കില്ലെന്ന് മാനുഷി വ്യക്തമാക്കിക്കഴിഞ്ഞു. 

ഇതിനിടയിലാണ് മാനുഷിയും മുൻ ലോകസുന്ദരി സുസ്മിതാസെന്നുമായുള്ള വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു ഫ്ലൈറ്റ് യാത്രയ്ക്കിടയിൽ താനേറെ ആരാധിക്കുന്ന സുസ്മിത സെന്നിനെ കണ്ട നിമിഷങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത് മാനുഷി തന്നെയാണ്. അന്ന് സുസ്മിതാസെൻ നൽകിയ ഉപദേശം തന്നെ വിജയത്തിലെത്താൻ ഏറെ സഹായിച്ചുവെന്ന് മാനുഷി വ്യക്തമാക്കി. 

'' നിന്റെ മികച്ച പ്രകടനം കാഴ്ച വെക്കൂ, ബാക്കിയെല്ലാം ദൈവത്തിന്റെ കൈകളിൽ അർപ്പിക്കുക'' എന്നായിരുന്നു സുസ്മിത നൽകിയ ഉപദേശം. മാനുഷിക്ക് സർവ ഭാഗ്യങ്ങളും നേർന്ന് കൈകളില്‍ മുത്തമി‌‌ടുകയും ചെയ്തു സുസ്മിത. ലോകസുന്ദരിയുടെ ആവാക്കുകൾ മാനുഷിയെ ഏറെ സ്വാധീനിച്ചു, ലോകത്തിനുമുന്നിൽ ഇന്ത്യയുടെ അഭിമാനമായി മാറാൻ മാനുഷിക്ക് പ്രചോദനമായത് ഇൗ വാക്കുകളാണെന്നാണ് ഇന്ന് സമൂഹമാധ്യമങ്ങൾ വിലയിരുത്തുന്നത്.

ഡിഫൻസ് റിസർച്ച് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ശാസ്ത്രജ്ഞനായ ഡോ. മിത്ര ബസു ഛില്ലറിന്റെയും ഡോ. നീലം ഛില്ലറിന്റെയും മകളാണു മാനുഷി. ആർത്തവാരോഗ്യം സംബന്ധിച്ചു ഗ്രാമങ്ങളിലെ സ്ത്രീകൾക്കു ബോധവൽക്കരണം നൽകുന്ന ശക്തി പദ്ധതിയുടെ ഭാഗമായി അയ്യായിരത്തോളം സ്ത്രീകൾക്കു പരിശീലനം നൽകിയിരുന്നു. ഇനിയും ഇത് തുടരാനാണ് ആഗ്രഹം. രണ്ടായിരത്തിൽ പ്രിയങ്ക ചോപ്രയാണ് അവസാനമായി ലോകസുന്ദരിയായ ഇന്ത്യക്കാരി. മലയാളിയായ പാർവതി ഓമനക്കുട്ടൻ 2008ൽ ഫസ്റ്റ് റണ്ണറപ്പായിരുന്നു.