ആസിഡിൽ മുഖം വെന്തുപോയിട്ടും ഉരുകി ഒലിച്ചില്ല പ്രണയം

Pramodini-and-sarojpx
SHARE

ആസിഡാക്രമണത്തിൽ പരുക്കേറ്റ പ്രമോദിനിക്ക് ഇനിയും സരോജ് കുമാർ സാഹു തുണയാകും. അപ്രതീക്ഷിതമായി പ്രമോദിനിയുടെ ജീവിതത്തിലേക്ക് കടന്നുവന്ന് ചികിത്സയ്ക്ക് തുണയായ സരോജിനോടൊപ്പം തന്നെ ഭാവി ജീവിതവും തുടരാൻ ഇവർ തീരുമാനിക്കുകയായിരുന്നു. 15–ാം വയസിലാണ് ഒഡീഷ സ്വദേശിനിയായ പ്രമോദിനി റൗളിന്റെ ജീവിതം തകിടം മറിയുന്നത്. വിവാഹാഭ്യർത്ഥന നിരസിച്ചതിന് അർധ സൈനിക വിഭാഗത്തിൽ ജോലിയുണ്ടായിരുന്ന യുവാവ് പ്രമോദിനിക്ക് നേരെ ആസിഡാക്രമണം നടത്തുകയായിരുന്നു. 

നാലു മാസത്തോളം അത്യാഹിത വിഭാഗത്തിലും പിന്നീട് നീണ്ട നാലു വർഷം ഒഡീഷയിലെ വീട്ടിലെ കിടക്കയിലുമാണ് ഇവൾ ജീവിതം തള്ളിനീക്കിയത്. മുഖത്ത് മുഴുവൻ പൊള്ളലേറ്റതിന് പുറമെ രണ്ടു കണ്ണുകളുടെയും കാഴ്ചയും പ്രമോദിനിക്ക് നഷ്ടമായി. പിന്നാലെ കാലുകളിൽ അണുബാധയും പിടിപെട്ടതോടെയാണ് നാലു വർഷം നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായത്. തെളിവുകളുടെ അഭാവത്തിൽ പ്രതിയെ കോടതി വെറുതെ വിടുകയും ചെയ്തു.

pramodini-before-attackpx

എന്നാൽ തുടർച്ചയായുള്ള ശസ്ത്രക്രിയകളിലൂടെ പ്രമോദിനി വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഒരു കണ്ണിന്റെ കാഴ്ചയും ഭാഗികമായി ലഭിച്ചു. 2014 മാര്‍ച്ചിലാണ് സരോജ് കുമാർ സാഹുവും പ്രമോദിനിയും ആദ്യമായി കണ്ടു മുട്ടുന്നത്. സുഹൃത്തുക്കളോടൊപ്പം മറ്റൊരാളെ കാണുന്നതിനായി ആശുപത്രിയിലെത്തിയ സരോജ് ദിവസങ്ങൾക്കു ശേഷമാണ് തന്നോട് സംസാരിക്കാൻ തുടങ്ങിയതെന്ന് പ്രമോദിനി ഓർക്കുന്നു.

ഇടയ്ക്കിടെ ആശുപത്രി സന്ദർശിക്കാറുള്ള സരോജ് പ്രമോദിനിയുടെ അമ്മയോട് ചികിത്സാ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞിരുന്നു. ഫിസിയോതെറാപ്പി ചികിത്സാ സമയങ്ങളിൽ ഒറ്റയ്ക്ക് അയാൾ അവളെ കാണാനെത്തി. എഴുന്നേറ്റ് നടക്കാൻ നാലു വർഷമെടുക്കുമെന്നറിഞ്ഞപ്പോൾ തകർന്നു പോയ അമ്മയെ സമാധാനിപ്പിച്ചത് സരോജ് ആണ്. പ്രമോദിനിയെ നടത്തുന്നതിനായി കഴിയുന്നതെല്ലാം ചെയ്യുമെന്ന് സരോജ് അമ്മയ്ക്ക് വാക്കു കൊടുത്തു. ദിവസേന ആശുപത്രി സന്ദർശിച്ച് സരോജ് പ്രമോദിനിയെ പരിചരിച്ചു. ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയത്തിനു വഴിമാറുകയായിരുന്നു.

Pramodini-after-attackpx

തുടർന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇരുവരുടെയും കുടുംബങ്ങള്‍ക്കും സന്തോഷം തന്നെ. ചികിത്സയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് പ്രമോദിനിയിപ്പോൾ. സാമ്പത്തിക പരാധീനതകൾ അലട്ടുന്നുണ്ടെങ്കിലും സരോജിന്റെ പിന്തുണയിലൂടെ ചികിത്സ വിജയകരമായി പൂർത്തിയാക്കി പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഈ യുവതി.

MORE IN SPOTLIGHT
SHOW MORE