ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തായി ഗ്ലൈഡ് ബോംബ്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക വിദൂര നിയന്ത്രിത ഗ്ലൈഡ് ബോംബ് വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപൂരിലായിരുന്നു പരീക്ഷണം. 70 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം തകർക്കാൻ കഴിയുന്ന  ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരമായിരുന്നെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സ്മാർട്ട് ആന്‍റി എയർഫീൽഡ് വെപ്പണ്‍(എസ്എഎഡബ്ല്യു) എന്ന പേരിലുള്ള ബോംബ് ചാന്ദിപ്പൂരിലെ ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ വ്യോമസേനാ വിമാനത്തിൽനിന്നു വിക്ഷേപിക്കുകയായിരുന്നു. റിസർച്ച് സെന്റർ ഇമറാത് (ആർസിഐ), ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ), ഇന്ത്യൻ വ്യോമസേന എന്നിവ ചേർന്നാണ് പുതിയ ബോംബ് വികസിപ്പിച്ചെടുത്തത്. ബോംബിനെ ഉടൻതന്നെ വ്യോമസേനയുടെ ഭാഗമാക്കുമെന്ന് ഡിആർഡിഒ അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിൽ  ഗ്ലൈഡ് ബോംബ് നിർണായക പങ്കുവഹിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഗ്ലൈഡ് ബോംബ് നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ച ഡിആർഡിഒ ശാസ്ത്രജ്ഞരെയും വ്യോമസേനയെയും പ്രതിരോധമന്ത്രി നിർമല സീതാരാമന്‍ അഭിനന്ദിച്ചു.