യുവാവിന്റെ പോക്കറ്റിൽ സ്മാർട് ഫോൺ പൊട്ടിത്തെറിച്ചു-വിഡിയോ

Thumb Image
SHARE

ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച വാർത്ത വീണ്ടും. ഇത്തവണ പശ്ചിമ ബംഗാളിലെ മിഡ്നാപൂരിലാണ് സംഭവം നടന്നത്. 

ഒരു കടയിൽ ഇരിക്കുകയായിരുന്ന യുവാവിന്റെ പോക്കിലിരുന്ന മൊബൈൽ ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ തന്നെ ഫോൺ എടുത്തു മാറ്റുകയും ഷർട്ട് ഊരുകയും ചെയ്തതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 

സ്മാർട് ഫോണുകൾക്കു തീ പിടിക്കുന്നതും പൊട്ടിത്തെറിക്കുന്നതുമായ സംഭവങ്ങൾ കൂടി വരികയാണ്. ബാറ്ററി തീപിടിച്ചു പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതിനാൽ ഗാലക്സി നോട്ട് 7 സ്മാർട് ഫോണിന്റെ ഉൽപാദനവും വിപണനവും നിർത്തിവയ്ക്കാൻ കഴിഞ്ഞ വർഷം സാംസങ് തീരുമാനിച്ചിരുന്നു. 

ഫോൺ തീ പിടിക്കില്ല, ഒന്നു ശ്രദ്ധിച്ചാൽ

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീ പടർന്നതുൾപ്പെടെയുള്ള അപകടങ്ങൾ ഇപ്പോൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 2014ൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു രാജസ്ഥാൻ സ്വദേശി മരിച്ചിരുന്നു. തൃശൂർ കൊരട്ടിയിലും മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടമുണ്ടായി. ഒന്നു ശ്രദ്ധിച്ചാൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ ഒഴിവാക്കാം. 

ചാർജ് ചെയ്യുമ്പോൾ കോൾ അരുത് 

ചാർജ് ചെയ്യുമ്പോൾ മൊബൈലിൽ ഫോണിൽ സംസാരിക്കരുത്. മാത്രമല്ല ചാർജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ നെറ്റ് ബ്രൗസിങ്, എസ്എംഎസ് പരിശോധിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. കോൾ ചെയ്യുന്നതുപോലെ തന്നെ നെറ്റ് ഉപയോഗിക്കുന്നതും ഫോൺ ചൂടാകാൻ കാരണമാകും. 

രാത്രി ചാർജിങ് വേണ്ട 

ബാറ്ററി ലൈഫില്ലാത്ത ഫോണുകളാണല്ലോ ഇന്നത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്. രാത്രി മുതൽ രാവിലെ വരെ ചാർജ് ചെയ്താലും ഈ പ്രശ്നം മാറില്ല. പക്ഷേ രാത്രി ചാർജിങ്ങിലിട്ട് രാവിലെ എടുക്കുന്ന രീതി ഇനി വേണ്ട. 100 ശതമാനം ചാർജായാൽ അപ്പോൾ തന്നെ ചാർജർ ഊരിമാറ്റണം. അതേപോലെ ഫോൺ ബാറ്ററി 20 ശതമാനത്തിനും താഴെയാകുന്നതിനു മുൻപു ചാർജ് ചെയ്താൽ ചാർജിങ് സമയവും ലാഭിക്കാം. 

കാറ്റും വെളിച്ചവും 

ആവശ്യത്തിനു വെന്റിലേഷൻ ഇല്ലാത്ത മുറിയിൽ വച്ചു മൊബൈൽ ഫോൺ ചാർജ് ചെയ്യരുത്. ചാർജിങ് സമയത്തു ഫോൺ ചൂടാകുന്നതിനാൽ തണുക്കാനുള്ള വായു കടക്കുന്ന മുറിയിലായിരിക്കണം ചാർജിങ്. അതുപോലെ ചാർജിങ് ടേബിളിൽ ലോഹങ്ങളുടെ സാന്നിധ്യവും പരമാവധി ഒഴിവാക്കാം. 

തലയണയ്ക്കടിയിൽ വയ്ക്കല്ലേ 

ഉപയോഗം കൂടുമ്പോൾ ചൂടാകാത്ത ഒരു ഫോണും ഇല്ല. കമ്പനികളുടെ വ്യത്യാസം അനുസരിച്ച് ചൂടിന്റെ അളവിൽ വ്യത്യാസം വരുമെന്നു മാത്രം. ഉപയോഗിച്ച ശേഷമോ ചാർജ് ചെയ്തതിനു തൊട്ടുപിന്നാലെയോ ഫോൺ തലയണയ്ക്ക് അടിയിൽ വയ്ക്കരുത്. നന്നായി വായു ലഭിക്കുന്ന സ്ഥലത്തു മാത്രം ഫോൺ വയ്ക്കുക. ചൂടായ ഫോൺ പോക്കറ്റിലിടാതിരിക്കാനും ശ്രദ്ധിക്കുക. 

ഹെഡ്സെറ്റിലാക്കാം സംസാരം 

ഹെഡ്സെറ്റ് ഉപയോഗിച്ചാൽ റേഡിയേഷൻ കുറയ്ക്കുന്നതു മാത്രമല്ല, പൊട്ടിത്തെറിക്കുമ്പോഴുള്ള അപകടത്തിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യും. 

ബാറ്ററി മാറുമ്പോൾ സൂക്ഷിക്കുക 

ബാറ്ററിയും ചാർജറും മാറേണ്ടി വരുന്നതു സ്വാഭാവികം. പക്ഷേ മാറ്റിവാങ്ങുമ്പോൾ ഒറിജിനൽ ബാറ്ററിയും ചാർജറും വാങ്ങിയില്ലെങ്കിൽ ചിലപ്പോൾ പണിപാളും. ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ സ്ഫോടനങ്ങളുടെ കാരണവും ഇതു തന്നെയാണ്. ഫോണിനു യോജിക്കാത്ത ചാർജറുകളും വിലകുറഞ്ഞ ബാറ്ററിയും ഇനി വാങ്ങേണ്ട. 

ഓൺലൈൻ ഷോപ്പിങ് ശ്രദ്ധിച്ചു മാത്രം 

ഇപ്പോൾ പല കമ്പനികളുടെ മോഡലുകളും ഓൺലൈനിൽ മാത്രമേ ലഭ്യമാകൂ. ഓൺലൈനായി ഫോൺ വാങ്ങിക്കോളൂ. പക്ഷേ കമ്പനിയെ കുറിച്ചും ഉൽപന്നത്തെ കുറിച്ചും നന്നായി പഠിച്ചിട്ട് മാത്രം.ഫോൺ തീ പിടിക്കില്ല, ഒന്നു ശ്രദ്ധിച്ചാൽ 

MORE IN SPOTLIGHT
SHOW MORE