ഓരോ തിയതിക്കും ഓരോ പ്രത്യേകതകളുണ്ട്, എന്നാൽ അത്യപൂർവമായ ചില പ്രത്യേകതകളുള്ള ചില ദിവസങ്ങളുണ്ട്. അത്തരമൊരു തിയതിയാണ് ഇന്നത്തേത്. അതെന്താണെന്നറിയാൻ അക്കത്തിലെഴുതിയ തിയതി ഒന്ന് തിരിച്ചും മറിച്ചും വായിച്ചു നോക്കിക്കേ. 7–10–2017 എന്ന തിയതി നേരെ വായിച്ചാലും പുറകിൽ നിന്നു വായിച്ചാലും ഒന്നുതന്നെയാണ്. തിയതി, മാസം, വർഷം എന്ന ക്രമത്തിൽ വേണം വായിക്കാൻ. ഇത്തരം തിയതികള്‍ പാലിൻഡ്രോം (palindrome date) തിയതികളെന്നാണ് അറിയപ്പെടുന്നത്. പല രാജ്യങ്ങളും തിയതി എഴുതുന്ന ഘടന വ്യത്യസ്മായതു കൊണ്ട് ഒാരോ രാജ്യങ്ങളിലും ഈ പാലിൻഡ്രോം (palindrome date) തിയതി വ്യത്യസ്തമായിരിക്കും. ഇത്തരം തിയതികൾ വളരെ അപൂർവങ്ങളിൽ അപൂർവമാണ്. ഇത് ഒരു സഹസ്രാബ്ദത്തിന്റെ ആദ്യ നൂറ്റാണ്ടിൽ മാത്രമാണ് സാധാരണയായി ഉണ്ടാകുക.
കണക്കനുസരിച്ച് ഈ ശതാബ്‌ദത്തിൽ തിയതി, മാസം, വർഷം എന്ന ക്രമത്തിൽ 21 പാലിൻഡ്രോം തിയതികൾ മാത്രമാണുള്ളത്. എന്നാൽ മാസം, തിയതി, വർഷം എന്ന ക്രമത്തിൽ 12 പാലിൻഡ്രോം തിയതികളുമുണ്ട്. ഈ സഹസ്രാബ്ദത്തിലെ ആദ്യ പാലിൻഡ്രോം തിയതി ജനുവരി 1, 2001 ഉം അവസാനത്തേത് സെപ്റ്റംമ്പർ 22, 2290 (09-22-2290) ഉം ആണ്. ചില സംഖ്യാശാസ്ത്രഞ്ജർ ഇത്തരം തിയതികളെ ശുഭദിനമായാണ് കണക്കാക്കുന്നത്. ഒരാളുടെ ശരാശരി ജീവിതകാലത്ത് പരമാവധി ഒന്നോ രണ്ടോ പാലിൻഡ്രോം തിയതികൾ മാത്രമാണ് ഉണ്ടാകുന്നത്. അത് കാണാനാകുന്നത് ശുഭശകുനമായാണ് ഇവർ പറയുന്നത്.