64,000 രൂപ വിലയുള്ള ഐഫോണ്‍ 8 ഹാന്‍ഡ്സെറ്റ് വാങ്ങിയ ചിലര്‍ക്ക് ഫോണ്‍ വിളിക്കുമ്പോള്‍ ഒരു വിചിത്ര സ്വരം കേള്‍ക്കുന്നതായി പരാതി ഉയര്‍ന്നു. ഈ സ്വരം മൂലം മറുതലയ്ക്കല്‍ സംസാരിക്കുന്നയാളുടെ സ്വരം മുറിയുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ഉപയോക്താക്കള്‍ നടത്തുന്നത്. ഈ പ്രശ്നമുള്ള മോഡലുകളില്‍ ഫെയ്സ്ടൈം വിളികളും മുറിയുന്നു. ഐഫോണ്‍ 8 പ്ലസ് മോഡലിലും ഇത് വ്യക്തമായി അനുഭവിക്കാം.
സാധാരണ, തങ്ങളുടെ ഉപകരണങ്ങള്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടെന്നു സമ്മതിക്കാത്ത ആപ്പിള്‍ ഈ പ്രശ്നത്തില്‍ വേഗം പ്രതികരിച്ചു. ചില മോഡലുകള്‍ക്ക് ഇങ്ങനെ സംഭവിക്കുന്നുണ്ടെന്ന് സമ്മതിക്കുയും അത് ഒരു സോഫ്റ്റ്വെയര് കുഴപ്പമാണെന്ന് പറയുകയും ചെയ്തു. ഒരു സോഫ്റ്റ്വെയര് പാച് അയച്ച് ഇതു പരിഹരിക്കുമെന്നും അവര്‍ പറഞ്ഞു.
ഹെഡ്ഫോണിലൂടെയോ സ്പീക്കറിലൂടെയോ ആണ് ഫോണ്‍ വിളിക്കുന്നതെങ്കില് ഈ പ്രശ്നമില്ല. ഈ കുഴപ്പം ഏതെങ്കിലും ഒരു രാജ്യത്തു വിറ്റ മോഡലുകള്ക്കല്ല, മറിച്ച്, ആദ്യ സ്റ്റോക് എത്തിയ മിക്ക രാജ്യങ്ങളിലെയും ഉപയോക്താക്കള്‍ അനുഭവക്കേണ്ടിവന്നു. ഇതു മൂലം താന്‍ വാങ്ങിയ ഫോണ്‍ മാറ്റി വാങ്ങിയ ഒരു ഉപയോക്താവു പറയുന്നത് തനിക്കു കിട്ടിയ പുതിയ ഫോണിലും ഇതുണ്ടെന്നാണ്. ഒന്നിലേറെ ആപ്പുകളെ ഈ പ്രശ്നം ബാധിച്ചിരിക്കുന്നതിനാല്‍ ഇത് ഒരു സോഫ്റ്റ്വെയര് ബഗ് ആയിരിക്കുമെന്നാണ് സ്വതന്ത്ര ടെക് വിദഗ്ധരും അനുമാനിക്കുന്നത്. എന്നാല്‍ ആപ്പിള്‍ ഇന്നു ലഭ്യമാക്കിയ iOS 11.0.1 ല്‍ ഈ പ്രശ്നത്തിനു പരിഹാരമില്ല. വരും ആഴ്ചകളില്‍ ഇറക്കുന്ന പാച്ചിലൂടെ ഈ കുഴപ്പം തീര്‍ക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.