E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday January 21 2021 04:39 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

'ആ കഥാപാത്രത്തിന് ടീച്ചറമ്മ എന്റെ പേരിടുമ്പോഴാണ് ഞാൻ ട്രെയിനിൽ നിന്ന് തെറിച്ച് വീഴുന്നത് ' : വിനോദ് കൃഷ്ണ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vinod
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കവിതകളെ എങ്ങനെയൊക്കെ അവതരിപ്പിക്കാം? വായനയ്ക്കപ്പുറം പുതിയ കവിത കേൾവിക്കും കാഴ്ചയ്ക്കും അനുഭവത്തിനുമുള്ള സാധ്യതകളൊരുക്കുന്നു. കവിത്വം തുളുമ്പുന്ന ഭാഷ കൈവശം ഉള്ളതുകൊണ്ട് മാത്രമല്ല വിനോദ് കൃഷ്ണ പോയട്രി ഇൻസ്റ്റലേഷൻ എന്ന നവ കവിതാവഴിയുടെ ഡയറക്ടറായത്. അതൊരു മോഹമായിരുന്നു എഴുത്തുകാരന്റെ കവിതയുടെ വഴിയിൽ വീണ്ടും വീണ്ടും സഞ്ചരിക്കാനുള്ള മോഹം. വിദേശങ്ങളിൽ മാത്രം കാഴ്‌ചക്കാരുള്ള ഇൻസ്റ്റലേഷനുകൾക്ക് അങ്ങനെ കേരളത്തിലും അരങ്ങൊരുങ്ങി. ലോകത്തിലെ ആദ്യത്തെ പോയട്രി ഇൻസ്റ്റലേഷൻ വിനോദ് കൃഷ്ണയുടെ നേതൃത്വത്തിൽ തുടങ്ങിയിട്ട് ഇത് മൂന്നാം വർഷം...

"എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന താൽപ്പര്യത്തിൽ നിന്നാണ് കവിതകൾ വച്ച് ഇൻസ്റ്റലേഷൻ ചെയ്യാൻ തീരുമാനിക്കുന്നത്. ഈ ആശയം ആദ്യം പറയുന്നതു സൗണ്ട് ഡിസൈനറായ രംഗനാഥിനോടാണ്. അദ്ദേഹം ഡിസൈനർ ആയതുകൊണ്ട് തന്നെ ശബ്ദം കൊണ്ട് കവിതയെ ഞാൻ ഉദ്ദേശിക്കുന്ന രീതിയിലേയ്ക്ക് കൊണ്ടെത്തിക്കാൻ കഴിയുമെന്നു ഉറപ്പുണ്ടായിരുന്നു. ആദ്യ വർഷം നടന്ന പരിപാടി തന്നെ വിജയമായിരുന്നു. അജീഷ് ദാസ്, കലേഷ്‌ സോം എന്നിവരുടെ കവിതയാണ് അന്ന് തിരഞ്ഞെടുത്തത്. അതിനു ശബ്ദവും രൂപവും നല്കി 3 ഡയമെൻഷനിലാണു ചെയ്തത്.

കൂട്ടുകാരുടെ പ്രവർത്തനം തന്നെയാണു ഈ പോയട്രി ഇൻസ്റ്റലേഷൻ. കവിതയെ വ്യത്യസ്തമായ രീതിയിൽ ശബ്ദവും ഒരേ സമയം കാഴ്ചയും നൽകി അവതരിപ്പിക്കുക എന്നത് ശ്രമകരമായ ജോലി തന്നെയായിരുന്നു. കവിതയ്ക്ക് ഒരേ സമയം രൂപവും ശബ്ദവും പശ്ചാത്തല ശബ്ദവും ഒരുക്കേണ്ടതുണ്ടായിരുന്നു. ഞാൻ മുന്നിൽ നിന്ന് നയിച്ചു എന്നേയുള്ളൂ, ഒപ്പമുള്ള സുഹൃത്തുക്കൾ മികച്ച സപ്പോർട്ട് ആയിരുന്നു. 

ഏറ്റവും അവസാനം കൊച്ചി ദർബാർ ഹാളിൽ വച്ച് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ മൂന്നു കവിതകളുടെ ഇൻസ്റ്റലേഷൻ പ്രദർശനവും നടത്തി. ആദ്യമായാണ് ഒരേ കവിയുടെ കവിതകൾക്ക് ഇത്തരത്തിൽ ഒരു വേദി ഒരുങ്ങുന്നത്. അതിനു തൊട്ടുമുൻപ് കേരളസർക്കാരിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ച് നാല് കവിതകളുടെ പ്രദർശനം ഉണ്ടായിരുന്നു. ഇപ്പോൾ ഈ പുതുരീതി എല്ലാവരും സ്വീകരിക്കുന്നുണ്ട്. ഏറ്റവും ബുദ്ധിമുട്ടായി തോന്നിയതു സ്വാഭാവികമായും സാമ്പത്തിക വിഷയം തന്നെയാണ്. ആദ്യത്തെ വർഷം സ്പോൻസർഷിപ്‌ ആദ്യം ഒരാൾ ഏറ്റെങ്കിലും സഹകരിച്ചില്ല. എപ്പോഴും ഞങ്ങൾ ടീം അംഗങ്ങളും പിന്നെ ചില സുഹൃത്തുക്കളും കയ്യിൽ നിന്നെടുത്ത പണം കൊണ്ട് തന്നെയാണു ലക്ഷങ്ങൾ ചിലവാക്കി ഈ പ്രൊജക്റ്റ് ചെയ്തത്.

ചില കഥാപാത്രങ്ങളുണ്ട്, എഴുത്തുകാരുടെ പേനത്തുമ്പിൽ നിന്നും നേരെ ജീവിച്ചിരിക്കുന്ന മനുഷ്യരിലേക്ക് ആവേശിക്കും. പിന്നെ അവർ മനുഷ്യരായി ജീവിച്ചു തുടങ്ങും എപ്പോഴെങ്കിലും ഒടുവിൽ ആ കഥാപാത്രം എഴുത്തുകാരന്റെ മുന്നിലേയ്ക്ക് ചെന്ന് കയറും അവിടം മുതൽ കഥാപാത്രത്തിന് ഭാഷയും ശബ്ദവ്യതിയാനവും സംഭവിക്കുന്നു. അയാൾ യാഥാർഥ്യമായി തീരുന്നു. വിനോദ് കൃഷ്ണ എന്ന എഴുത്തുകാരനെ അടയാളപ്പെടുത്താൽ ഒന്നല്ല നിരവധി കാര്യങ്ങൾ ഉണ്ടെങ്കിൽ പോലും ഒരുപക്ഷേ വായനക്കാർ അല്ലാത്ത ഒരു സമൂഹം പോലും പത്രത്താളുകളിലൂടെ വിനോദിനെ തിരിച്ചറിഞ്ഞത് അത്തരത്തിൽ ഒരു എഴുത്തുകാരന്റെ കഥാപാത്രമായിട്ടായിരുന്നു .

"കുറെ വർഷങ്ങൾക്കു മുൻപാണ്, എനിക്ക് പതിവിലധികം മെയിലുകൾ വരാൻ തുടങ്ങി. "എനിക്കൊരു പ്രശ്നമുണ്ട്, എന്റെ അച്ഛനോട് ഒന്ന് സംസാരിക്കാമോ","താങ്കൾക്ക് കുറച്ച് പണം തരണമെന്ന് എനിക്കുണ്ട്, അക്കൗണ്ട് നമ്പർ ഒന്ന് തരാമോ?" എന്നിങ്ങനെ നിരവധി മെയിലുകൾ, അതിന്റെയൊക്കെ കാരണവും ആ മെയിലുകളുടെ അർത്ഥവും എത്ര അന്വേഷിച്ചിട്ടും എനിക്ക് കിട്ടിയില്ല. അങ്ങനെ ഒരു ദിവസം സുഹൃത്ത് ധന്യ (ഇപ്പോൾ എന്റെ ഭാര്യയാണ്), എഴുത്തുകാരി ചന്ദ്രമതിയുടെ ഒരു കഥ എനിക്ക് വായിക്കാൻ കൊണ്ട് തന്നു. "വെബ്‌സൈറ്റ്" എന്ന ചെറുകഥ. അത് വായിച്ച് അവൾ ആശ്ചര്യപ്പെടാൻ കാരണം അതിലെ കഥാപാത്രവുമായുള്ള എന്റെ ബന്ധമായിരുന്നു. കഥയിലെ കഥാപാത്രത്തിന്റെ പേര് വിനോദ് കൃഷ്ണ. ഒപ്പം ഒരു അപകടം നടന്ന അനുഭവവും. 

vinod-kannu-soothram.jpg.image.784.410

പക്ഷേ വായിച്ച് കഴിഞ്ഞപ്പോൾ എന്നെ ആശ്ചര്യപ്പെടുത്തിയത് മറ്റൊരു കാര്യമാണ്, അതിൽ വിനോദ് കൃഷ്ണ എന്ന വ്യക്തി ഒരു വീൽ ചെയറിലാണ്, അയാൾ ഒരു വെബ്‌സൈറ്റ് ഉണ്ടാക്കുന്നുണ്ട്, www.vinodkrishna .com എന്ന പേരിൽ. എന്താണെന്ന് വച്ചാൽ അതെ പേരിൽ എനിക്കുമുണ്ട് ഒരു വെബ്‌സൈറ്റ്. അപ്പോൾ അങ്ങനെയാണ് ഇക്കണ്ട മെയിലുകളൊക്കെ വന്നതെന്ന് എനിക്ക് മനസ്സിലായി. അങ്ങനെ ഞാനും ധന്യയും കൂടി എഴുത്തുകാരിയെ കാണാൻ പോയി. 

കഥയെ കുറിച്ച് സംസാരിച്ചു, ആദ്യം പേര് വെളിപ്പെടുത്തിയില്ല, പക്ഷേ ടീച്ചറമ്മ പറഞ്ഞത് ആ കഥാപാത്രത്തിന് എഴുതുമ്പോൾ മനസ്സിൽ എന്റേത് പോലെയൊരു രൂപമാണെന്നായിരുന്നു. അതിലും വലിയ ആശ്ചര്യം വരാൻ കിടക്കുന്നേ ഉണ്ടായിരുന്നുള്ളൂ. കഥ എഴുതി കഴിഞ്ഞെങ്കിലും ടീച്ചറമ്മയ്ക്ക് കഥാപാത്രത്തിന്റെ പേര് കിട്ടിയിരുന്നില്ല. ഒരു ദിവസം രാത്രി രണ്ടു മണിക്ക് ഞെട്ടിയുണർന്നപ്പോൾ മനസ്സിൽ കടന്നു വന്ന പേരാണ് വിനോദ് കൃഷ്ണ. ടീച്ചറമ്മ പറഞ്ഞ സമയം ഒക്കെ വച്ച് നോക്കുമ്പോൾ അതെ ദിവസം ഏതാണ്ട് അതെ സമയത്താണ് ഞാൻ യാത്ര ചെയ്തിരുന്ന ട്രെയിനിൽ നിന്ന് തെറിച്ചു വീണതും കാലുകൾ രണ്ടും ഒടിഞ്ഞതും. അങ്ങനെ സംശയത്തിൽ ടീച്ചറമ്മയുടെ അടുത്ത് പോയി എഴുത്തുകാരിയുടെ കഥാപാത്രമായി മടങ്ങിയെത്തുകയായിരുന്നു. "

എല്ലാ എഴുത്തുകാർക്കും എഴുത്തിലേക്ക് കടക്കാൻ പലവിധ സങ്കേതങ്ങളുണ്ട്. ചിലർക്ക് സോഷ്യൽ മീഡിയ ആണെങ്കിൽ ചിലർക്കത് അച്ചടിച്ച താളുകളാകും, മാധ്യമം എന്ത് തന്നെയാണെങ്കിലും ഉള്ളിലേയ്ക്ക് ഏറ്റവും ആർദ്രമായി നോക്കുമ്പോൾ ഒരുവൻ എഴുത്തിലേക്ക് പ്രവേശിക്കുന്നു...

"ഞാൻ എപ്പോഴും എഴുത്തിനു പുറത്താണ്. പല ഇടങ്ങളിലും പുറംതള്ളപ്പെടുമ്പോഴാണലോ ഒരാൾ എഴുത്തിലേക്ക് വരുന്നത്. അങ്ങനെ ഒരു സങ്കടവും എനിക്കില്ല. ഞാൻ മലയാളം പഠിച്ചത് തന്നെ ആറാം ക്ലാസിനു ശേഷം ആണ് .ബിഹാറിൽ ജനിച്ചത് കൊണ്ട്, ഒരു മലയാളി കുട്ടിയുടെ ബാല്യവും എനിക്കില്ല ... പിന്നെ ഞാൻ എങ്ങിനെ കഥാകാരനായി എന്നു ചോദിച്ചാൽ അമ്മാച്ചൻ പറഞ്ഞു തരുന്ന നാട്ടുകഥകൾ കേട്ട് വളർന്നതിന്റെ കൗതുകം ആവാം. എന്റെ ആദ്യ കഥ എന്താണെന്നുപോലും എനിക്കോർമ്മയില്ല .അകാരണമായി എന്റെ ഉള്ളിൽ അടിഞ്ഞുകൂടുന്ന വിഷാദം പുറന്തള്ളാൻ മനസ് കണ്ടുപിടിച്ച ഒരു കാര്യം ആവാം എഴുത്ത്. എന്റെ കഥകൾ ഞാൻ എനിക്കുതന്നെ എഴുതുന്ന ആത്മഹത്യാ കുറിപ്പുകൾ ആണ് ."

vinod-krishna-family.jpg.image.784.410 (1)

ഒന്ന് പുറത്തേക്കിറങ്ങിയാൽ ശരീരത്തിന്റെ ഓരോ ഭാഗത്തും തറഞ്ഞിരിക്കുന്ന കണ്ണുകൾ എത്രയുണ്ടാകും...! ഓരോ പെണ്ണിനുമുണ്ടാകും അങ്ങനെ അനേകം കണ്ണുകളുടെ കഥകൾ പറയാൻ, ഒരുപക്ഷേ ചില കണ്ണുകളൊന്നും അവൾ കണ്ടു എന്ന് തന്നെ വരില്ല. വിനോദ് കൃഷ്ണയുടെ "കണ്ണുസൂത്രം" എന്ന ചെറുകഥ ഒരു സ്ത്രീ തന്റെ ശരീരത്തിൽ പതിഞ്ഞ കണ്ണുകളെ വിചാരണകളിലേയ്ക്ക് കുടഞ്ഞിടുന്നു...

"കുട്ടിക്കാലം മുതൽ തന്നെ വീട്ടിൽ ഏറ്റവും അടുത്ത് ഇടപഴകിയ രണ്ടു സ്ത്രീകളുണ്ടായിരുന്നു, അമ്മയും മേമയും. ഇരുവരുടെയും സ്വാധീനം സ്ത്രീ മനസിനെ കൂടുതൽ അറിയാൻ സഹായിച്ചിട്ടുണ്ട്. സ്ത്രീകളോട് നന്നായിട്ടു പെരുമാറിയില്ലെങ്കിൽ വസൂരി വരും എന്നൊക്കെ പറഞ്ഞു മേമ പേടിപ്പിച്ചിട്ടുണ്ട് .മറ്റു സ്ത്രീകളെ കുറിച്ച് അവർ ദുഷിപ്പു പറയുന്നതു ഞാൻ കേട്ടിട്ടില്ല .ഈ ബോധത്തിന്റെ ഒരു കുഴപ്പം എന്താണെന്നു വച്ചാൽ അതെന്നിൽ ഒരുതരം പാപബോധവും ഉണ്ടാക്കിയിട്ടുണ്ട് എന്നതാണ്. അതൊക്കെ മറികടന്നത് പിന്നിട് സമപ്രായക്കാരായ പെൺചങ്ങാതികളെ കിട്ടിയപ്പോഴാണ്. 

ഞാൻ അവരിലും ഏറിയും കുറഞ്ഞും അമ്മയെയും മേമയേയും കാണാൻ ശ്രമിച്ചിരുന്നു. വീട്ടിലാണെങ്കിൽ പെൺകുട്ടികളും ഇല്ല. ഇതെല്ലാം സ്ത്രീയെ കൂടുതൽ അറിയാൻ എന്നെ സഹായിച്ചിരിക്കണം .അവരുടെ സങ്കടങ്ങൾ എന്റെ സങ്കടം ആയപ്പോഴാണ് കണ്ണുസൂത്രം എഴുതുന്നത്. അത് എന്നെ സ്ത്രീയെ മനസിലാക്കാൻ പഠിപ്പിച്ച മേമക്കുള്ള സമർപ്പണമാണ്. ഇതു ഒരു സ്ത്രീ എഴുതേണ്ട കഥയായിരുന്നു എന്നു ടീച്ചറമ്മ പറഞ്ഞിട്ടുണ്ട്. കുട്ടികളും സ്ത്രീകളും ആണ് എനിക്ക് കഥകൾ തന്നത്. പെണ്ണുടലിനെ കുറിച്ച് ആണുങ്ങളുടെ ബയോളജികൽ ആയിട്ടുള്ള ബോധം തന്നെയാണ് എന്നെയും ഭരിക്കുന്നത്, പാപബോധത്തിന്റെ എഫക്ട് ഒരുപക്ഷേ തീർത്തും പോകാത്തത് കൊണ്ടാവും ഞാൻ കണ്ണുസൂത്രം പോലുള്ള കഥകൾ എഴുതാൻ ആഗ്രഹിക്കുന്നത്. ശരീരത്തിന്റെ നിറമോ അഴകളവോ വച്ചു വായിക്കേണ്ട ഒന്നല്ല പെണ്ണുടൽ ..."

വായനയ്ക്കും എഴുത്തിനും ഓരോ കാലമുണ്ട്, പക്ഷെ ചില വായനകൾ കാലം കടന്നും കടൽ കടന്നും ഉടലിനെയും ഉയിരിനെയും മയക്കിക്കളയും. പിന്നെ തൊലിയ്ക്കുള്ളിലേയ്ക്ക് ആഴ്ന്നിറങ്ങി അസ്ഥിയിൽ ഒരു പൂക്കാലം തീർക്കും.

"കഥയുടെ വിഷയം പോലെ തന്നെ ക്രഫ്റ്റും പ്രധാനം ആണെന്ന് കരുതുന്ന ഒരാളാണ് ഞാൻ. കണ്ണുസൂത്രം, പാമ്പുംകോണിയും, ഉറുമ്പ് ദേശം, ഒറ്റക്കാലുള്ള കസേര ഇതൊക്കെ ആ വിഷയം ആവശ്യപ്പെടുന്ന രീതിയിൽ എഴുതിയതാണ്. വായനക്കാർ നല്ലത് പറഞ്ഞപ്പോഴാണ് എനിക്കും ആ കാര്യത്തിൽ ബോധ്യം വന്നത്. ഞാൻ എഴുതുമ്പോൾ വായനക്കാരെ മനസ്സിൽ പരിഗണിക്കാറില്ല. നല്ല വായനക്കാരൻ എഴുത്ത് കണ്ടെടുക്കും. അവന്റെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടുമ്പോഴാണ് ഒരു എഴുത്തുകാരൻ ജനിക്കുന്നത്. എഴുത്തുകാരേക്കാൾ സത്യസന്ധരാണ് വായനക്കാർ. റിവ്യൂ, വിമർശകരുടെ സുഖിപ്പിക്കലുകൾ ഇതിലൊന്നും പുതുകാല വായനക്കാർ വീഴുകയില്ല. നല്ലതല്ലാത്ത എഴുത്തിനെ വാഴ്ത്തലുകൊണ്ടു മാത്രം നിലനിർത്താൻ ആവില്ല. എന്റെ കഥകളുടെ ഫീഡ്ബാക്ക് എനിക്ക് സ്നേഹത്തിന്റെ ഡെപ്പോസിറ്റ് ആയി കിട്ടിയിട്ടുണ്ട്. ഒട്ടും അടുപ്പമില്ലാത്തവർ ഇനിയും എന്തേ എഴുതാത്തത് എന്നു നിരന്തരം ചോദിക്കാറുണ്ട്...ഇതൊക്കെ എഴുത്തിനു പുറത്തു സന്തോഷം തരുന്ന കാര്യങ്ങൾ ആണ്."

ഫാഷിസം എല്ലാ കാലത്തും എഴുത്തുകാർക്കെതിരെയുള്ള പ്രതിരോധങ്ങളിൽ കടന്നു കൂടിയിട്ടുണ്ട്. പക്ഷെ ഫാഷിസം എന്ന വാക്കിന്റെ പ്രയോഗം ഇന്നത്തെ കാലം ആവശ്യത്തിലുമധികം ഉപയോഗിക്കുന്നു എന്നതിന്റെ അർഥം എഴുത്തിൽ, വാക്കിൽ, നിലപാടുകളിൽ എല്ലാം എഴുത്തുകാർ ഫാഷിസം എന്ന പ്രതിരോധങ്ങൾക്ക് എതിരെ ആണെന്ന് തന്നെയാണ്... പക്ഷേ വിനോദ് കൃഷ്ണ ഏറ്റവും സത്യസന്ധമായി മാത്രമേ ആ വാക്കിനെ ഉപയോഗിക്കുന്നുള്ളൂ...

എന്റെ തലമുറയിലെ ഏറ്റവും ഭീരുവായ എഴുത്തുകാരനാണ് ഞാൻ. അതുകൊണ്ടുതന്നെ തെരുവിൽ ഞാൻ വെടിയേറ്റ് വീഴില്ല. അപാരമായ ഊർജപ്രവാഹമുള്ള, ധൈഷണികമായ ഒരാൾക്കേ സിസ്റ്റത്തെ വെല്ലുവിളിക്കാൻ കഴിയൂ. അത്തരത്തിലുള്ള ഒരു ശക്തി എനിക്കില്ല. മുറവിളിക്കാനെ എനിക്കിപ്പോ ആവുകയുള്ളൂ. ഞാൻ കംഫർട്ടബിൾ സോണിൽ ഒതുങ്ങിപോയ, രണ്ടുദിവസത്തെ ആത്മരോഷത്തിനു ശേഷം സമരസപ്പെടുന്ന കപട സാമൂഹ്യ ജീവിയാണ്. എഫ് ബി പോസ്റ്റിനു അപ്പുറത്തേക്ക് ഒരു ചാലകശക്തിയായി വളരാൻ എന്നിലെ എഴുത്തുകാരന് സാധിച്ചിട്ടില്ല. എങ്കിലും ഈ കാലം എന്നെ പേടിപ്പിക്കുന്നുണ്ട്. വെറുപ്പിന്റെ രാഷ്‌ടീയം ആപത്താണെന്നു ആർക്കാണ് അറിയാത്തത്. കഥയെഴുതി കഴിഞ്ഞു വീട്ടിൽ കിടന്നുറങ്ങിയതുകൊണ്ടു സാമൂഹ്യമാറ്റം ഉണ്ടാവില്ല.

പ്രിയപ്പെട്ട എഴുത്തുകാരനെ വായിക്കുക എന്നാൽ നാം നമ്മെ തന്നെ വായിക്കുക എന്നർത്ഥം. ആ എഴുത്തുകാരന്റെ വരികൾക്കിടയിൽ നിന്നും നാം നമ്മളെ കണ്ടെത്തും, നമ്മുടെ അതിജീവനത്തിന്റെ വഴികൾ കണ്ടെത്തും, ചിലപ്പോൾ നമ്മുടെ മരണവും അയാളുടെ പുസ്തകത്തിലും വരികളിലും അടയാളപ്പെട്ടിരിക്കും...

"യൂ.പി ജയരാജ് ,എം .സുകുമാരൻ, ജോൺ എബ്രഹാം, വിക്ടർ ലീനസ്, എൻ എസ് മാധവൻ എന്നിവരുടെ കൃതികൾ ഇഷ്ടമാണ്. മറ്റാരും നടക്കാത്ത വഴിയിലൂടെ സഞ്ചരിച്ച എഴുത്തുകാരാണിവർ. പി എഫ് മാത്യൂസിനോടും ആരാധനയുണ്ട്. യൂ.പി ആവും അല്പം എങ്കിലും എന്നെ സ്വാധിനിച്ചിട്ടുണ്ടാവുക. അദ്ദേഹത്തിന്റെ മരണം അറിഞ്ഞപ്പോൾ ഞാൻ ഏറെ സങ്കടപ്പെട്ടിട്ടുണ്ട്. Joao Guimaraes Rosa യുടെ "third bank of a river " പോലെ ഒരു കഥ എഴുതാൻ കഴിയണേ എന്നാണു പ്രാർത്ഥന. ഞാൻ ഇന്നേവരെ വായിച്ചിട്ടുള്ളതിൽ ഏറ്റവും മനോഹരവും ശക്തവും ആയ കഥയാണത് എന്നാണു തോന്നിയത്. ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ, നദിയുടെ മൂന്നാം കര...എത്ര പൊയറ്റിക് ആയ ടൈറ്റിൽ ആണത്. എന്നെശരിക്കും പിടിച്ചു ഉലച്ച കഥയാണ് അത്. അതുപോലെ Felisberto Hernandez ന്റെ "The Balcony ". സമകാലീന മലയാളകഥയിൽ അത്ഭുതങ്ങൾ ഒന്നും സംഭവിക്കുന്നില്ല എന്ന് ഇത്തരം വായനകൾ ഒക്കെ എപ്പോഴും ഇങ്ങനെ തോന്നിപ്പിച്ചു കൊണ്ടേയിരിക്കുന്നുണ്ട്."

സാമൂഹിക പ്രതിസന്ധികളോട് എഴുത്തുകാരൻ കലഹിക്കുന്നത് ഓരോരുത്തരുടെ രാഷ്ട്രീയധാര അനുസരിച്ചാണ്. കക്ഷത്തുള്ളത് പോകും എന്നുകരുതി വായതുറക്കാതിരിക്കുന്ന എഴുത്തുകാരുടെ ഗണം ഇല്ലാതില്ല. എങ്കിലും എഴുത്തിലൂടെ പ്രതികരിക്കുന്നവരുടെ വംശം ഇല്ലാതായിട്ടൊന്നുമില്ല. ഫാഷിസം ഡിജിറ്റൽ ആർമിയുടെ രൂപത്തിലും ആക്രമണം അഴിച്ചുവിടുന്ന കാലത്തു അതിനെ പ്രതിരോധിക്കാൻ അതെ ടൂൾ തന്നെ ഉപയോഗിക്കേണ്ടതുണ്ട്...

മനുഷ്യപക്ഷത്തു നിൽക്കുന്ന രാഷ്ട്രീയമാണ് എന്റേത്. അത് മെമ്പർഷിപ് രാഷ്ട്രീയമല്ല. അരികുവത്കരിക്കപ്പെടുന്ന ജനതയുടെ കൊടിയേന്താൻ ഞാൻ ആഗ്രഹിക്കുന്നു. എഴുത്തിലൂടെ ഞാൻ പ്രോപഗണ്ട മുന്നോട്ടുവെക്കുന്നതും ആത്മരോഷം തികട്ടുമ്പോഴാണ്. സിനിമകളെ കുറിച്ച് പറഞ്ഞാൽ അതും ഒരുപക്ഷേ എന്റെ ആശയങ്ങളും രാഷ്ട്രീയവും ആഗ്രഹങ്ങളുമൊക്കെയായി ചേർന്ന് കിടക്കുന്ന ഒന്നാണ്. ധാരാളം ലോക സിനിമകൾ കാണുന്ന ഒരാളാണ്‌ ഞാൻ. 

സിനിമ പഠിച്ചതുകൊണ്ടു എന്റെ കഥകളിൽ വിഷ്വൽ സെൻസ് കൂടുതൽ ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഉറുമ്പ് ദേശത്തിൽ പ്രത്യേകിച്ചും. ഇതൊന്നും മനപ്പൂർവം വരുന്നതല്ല. പ്രതിലോമ സിനിമയോടും രാഷ്ട്രീയത്തോടും എഴുത്തിനോടും ഒട്ടും താല്പര്യമില്ല. ഞാൻ രാഷ്ട്രീയവത്കരിക്കപ്പെട്ട സാമൂഹ്യ ജീവിയാണ്. എന്നാൽ അത് സ്ഥാപനവത്കരിക്കപ്പെട്ട ഏതേലും പ്രസ്ഥാനത്തോടുള്ള കൂറും അല്ല . ഈയിടെ കണ്ട "children of men " എനിക്കിഷ്ടപ്പെട്ടു. വെറുപ്പിന്റെ രാഷ്ട്രീയം പറയുന്ന സിനിമ."

എഴുത്തുകാരന് നിശ്ശബ്ദനായിരിക്കാൻ കഴിയുകയേയില്ല. അഥവാ അയാൾ മൗനിയായാൽ കഥാകാരൻ മരണപ്പെട്ടു എന്ന് തന്നെ കരുതണം. അങ്ങനെ ഇല്ലാതാകാൻ ഒരു എഴുത്തുകാരനും എളുപ്പമല്ല, കാരണം കാലം കടന്നും സംഭവിക്കേണ്ട പലതും എഴുത്തുകാരന്റെ തൂലികത്തുമ്പിൽ പ്രവചനം കാത്ത് കിടപ്പുണ്ടാകും. അതുകൊണ്ടുതന്നെ പുതിയ എഴുത്തുകൾ അതാതിന്റെ കാലത്ത് ഉണ്ടായേ പറ്റൂ..

"ഞാൻ ഇപ്പോൾ ഒരു നോവൽ രചനയിലാണ്. "9 mm ബെറേറ്റ", എന്നാണ് പേര് ഉദ്ദേശിക്കുന്നത്. ഗാന്ധിജിയെ വധിക്കാൻ ഉപയോഗിച്ച തോക്കിന്റെ പേരാണ് അത്. നോവൽ ഉടനെ പൂർത്തിയാകും. വർഷങ്ങളുടെ ശ്രമമാണ് ആ വലിയ ക്യാൻവാസിൽ എഴുത്ത്. അതിന്റെ രാഷ്ട്രീയം പേരിൽ നിന്നുതന്നെ പിടികിട്ടികാണുമലോ. ഇതുവരെയുള്ള എഴുത്ത് തൃപ്തികരമാണ്. കൂടാതെ അലിഗറി വിഭാഗത്തിൽ പെടുത്താവുന്ന ഒരു ചെറുകഥ പൂർത്തിയായി. ബാക്കി കഥകൾ ഇനിയും എഴുതണം, അടുത്ത സമാഹാരത്തിനുള്ള കഥകൾ ആയിട്ടില്ല.

മലയാള കഥയുടെ വേലിപുറത്തു നിൽക്കാനാണ് എനിക്ക് എപ്പോഴും ഇഷ്ടം. എല്ലുറപ്പുള്ള മനോഹരമായ ഏതാനും കഥകൾ മാത്രം എഴുതി വിസ്‌മൃതിയിൽ ആയിപോയ ഒരുപാടു എഴുത്തുകാരുണ്ട്. എനിക്കവരിൽ ഒരാൾ ആയാൽ മതി. സന്തോഷമുള്ള ജീവിതത്തിൽ എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് വളരെ കുറഞ്ഞ ആവശ്യങ്ങളെ ഉള്ളൂ. കഥ നിലനിൽക്കുകയും കഥാകൃത്തു വിസ്‌മൃതനാവുകയും ചെയ്യട്ടെ. അങ്ങനെ തന്നെയല്ലേ വേണ്ടത്?"

******

അതെ, അങ്ങനെ തന്നെയാണ് വേണ്ടത്. കഥകളുടെ ഭംഗിയിൽ, ഭാഷയുടെ ഭ്രാന്തമായ ഉന്മാദത്തിൽ നിന്നും വായനയിലേക്കിറങ്ങി വന്ന കഥാകാരനാണ് വിനോദ് കൃഷ്ണ. ഒരു ചെറുകഥയുടെ ഒരുപാട് പേരിലേക്ക് അയാൾ ഒരുപക്ഷെ "കണ്ണുസൂത്രം" എന്ന ഒറ്റ കഥ കൊണ്ട് തന്നെ ഇറങ്ങി നടന്നിട്ടുണ്ടാവണം. അനുഗ്രഹിക്കപ്പെട്ട വിരലുകളിൽ പേന കൊരുത്ത് മഷി ചാലിക്കുമ്പോൾ അതിനു കവിത്വത്തിന്റെ ഗന്ധം തോന്നും. നല്ലൊരു എഴുത്തുകാരൻ കവിത്വഗുണം ഉള്ളവനും ആയിരിക്കുമല്ലോ!!!