പാമ്പുകളോടൊപ്പമുള്ള ജീവിതം വഴി ശ്രദ്ധനേടിയ വ്യക്തിയാണ് ബ്രിട്ടീഷുകാരൻ ഡാൻ ബ്രാൻഡന്‍. വീട്ടിൽ വിചിത്ര ജീവികളെ വളർത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ വിനോദം. എന്നാൽ ഡാനിനെ ഇന്നലെ കിടപ്പുമുറിയിൽ ഗുരുതര പരുക്കുകളോടെ മരിച്ചനിലയിൽ കണ്ടെത്തി. ഡാനിന്റെ മൃതദേഹത്തിനരികിലായി കൂട്ടിൽ നിന്നും രക്ഷപ്പെട്ട പെരുമ്പാമ്പിനെയും കണ്ടെത്തി. പാമ്പ് ഡാനിനെ ചുറ്റിവരിഞ്ഞ് കൊന്നതാകാം എന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്.
മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ വിചിത്ര ജീവി ശേഖരം. ഇതിൽ പ്രധാനിയാണ് മോണ്ടി എന്നു വിളിക്കപ്പെടുന്ന ബർമീസ് പെരുമ്പാമ്പ്. പാമ്പുകളോടൊപ്പമുള്ള നിരവധി ചിത്രങ്ങൾ ഡാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മോണ്ടിയെന്ന കൂറ്റൻ പെരുമ്പാമ്പിനെ കഴുത്തിൽ ചുറ്റിയും ഒപ്പം കിടന്നുമുള്ള ചിത്രങ്ങളായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. പെരുമ്പാമ്പുകൾ മനുഷ്യരെ കൊന്ന സംഭവങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ബ്രിട്ടണിൽ ഇതാദ്യമാണന്ന് വിദഗ്ദർ പറയുന്നു. പ്രഗൽഭനായ സ്നേക്ക് മാസ്റ്ററുെട മരണത്തിന്റെ ചുരുളഴിക്കാനുള്ള അന്വേഷണം തുടരുകയാണ്.