അവന്‍ ഇരയാകാൻ കൂട്ടാക്കിയില്ല, എല്ലാവരും ശശാങ്കിനെ മാതൃകയാക്കൂ; പുകഴ്​ത്തി പ്രീതി സിന്‍റ

ഐപിഎല്‍ താരലേലത്തില്‍ പഞ്ചാബ് കിങ്സ് അബദ്ധത്തില്‍ സ്വന്തമാക്കിയ ശശാങ്ക് സിങ് താരമായ കാഴ്ചയാണ് ഇന്ന് കായിക ലോകം കണ്ടത്. കൈവിട്ടു എന്ന് തോന്നിയ കളി തന്‍റെ വെടികെട്ട് ബാറ്റിങ് കൊണ്ട് ശശാങ്ക് കൈപ്പിടിയിലൊതുക്കുകയായിരുന്നു. 29 പന്തില്‍ നിന്നും ശശാങ്ക് നേടിയ 61 റണ്‍സാണ് പഞ്ചാബിന്‍റെ വിജയത്തില്‍ നിര്‍ണായകമായത്. 20 ഓവറില്‍ ഗുജറാത്ത് നേടിയ 199 റണ്‍സ് ഒരു പന്ത് ശേഷിക്കെയാണ് പഞ്ചാബ് മറികടന്നത്. 

19കാരനായ ഓള്‍ റൗണ്ടര്‍ ശശാങ്ക് സിങ് ആണെന്ന് ധരിച്ചാണ് ലേലത്തില്‍ ശശാങ്കിനെ പഞ്ചാബ് സ്വന്തമാക്കിയിരുന്നത്. എന്നാല്‍ അബദ്ധം മനസിലായതോടെ അന്ന് പിന്‍വാങ്ങണമെന്ന ആവശ്യമുന്നയിച്ചെങ്കിലും നടന്നില്ല. അതേ ശശാങ്കിനെ പ്രശംസിച്ച് പഞ്ചാബ് ഉടമ പ്രീതി സിന്‍റ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ശശാങ്കിനെ എല്ലാവരും മാതൃകയാക്കണമെന്ന് പരിഹാസങ്ങളേയും തമാശ കമന്‍റുകളേയും പതറാതെ അവന്‍ നേരിട്ടുവെന്നും പ്രീതി പറഞ്ഞു. ശശാങ്കിനെപ്പോലെ സ്വയം വിശ്വസിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കരുതെന്നും എക്​സില്‍ പങ്കുവച്ച പോസ്​റ്റില്‍ പ്രതി കുറിച്ചു. പ്രീതി സിന്‍റയുടെ പോസ്‍​റ്റിന്‍റെ പൂര്‍ണരൂപം:

'ഐപിഎല്‍ ലേലത്തിന്നന്ന് ഞങ്ങളെ പറ്റി പറഞ്ഞതിന് കുറിച്ച് സംസാരിക്കാന്‍ പറ്റിയ ദിവസമാണ് ഇന്ന്. സമാനമായ സാഹചര്യങ്ങള്‍ വന്നാല്‍ പലര്‍ക്കും ആത്മവിശ്വാസം നഷ്ടപ്പെടുകയോ സമ്മർദ്ദത്തിന് കീഴ്പ്പെടുകയോ ചെയ്യും. എന്നാല്‍ ശശാങ്ക് അങ്ങനെയല്ല. മറ്റുള്ളവരെ പോലെയല്ല ശശാങ്ക്. ശരിക്കും സ്പെഷ്യലാണ്, കഴിവ് കൊണ്ട് മാത്രമല്ല, മനോഭാവം കൊണ്ടും. എല്ലാ കമന്‍റുകളും തമാശകളും സ്പോര്‍സ്മാൻ സ്പിരിറ്റോടെ നേരിട്ടു, ഇരയാകാൻ കൂട്ടാക്കിയില്ല. സ്വയം പിന്താങ്ങി താൻ എന്താണ് എന്ന് അവന്‍ ഞങ്ങള്‍ക്ക് കാണിച്ച് തന്നു. അതിന് ശശാങ്കിനെ അഭിനന്ദിക്കുന്നു. അവനെ ആരാധിക്കുന്നു, ബഹുമാനിക്കുന്നു. ജീവിതത്തിൽ വിചാരിക്കാത്ത സമയത്ത് വഴിത്തിരിവുണ്ടാകുമ്പോള്‍ അവൻ നിങ്ങൾക്കെല്ലാവർക്കും ഒരു മാതൃകയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം ആളുകൾ നിങ്ങളെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നതല്ല, മറിച്ച് നിങ്ങൾ നിങ്ങളെ കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നതാണ് പ്രധാനം. അതിനാൽ ശശാങ്കിനെപ്പോലെ സ്വയം വിശ്വസിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കരുത്. ജീവിതത്തിന്‍റെ കളിയിൽ നിങ്ങൾ മാൻ ഓഫ് ദി മാച്ച് ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്'.

Preity Zinta praised Sashank Singh