120ാം തോല്‍വി; നാണക്കേടിന്റെ റെക്കോര്‍ഡില്‍ കോലി തനിച്ച്

virat-kohli-2-1
SHARE

ഐപിഎല്‍ കിരീടം എന്ന സ്വപ്നത്തിലേക്ക് ഈ സീസണിലെങ്കിലും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എത്തുമോ? നാല് മല്‍സരങ്ങള്‍ പിന്നിടുമ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാമതാണ് ബെംഗളൂരു. മൂന്ന് കളിയില്‍ തോറ്റപ്പോള്‍ ജയിച്ചത് ഒരുവട്ടം മാത്രം. ടീം ഇങ്ങനെ തോല്‍വിയിലേക്ക് വീഴുമ്പോള്‍ നാണക്കേടിന്റെ ഒരു റെക്കോര്‍ഡും കോലിയുടെ പേരിലേക്ക് എത്തി. 

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മല്‍സരം തോറ്റ താരമാവുകയാണ് കോലി. 120 ഐപിഎല്‍ മല്‍സരങ്ങളിലാണ് കോലി തോല്‍വി തൊട്ടത്. ഈ സീസണില്‍ കോലിയുടെ ബാറ്റിങ്ങിനെയാണ് ആര്‍സിബി പ്രധാനമായും ആശ്രയിക്കുന്നത്. രണ്ട് കളികളില്‍ കോലി അര്‍ധ ശതകം കണ്ടെത്തിയിരുന്നു. എന്നാല്‍ ടീമിനെ വിജയ വഴിയിലേക്ക് എത്തിക്കാന്‍ കോലിക്ക് സാധിക്കുന്നില്ല. ഏറ്റവും കൂടുതല്‍ തോല്‍വി വഴങ്ങിയ താരങ്ങളില്‍ ദിനേശ് കാര്‍ത്തിക് ആണ് രണ്ടാമത്. ഐപിഎല്ലില്‍ ദിനേശ് കാര്‍ത്തിക് താന്‍ കളിച്ച വിവിധ ഫ്രാഞ്ചൈസികളിലായി 118 മല്‍സരങ്ങളിലും തോറ്റു. 112 മല്‍സരങ്ങളില്‍ തോല്‍വി അറിഞ്ഞ രോഹിത് ശര്‍മയാണ് പട്ടികയില്‍ മൂന്നാമത്. 

നാണക്കേടിന്റെ റെക്കോര്‍ഡ് മാത്രമല്ല. ലഖ്നൗവിനെതിരായ മത്സരത്തിന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇറങ്ങി മറ്റൊരു ഇന്ത്യന്‍ താരത്തിനും എത്തിപ്പിടിക്കാനാവാത്ത നേട്ടവും കോലി സ്വന്തമാക്കി. ഒരു സ്റ്റേഡിയത്തില്‍ 100 ട്വന്റി20 മല്‍സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി കോലി മാറി. വാങ്കഡെയില്‍ 80 ട്വന്റി20 മല്‍സരങ്ങള്‍ കളിച്ച രോഹിത് ആണ് കോലിക്ക് പിന്നിലുള്ളത്. ചെപ്പോക്കില്‍ 69 മല്‍സരം കളിച്ച ധോനി മൂന്നാമതും. 

MORE IN SPORTS
SHOW MORE