ആദ്യ പകുതിയില്‍ ഹാട്രിക്; 2 അസിസ്റ്റ്; 'ആറാടി ക്രിസ്റ്റ്യാനോ'

cristiano-1
SHARE

പ്രായം 39ല്‍ എത്തി നില്‍ക്കുന്ന താരം. എന്നാല്‍ പ്രായം വെറും സംഖ്യ മാത്രം എന്ന് ഒരിക്കല്‍ കൂടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാണിച്ച് തന്നു. അബഹയ്ക്ക് എതിരെ ക്രിസ്റ്റ്യാനോയില്‍ നിന്ന് വന്നത് മൂന്ന് ഗോളും രണ്ട് അസിസ്റ്റും. 8-0ന് അബഹയെ അല്‍ നസര്‍ തച്ചുതകര്‍ത്തപ്പോള്‍ ക്രിസ്റ്റ്യാനോ കളം നിറഞ്ഞു. 

മത്സരത്തിന്റെ 11ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോയുടെ കളിയിലെ ആദ്യ ഗോള്‍ എത്തിയത്. നിലംപറ്റിയെത്തിയൊരു ഫ്രീകിക്കില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. പത്ത് മിനിറ്റ് പിന്നിടും മുന്‍പ് വീണ്ടും പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിന്റെ പ്രഹരമെത്തി. പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പറന്നെത്തിയ പന്ത് നോക്കി നില്‍ക്കാനെ അബഹ ഗോള്‍കീപ്പര്‍ക്കായുള്ളു. 42ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ മൂന്നാം ഗോള്‍. പെനാല്‍റ്റി ബോക്സിന് പുറത്ത് നിന്ന് ഗോള്‍കീപ്പറിന്റെ തലയ്ക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് ക്രിസ്റ്റ്യാനോ പന്ത് വലയിലാക്കി. 

ഫസ്റ്റ് ഹാഫില്‍ തന്നെ ഹാട്രിക് തികച്ച ക്രിസ്റ്റ്യാനോ ആരാധകരെ വിസ്മയിപ്പിച്ചു. അല്‍ നസറിന് വേണ്ടി ക്രിസ്റ്റ്യാനോയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ഹാട്രക് ആണ് ഇത്. കരിയറിലെ ക്രിസ്റ്റ്യാനോയുടെ 65ാം ഹാട്രിക്കും. ആദ്യ പകുതി കളി അവസാനിക്കുമ്പോള്‍ തന്നെ 5-0ന് അല്‍ നസര്‍ മുന്‍പിലായിരുന്നു. 33ാം മിനിറ്റിലെ മാനേയുടെ ഗോളും 44ാം മിനിറ്റിലെ സുലൈഹീമിന്റെ ഗോളും ക്രിസ്റ്റ്യാനോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു. 

സൗദി പ്രോ ലീഗില്‍ ഈ സീസണില്‍ ക്രിസ്റ്റ്യാനോ 24 കളിയില്‍ നിന്ന് 29 ഗോള്‍ സ്കോര്‍ ചെയ്ത് കഴിഞ്ഞു. 10 അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്. എഎഫ്സി ചാംപ്യന്‍സ് ലീഗില്‍ 8 കളിയില്‍ നിന്ന് ആറ് ഗോളും ഒരു അസിസ്റ്റും ക്രിസ്റ്റ്യാനോ സ്വന്തമാക്കി. 

MORE IN SPORTS
SHOW MORE