48 വര്‍ഷം പഴക്കമുള്ള ഇന്ത്യയുടെ റെക്കോർഡ് തകർത്ത് ശ്രീലങ്ക: ഒരു സെഞ്ചറിപോലുമില്ലാതെ 531 റണ്‍സ്!

http://10.1.2.41/Images/2024/4/1/AFP_34N674G_010424124057.jpg - 1
SHARE

ലോക ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള റെക്കോർഡുകളിലൊന്ന് തകർത്ത് ടീം ശ്രീലങ്ക. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയാണ് ഇന്ത്യയുടെ 48 വർഷം പഴക്കമുള്ള അത്യപൂർവ റെക്കോർഡ് ശ്രീലങ്ക തകർത്തത്. ഒരു ബാറ്റ്സ്മാൻ പോലും സെഞ്ചറിയടിക്കാതെ ഒന്നാം ഇന്നിങ്‌സില്‍ 531 റണ്‍സാണ് ലങ്ക അടിച്ചെടുത്തത്. ഒരു ബാറ്റർ പോലും മൂന്നക്കം കടക്കാതെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

1976ല്‍ ന്യൂസീലന്‍ഡിനെതിരേ 9 വിക്കറ്റ് നഷ്ടത്തില്‍ 524 റണ്‍സെടുത്ത ഇന്ത്യൻ നിരയിലും ആരും മൂന്നക്കം കടന്നിരുന്നില്ല. അതിന് ശേഷം ഇപ്പോഴാണ് ടെസ്റ്റ് ക്രിക്കറ്റിൽ ആരും സെഞ്ചറിയടിക്കാതെ ഒരു ടീം 524 റൺസിൽ കൂടുതൽ സ്കോർ ചെയ്യുന്നത്.

ഒരാൾക്ക് പോലും സെഞ്ചറി നേടാനായില്ലെങ്കിലും ആറു താരങ്ങള്‍ ശ്രീലങ്കന്‍ നിരയില്‍ അര്‍ധ സെഞ്ചറി തികച്ചു. കുശാല്‍ മെന്‍ഡിസ് (93), കാമിന്‍ഡു മെന്‍ഡിസ് (92), ദിമുത് കരുണരത്‌നെ (86), ക്യാപ്റ്റന്‍ ധനഞ്ജയ ഡിസില്‍വ (70), ദിനേശ് ചണ്ഡിമല്‍ (59), നിഷാന്‍ മധുശങ്ക (57) എന്നിവരാണ് ലങ്കയെ ഉജ്വലസ്കോറിലേക്ക് നയിച്ചത്.

ഒന്നാമിന്നിങ്സില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് വന്‍ തകര്‍ച്ച നേരിടുകയാണ്. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ശ്രീലങ്ക 328 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. 511 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശ് 182 റൺസിന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ കസുൻ രജിതയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിശ്വ ഫെർണാണ്ടോയുമാണ് ബംഗ്ലാദേശ് നിരയെ തകര്‍ത്തത്. ഈ വിജയത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയില്‍ ലങ്ക ആറാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നിരുന്നു.

Sri Lanka Achieve Humongous Test Feat, Break 48-Year-Old Record

MORE IN SPORTS
SHOW MORE