kohli-gambhir-1

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നേരിടാനിറങ്ങുമ്പോള്‍ കോലിയിലേക്കും ഗംഭീറിലേക്കുമായിരുന്നു പ്രധാനമായും ശ്രദ്ധ. ഇരു താരങ്ങളും തമ്മില്‍ മുന്‍പ് കൊമ്പുകോര്‍ത്തത് തന്നെ കാരണം. എന്നാല്‍ ഇത്തവണ അങ്ങനെയൊരു കൊമ്പുകോര്‍ക്കല്‍ കാണാന്‍ കാത്തിരുന്നവര്‍ നിരാശരായി. ചിരിച്ച് സംസാരിച്ച് ചേര്‍ത്ത് പിടിക്കുന്ന കോലിയേയും ഗംഭീറിനേയുമാണ് ഇവിടെ കണ്ടത്. 

ടൈം ഔട്ടിന്റെ സമയത്ത് ഗംഭീര്‍ ഗ്രൗണ്ടിലെത്തിയപ്പോഴായിരുന്നു ഇരുവര്‍ക്കും ഇടയിലെ മഞ്ഞുരുകിയത്. കോലിക്ക് അടുത്തേക്ക് എത്തിയ ഗംഭീര്‍ കൈകൊടുത്തു. ഇരുവരും ചിരിച്ച് സംസാരിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ ഈ സമയം കമന്ററി ബോക്സില്‍ നിന്ന് വന്ന മുന്‍ നായകന്‍ സുനില്‍ ഗാവസ്കറിന്റെയും രവി ശാസ്ത്രിയുടേയും വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. 

ഗംഭീറിന്റേയും കോലിയുടേയും ഈ ചേര്‍ത്തുപിടിക്കലിന് ഫെയര്‍പ്ലേ അവാര്‍ഡ് കൊല്‍ക്കത്തയ്ക്ക് എന്നാണ് രവി ശാസ്ത്രി പറഞ്ഞത്. ഫെയര്‍പ്ലേ അവാര്‍ഡ് മാത്രമല്ല, ഓസ്കറും എന്നായിരുന്നു സുനില്‍ ഗാവസ്കറിന്റെ തിരിച്ചടി. ഗാവസ്കറുടെ കമന്റ് വൈറലാവുകയും ചെയ്തു. 

2023 ഐപിഎല്‍ സീസണില്‍ കോലിയും ഗംഭീറും കൊമ്പുകോര്‍ത്തത് ഏറെ ചര്‍ച്ചയായിരുന്നു. ലഖ്നൗവിന്റെ മെന്ററായിരുന്നു ഗംഭീര്‍ ഈ സമയം. അഫ്ഗാന്‍ താരം നവീന്‍ ഉള്‍ ഹഖുമായി കോലി ഏറ്റുമുട്ടിയതിന്റെ ചുവടുപിടിച്ചായിരുന്നു ഗംഭീറും കോലിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. ഇതിന്റെ പേരില്‍ കോലിക്കും ഗംഭീറിനും മാച്ച് ഫീയുടെ 100 ശതമാനവും പിഴ വിധിക്കുകയും ചെയ്തിരുന്നു.