'നേഷന്‍ സപ്പോര്‍ട്സ് ഹര്‍ദിക്'; എക്സില്‍ പിന്തുണയുമായി ആരാധകര്‍; രോഹിതുമായി താരതമ്യം

SHARE
hardik-pandya-support

അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സില്‍ ഇത്തവണ നായകനായെത്തിയ ഹര്‍ദിക് പാണ്ഡ്യയ്ക്ക് വിമര്‍ശന പെരുമഴയാണ്. ഓരോ മല്‍സരം കഴിയുമ്പോഴും ഇത് കൂടുകയുമാണ്. രോഹിത് ശര്‍മയോടുള്ള ഹര്‍ദിക്കിന്‍റെ പെരുമാറ്റവും മൈതാനത്തെ തീരുമാനങ്ങളും ആരാധകരെ ചൊടിപ്പിക്കുന്നുണ്ട്. രണ്ട് മല്‍സരങ്ങളും തോറ്റ് പ്രതിരോധത്തിലായ ഘട്ടത്തില്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് പിന്തുണയുമായി എത്തുകയാണ് ആരാധകര്‍. എക്സില്‍ 'നേഷന്‍ സപ്പോര്‍ട്ട് ഹര്‍ദ്ദിക്' എന്ന പോസ്റ്റുകള്‍ തരംഗമാവുകയാണ്.

രോഹിതും ഹര്‍ദികും തമ്മിലുള്ള താരതമ്യമാണ് പോസ്റ്റുകളില്‍ കൂടുതലും. 2022 ഏഷ്യാകപ്പിലും 2022  ടി20 ലോകകപ്പിലും പാകിസ്താനെതിരെ രോഹിതിനെ രക്ഷിച്ചത് ഹര്‍ദിക്, 2022 ലോകകപ്പ് സെമിയില്‍ ക്യാപ്റ്റന്‍ 27 റണ്‍സ് നേടിയപ്പോള്‍ 63 റണ്‍സുമായി രക്ഷകനായത് ഹര്‍ദിക് എന്നിങ്ങനെ താരതമ്യമാണ് ആരാധകരുടെ പോസ്റ്റ്.  

മുംബൈ ഹര്‍ദിക്ക് പാണ്ഡ്യയക്കൊപ്പമാണ് അഞ്ച് തവണയും കിരീടം വാങ്ങിയതെന്ന് ഒരു ആരാധകന്‍ ഓര്‍മിപ്പിക്കുന്നു. ഹര്‍ദിക് വിവിധ മല്‍സരങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി നടത്തിയ പ്രകടനവും വിവിധ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. 2017 ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെതിരെ രോഹിത് പൂജ്യത്തിന് പുറത്തായതും ഹര്‍ദിക് മികച്ച പ്രകടനം നടത്തിയതും ചില ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. അന്ന് 77 റണ്‍സെടുത്ത ഹര്‍ദിക്കായിരുന്നു ഇന്ത്യയുടെ ടോപ്പ്സ്കോറര്‍. 

രോഹിത് ഫാന്‍സ് നിങ്ങളുടെ ദേഷ്യം മുംബൈ മാനേജ്മെന്‍റിനോട് കാണിക്കൂ, ഹര്‍ദിക്കിനോടല്ല എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. ഇതോടൊപ്പം ഹര്‍ദിക്കിന്‍റെ വൈകാരിക വിഡിയോയും പങ്കുവച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ് പ്രകടനത്തെ വിമര്‍ശിച്ച ഇര്‍ഫാന്‍ പത്താനെയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. 

2022 സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായ ശേഷം ആദ്യ സീസണില്‍ കിരീടവും രണ്ടാം സീസണില്‍ ഫൈനലിലും എത്തി മികച്ച പ്രകടനം നടത്തിയ താരമായിരുന്ന ഹര്‍ദിക്. ഇതിന് പിന്നാലെയാണ് ഹര്‍ദിക്കിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ് രോഹിതിനെ നായക സ്ഥാനത്ത് നിന്ന് മാറ്റുന്നത്. 2024 സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മല്‍സരത്തിലും സണ്‍റൈസേഴ്സിനെതിരായ മല്‍സരത്തിലും മുംബൈ ഇന്ത്യന്‍സ് തോറ്റിരുന്നു. തിങ്കളാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മുംബൈയുടെ അടുത്ത മല്‍സരം.

Nation Support Hardik post viral on X

MORE IN SPORTS
SHOW MORE