ജീറ്റ് കുനേ ദോ ലോകകപ്പ്; മെഡൽ നേട്ടവുമായി മലയാളികൾ

തായ്ലാന്റിൽ നടന്ന ജീറ്റ് കുനേ ദോ ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങി  മെഡൽ നേടി മലയാളികൾ. ആകെ ലഭിച്ച 18 മെഡലുകളിൽ അഞ്ച് എണ്ണമാണ്  കേരളത്തിൽ നിന്നുള്ള മത്സരാർഥികൾ നേടിയത്. എന്നാൽ മെഡൽ നേടിയിട്ടും അർഹിച്ച പരിഗണന ലഭിക്കുന്നില്ലെന്നാണ് മത്സരാർഥികളുടെ പരാതി.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 55 സംഘമാണ് ജീറ്റ് കുനേ ദോ ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി മത്സരിക്കാനിറങ്ങിയത്. മലയാളികൾക്ക് ലഭിച്ച അഞ്ച് മെഡലുകളിൽ നാലെണ്ണവും നേടിയത് ഇടുക്കി അടിമാലി സ്വദേശികൾ. ജൂനിയർ വിഭാഗത്തിൽ കോട്ടയം സ്വദേശി മാനസി,  സീനിയർ വിഭാഗത്തിൽ എബിൻ പി ഡേവിഡ് എന്നിവർ സ്വർണം നേടി. സബ്ജൂനിയർ വിഭാഗത്തിൽ പ്രണവ് സ്മിജു, ഗോവിന്ദ് ഹരിദാസ് എന്നിവർ വെള്ളി മെഡൽ കരസ്ഥമാക്കി. 

മറ്റ് സംസ്ഥാനങ്ങളിൽ മെഡൽ ജേതാക്കൾക്ക് സാമ്പത്തിക സഹായമുൾപ്പടെ ഉറപ്പാക്കുമ്പോൾ കേരളത്തിൽ നിന്ന് അങ്ങനെയൊരു സഹായമോ പിന്തുണയോ ഇവർക്ക് ലഭിച്ചിട്ടില്ല. ഇന്ത്യൻ ടീം മാനേജറായ രാജൻ ജേക്കബിന്റെ കീഴിലാണ് ഇവർ പരിശീലനം നടത്തുന്നത്. സംസ്ഥാന സർക്കാർ അർഹമായ പരിഗണന നൽകുമെന്ന പ്രതീക്ഷയിലാണ് ഈ കായിക താരങ്ങൾ.