dhoni-rahane

ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് 63 റണ്‍സിന്റെ ആധികാരിക ജയത്തിലേക്ക് എത്തിയപ്പോള്‍ ധോനിയുടേയും രഹാനെയുടേയും ക്യാച്ചുകളാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചത്. ഇവരില്‍ ആരുടെ ക്യാച്ച് ആയിരുന്നു മികച്ചത്? 2.27 മീറ്റര്‍ സ്ട്രെച്ച് ചെയ്ത്, തന്റെ വലത്തേക്ക് ഫുള്‍ ലെങ്ത് ഡൈവ് ചെയ്തായിരുന്നു ധോണിയുടെ ക്യാച്ച്. മിഡ് വിക്കറ്റിലേക്ക് വന്ന ഡേവിഡ് മില്ലറുടെ ഷോട്ടില്‍ മുന്‍പിലേക്ക് ഓടി ഡൈവ് ചെയ്താണ് രഹാനെ പന്ത് തന്റെ കൈകളില്‍ സുരക്ഷിതമാക്കിയത്. 

ഇതില്‍ രഹാനെയുടെ ക്യാച്ച് ആണ് തനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടതെന്നാണ് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്റെ വാക്കുകള്‍. 12 റണ്‍സ് എടുത്ത് നിന്ന വിജയ് ശങ്കറെ പുറത്താക്കാനാണ് ധോണിയുടെ തകര്‍പ്പന്‍ ക്യാച്ച് വന്നത്. ഡാരില്‍ മിച്ചലിന്റെ ഡെലിവറിയില്‍ സ്ട്രെയിറ്റ് ഡ്രൈവ് കളിക്കാനുള്ള വിജയ് ശങ്കറിന്റെ ശ്രമം പാളി. എഡ്ജ് ചെയ്ത് എത്തിയ പന്ത് ഫുള്‍ ലെങ്ത് ഡൈവ് ചെയ്ത് ധോനി കൈക്കലാക്കി. 

ടീമിലെ രണ്ട് മുതിര്‍ന്ന താരങ്ങള്‍ ഗ്രൗണ്ടില്‍ പുറത്തെടുത്ത ഫീല്‍ഡിങ് മികവിലേക്കാണ് ആരാധകരും വിരല്‍ ചൂണ്ടുന്നത്. ബാംഗ്ലൂരിന് എതിരായ കളിയിലും രഹാനെയുടെ ക്യാച്ച് ചര്‍ച്ചയായിരുന്നു. രഹാനെയും രചിന്‍ രവീന്ദ്രയും ചേര്‍ന്നെടുത്ത റിലേ ക്യാച്ചാണ് കോലിയെ വീഴ്ത്തിയത്. ധോനിയുടേയും രഹാനെയുടേയും ക്യാച്ച് സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു.