chakalakal-hss-academy-for-sports-club-award

കോഴിക്കോട്ടെ കൊടുവള്ളി, മടവൂർ പ്രദേശവാസികള്‍ക്ക് മുന്നില്‍ കായിക മേഖലയിലെ വൻ സാധ്യതകൾ പരിചയപ്പെടുത്തുന്നു മടവൂർ ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമി. കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ സഹായം ലഭിച്ചിട്ടില്ലാത്ത അക്കാദമി വിദ്യാർഥികൾക്ക് സൗജന്യ പരിശീലനം നല്‍കുന്നു. മനോരമ സ്പോര്‍ട്സ് ക്ലബ് പുരസ്കാരത്തിന്റെ ഫൈനല്‍ റൗണ്ടിലിടം കണ്ടെത്തിയ മൂന്നുക്ലബുകളില്‍ ഒന്നാണ് ചക്കാലക്കല്‍ അക്കാദമി.  സാന്‍റ മോണിക്ക സ്റ്റഡി എബ്രോഡുമായി സഹകരിച്ചാണ് കേരളത്തിലെ മികച്ച ക്ലബുകള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കുന്നത്.

 

നാട്ടിൽനിന്ന് പ്രതിഭകളെ കണ്ടെത്തി രാജ്യത്തിനായി മെഡൽ നേടുകയെന്ന വലിയ സ്വപ്നം കൊണ്ടു നടക്കുന്ന ഒരു അധ്യാപകന്റെ ചിരകാല അഭിലാഷമാണ് മടവൂർ ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമി. ചക്കാലക്കല്‍ സ്കൂളിലെ ഗണിത അധ്യാപകനും മുൻ ദേശീയ മെഡൽ ജേതാവുമായ പി.എം.റിയാസിന്റെ നേതൃത്വത്തിലാണ് അക്കാദമി തുടങ്ങിയത്. സ്കൂളിലെ കായികാധ്യാപകനായ കെ.സന്തോഷും പി.മുഹമ്മദ് ആഷിഖുമടക്കമുള്ളവർ കൈകോർത്തതോടെ 2017ല്‍ അക്കാദമിക്കു ജീവൻവച്ചു. ആദ്യ രണ്ടു വർഷം സ്കൂളിലെ ചെറിയ മൈതാനത്തായിരുന്നു പരിശീലനം. ഇതിനോടകം 1000 താരങ്ങൾ വിവിധ ഇനങ്ങളിലായി സംസ്ഥാന ചാംപ്യൻഷിപ്പുകളിൽ പങ്കെടുത്തു. 

 

റഗ്ബി, സൈക്കിൾപോളോ, സെപക്താക്രോ, പഞ്ചഗുസ്തി, മൗണ്ടനീയറിങ്ങ് എന്നിവയിലാണ് തികച്ചും സൗജന്യമായി പരിശീലനം നൽകുന്നു. 2023ൽ 64 കായികതാരങ്ങൾ സ്പോർട്സ് ക്വാട്ട വഴി പ്ലസ് വൺ പ്രവേശനം നേടി. സംസ്ഥാന ചാംപ്യൻഷിപ്പിൽ വിവിധ വിഭാഗങ്ങളിലായി 13 മെഡലുകളാണ്  അക്കാദമിയുടെ കുട്ടികൾ നേടിയത്. പിടിഎയും അധ്യാപകരുമാണ് സാമ്പത്തിക ബാധ്യതകൾ വഹിക്കുന്നത്.  

 

Madavoor Chakalakal HSS Academy with potential in the field of sports