'കൊച്ചിയിലെ വേദി നഷ്ടപ്പെട്ടത് സി.സി.എല്ലിന്‍റെ സ്വീകാര്യത കുറച്ചു': ഇടവേള ബാബു

കൊച്ചിയിലെ വേദി നഷ്ടപ്പെട്ടതാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ കേരളത്തിലെ സ്വീകാര്യതയില്‍ ഇടിവുണ്ടാക്കിയതെന്ന് സിനിമാതാരം ഇടവേള ബാബു. സി.സി.എല്‍ പത്താംപതിപ്പിനുള്ള കേരള സ്ട്രൈക്കേഴ്സ് ടീം പ്രഖ്യാപന വേദിയിലായിരുന്നു പരാമര്‍ശം. നടന്‍ ഇന്ദ്രജിത്തിന്റെ നേതൃത്വത്തില്‍ മുപ്പത്തിരണ്ടംഗ ടീമും പ്രഖ്യാപിച്ചു.

രണ്ടുവട്ടം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം ഇത്തവണ കൈപ്പിടിയിലൊതുക്കാന്‍ കേരള സ്ട്രൈക്കേഴ്സ് തയാറായിക്കഴിഞ്ഞു. ഇന്ദ്രജിത്ത് ക്യാപ്റ്റനായി മുപ്പത്തിരണ്ടംഗ ടീമിനെ കൊച്ചിയില്‍ പ്രഖ്യാപിച്ചു. ഇതില്‍നിന്ന് പതിനാറംഗങ്ങള്‍ ലീഗില്‍ അണിനിരക്കും. 

ഈ മാസം ഇരുപത്തിമൂന്നിന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ കേരള സ്ട്രൈക്കേഴ്സ് മുംബൈ ഹീറോസിനെ നേരിടും. കേരളത്തിലെ ലീഗ് മല്‍സരങ്ങള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ്. കൊച്ചിയിലെ വേദി നഷ്ടപ്പെട്ടത് സി.സി.എല്ലിന്റെ കേരളത്തിലെ സ്വീകാര്യത കുറച്ചെന്ന് ഇടവേള ബാബു.എട്ടു ടീമുകളാണ് ഇത്തവണ ലീഗില്‍ മാറ്റുരയ്ക്കുന്നത്.

Edavela Babu says that the loss of the venue in Kochi has caused a decline in the popularity of the CCL in Kerala