രാഹുല്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചോ?;പരുക്കേറ്റ് പുറത്ത്; ദേവ്ദത്ത് പടിക്കല്‍ സ്ക്വാഡില്‍

HIGHLIGHTS
  • രാഹുല്‍ 90 ശതമാനം ഫിറ്റ്നസ് വീണ്ടെടുത്തതായി ബിസിസിഐ
  • രാഹുല്‍ തെറ്റായ സൂചന നല്‍കിയോ എന്ന ചോദ്യവുമായി ബിസിസിഐ ഉന്നതന്‍
  • പരുക്ക് വിലയിരുത്തുന്നതില്‍ മെഡിക്കല്‍ സംഘത്തിന് പിഴച്ചോ എന്നും ചോദ്യം
rahul-devdutt
SHARE

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുന്‍പ് ഇന്ത്യക്ക് തിരിച്ചടി. പരുക്കിനെ തുടര്‍ന്ന് കെ.എല്‍ രാഹുലിന് മൂന്നാം ടെസ്റ്റ് നഷ്ടം. കര്‍ണാടകയുടെ ഇടംകയ്യന്‍ ബാറ്റര്‍ ദേവ്ദത്ത് പടിക്കലിനെ രാഹുലിന് പകരം മൂന്നാം ടെസ്റ്റിനുള്ള സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തി. 

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിന് ഇടയിലാണ് രാഹുലിനെ ഫിറ്റ്നസ് പ്രശ്നം അലട്ടാന്‍ ആരംഭിച്ചത്. ഇതോടെ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റ് രാഹുലിന് നഷ്ടമായി. രാഹുലിന്റെ ഫിറ്റ്നസ് പരിശോധിച്ചാവും മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ രാഹുലിനെ ഉള്‍പ്പെടുത്തുക എന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുല്‍ 90 ശതമാനം ഫിറ്റ്നസ് വീണ്ടെടുത്തതായും ബിസിസിഐയുടെ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ഫിറ്റ്നസ് പൂര്‍ണമായും വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ബിസിസിഐ അറിയിച്ചു. 

എന്നാല്‍ രാഹുലിന്റെ പരുക്ക് വിലയിരുത്തുന്നതില്‍ ബിസിസിഐ മെഡിക്കല്‍ സംഘത്തിന് പിഴച്ചോ എന്ന ചോദ്യവും ശക്തമാവുന്നു. ബാറ്റിങ് പരിശീലനം നടത്തുന്ന വിഡിയോ കഴിഞ്ഞ ദിവസം രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.  ഇതോടെ രാഹുല്‍ മൂന്നാം ടെസ്റ്റിനുണ്ടാവും എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെങ്കില്‍ എന്തിനാണ് അത്തരം ഒരു വിഡിയോ പങ്കുവെച്ച് രാഹുല്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതെന്ന് ബിസിസിഐ ഉന്നതന്‍ ചോദിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

devdut-padikkal
തമിഴ്നാടിനെതിരെ രഞ്ജിയില്‍ സെഞ്ചുറി നേടിയ ദേവ്ദത്തിന്റെ ആഘോഷം

ദേവ്ദത്ത് പടിക്കലിന് ആദ്യമായാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുന്നത്. രഞ്ജി ട്രോഫിയിലെ മികച്ച ബാറ്റിങ്ങാണ് ദേവ്ദത്ത് പടിക്കലിന് ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡിലേക്ക് വഴി തുറന്നത്. പഞ്ചാബിനെതിരെ 193 റണ്‍സ് സ്കോര്‍ ചെയ്ത ദേവ്ദത്ത് ഗോവക്കെതിരെയും സെഞ്ചുറി നേടി. ഏറ്റവും ഒടുവില്‍ രഞ്ജിയില്‍ ദേവ്ദത്ത് 151 റണ്‍സ് സ്കോര്‍ ചെയ്ത ഇന്നിങ്സ് കാണാന്‍ സ്റ്റാന്‍ഡ്സില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ഉണ്ടായിരുന്നു. 

KL Rahul ruled out of third test

MORE IN SPORTS
SHOW MORE