dattajirao-gaekwad-1

ഇന്ത്യയുടെ ജീവിച്ചിരിക്കുന്നവരിലെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്രിക്കറ്റ് താരവും മുന്‍ ക്യാപ്റ്റനുമായിരുന്ന ദത്താജിറാവു കൃഷ്ണറാവു ഗെയ്​ക്​വാദ്(95) അന്തരിച്ചു. കഴിഞ്ഞ 12 ദിവസമായി ബറോഡയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. 1952നും 1961നും ഇടയില്‍ 11 ടെസ്റ്റുകളാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചത്. 

1959ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ദത്താജിറാവു ഗെയ്​ക്​വാദ്. 1952ല്‍ ലീഡ്സില്‍ ഇംഗ്ലണ്ടിന് എതിരെയായിരുന്നു ദത്താജിറാവുവിന്റെ രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. അവസാന മല്‍സരം 1961ല്‍ പാകിസ്ഥാന് എതിരെ ചെന്നൈയിലും. രഞ്ജി ട്രോഫിയില്‍ 1947 മുതല്‍ 1961 വരെ അദ്ദേഹം ബറോഡയ്ക്ക് വേണ്ടി കളിച്ചു. 3139 റണ്‍സും 14 സെഞ്ചുറികളും നേടി. 

249 റണ്‍സ് ആണ് രഞ്ജിയിലെ ദത്താജിറാവുവിന്റെ ഉയര്‍ന്ന സ്കോര്‍. 1959-60 സീസണില്‍ മഹാരാഷ്ട്രക്കെതിരെയായിരുന്നു ഇത്.  2016ല്‍ മുന്‍ താരം ദീപക് ശോധന്‍ 87ാമത്തെ വയസില്‍ മരിച്ചതോടെയാണ് ദത്താജിറാവു ഇന്ത്യയുടെ ജീവിച്ചിരിക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും പ്രായം കൂടിയ ആളായി മാറിയത്.