sachin-baby-saxena

ബംഗാളിനെ തോല്‍പ്പിച്ച് രഞ്ജി ട്രോഫി സീസണിലെ ആദ്യ ജയം തൊട്ട് കേരളം. രണ്ടാം ഇന്നിങ്സില്‍ കേരളം മുന്‍പില്‍ വെച്ച 449 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗാള്‍ 339 റണ്‍സിന് ഓള്‍ഔട്ടായി. 109 റണ്‍സിനാണ് കേരളത്തിന്റെ ജയം. രണ്ട് ഇന്നിങ്സിലുമായി 13 വിക്കറ്റ് വീഴ്ത്തിയ ഓള്‍റൗണ്ടര്‍ ജലജ് സക്സേനയാണ് കളിയിലെ താരം. 

449 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗാളിനായി ഷഹ്ബാസ് അഹ്മദ് 80 റണ്‍സും അഭിമന്യു ഈശ്വരന്‍ 65 റണ്‍സും നേടി. മറ്റ് ബംഗാള്‍ ബാറ്റേഴ്സിനെയൊന്നും സ്കോര്‍ ഉയര്‍ത്താന്‍ കേരളത്തിന്റെ ബൗളര്‍മാര്‍ അനുവദിച്ചില്ല. ബംഗാളിന്റെ രണ്ടാം ഇന്നിങ്സില്‍ സക്സേന നാല് വിക്കറ്റും ശ്രേയസ് ഗോപാല്‍, ബേസില്‍ തമ്പി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും എന്‍. ബേസില്‍ ഒരു വിക്കറ്റും വീഴ്ത്തി. 

saxena-wicket

ബംഗാളിന്റെ അനുസ്തൂപ് മജുംദാറിനെ പുറത്താക്കിയ ജലജ് സക്സേനയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍

ബംഗാളിന്റെ പ്രതീക്ഷയായിരുന്ന അഭിമന്യു ഈശ്വറിനെ വീഴ്ത്തി സക്സേനയാണ് കേരളത്തിന് കാര്യങ്ങളെല്ലാം അനുകൂലമാക്കിയത്. നായകന്‍ മനോജ് തിവാരിയും ഷഹബാസും ചേര്‍ന്ന് കൂട്ടുകെട്ടുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവിടേയും സക്സേന കേരളത്തിന്റെ രക്ഷകനായി. 35 റണ്‍സ് എടുത്ത് നിന്ന തിവാരിയെ സക്സേന സഞ്ജുവിന്റെ കൈകളിലെത്തിച്ചു. 

നേരത്തെ, ആറ് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് എന്ന നിലയിലാണ് കേരളം രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. ഓപ്പണര്‍ രോഹന്‍ കുന്നുമ്മലും വണ്‍ഡൗണായി എത്തിയ സച്ചിന്‍ ബേബിയും മധ്യനിരയില്‍ ശ്രേയസ് ഗോപാലും രണ്ടാം ഇന്നിങ്സില്‍ കേരളത്തിനായി അര്‍ധ ശതകം നേടി. കേരളത്തിന്റെ എട്ട് താരങ്ങള്‍ ബാറ്റിങ്ങിന് ഇറങ്ങിയിട്ടും നായകന്‍ സഞ്ജു സാംസണ്‍ രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയില്ല. 

sachin-baby-century

ബംഗാളിനെതിരെ സെഞ്ചുറി നേടിയ സച്ചിന്‍ ബേബിയുടെ ആഘോഷം

സച്ചിന്‍ ബേബിയുടേയും അക്ഷയ് ചന്ദ്രന്റേയും സെഞ്ചുറി ബലത്തിലാണ് കേരളം ഒന്നാം ഇന്നിങ്സില്‍ ബംഗാളിനെതിരെ മികച്ച സ്കോര്‍ കണ്ടെത്തിയത്. 363 റണ്‍സിനാണ് കേരളം ഓള്‍ഔട്ടായത്. 9 വിക്കറ്റ് പിഴുത് സക്സേന ആഞ്ഞടിച്ചതോടെ ബംഗാളിന്റെ ഒന്നാം ഇന്നിങ്സ് സ്കോര്‍ 180ല്‍ അവസാനിച്ചു. 21 ഓവറില്‍ 68 റണ്‍സ് മാത്രം വഴങ്ങിയാണ് സക്സേന ബംഗാളിന്റെ 9 വിക്കറ്റും പിഴുതത്.  സക്സേനയുടെ ഫസ്റ്റ് ക്ലാസ് കരിയറിലെ ഏറ്റവും മികച്ച ഫിഗറാണ് ഇത്.

എലൈറ്റ് ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ കേരളം. ആറ് കളിയില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയും നാല് സമനിലയുമാണ് കേരളത്തിനുള്ളത്. 14 പോയിന്റോടെ കേരളം മൂന്നാമത് നില്‍ക്കുമ്പോള്‍ 30 പോയിന്റോടെ മുംബൈയാണ് ഒന്നാം സ്ഥാനത്ത്. 25 പോയിന്റോടെ ആന്ധ്ര രണ്ടാമതും. 

Kerala won against Bengal in ranji trophy