'തെറ്റുപറ്റി; കോലി വീണ്ടും അച്ഛനാവുന്നു എന്ന് പറഞ്ഞത് സത്യമല്ല'; ഡിവില്ലിയേഴ്സ്

de-villiers-kohli
SHARE

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ നിന്ന് മലക്കം മറിഞ്ഞ് എബി ഡിവില്ലിയേഴ്സ്. തനിക്ക് തെറ്റുപറ്റിയതായും തെറ്റായ വിവരമാണ് പങ്കുവെച്ചതെന്നുമാണ് ഡിവില്ലിയേഴ്സ് ഇപ്പോള്‍ പറയുന്നത്. കോലിയും അനുഷ്കയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നതായും ഇതിനെ തുടര്‍ന്നാണ് കോലി ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നുമാണ് ഡിവില്ലിയേഴ്സ് കഴിഞ്ഞ ദിവസം പറഞ്ഞത്. 

എന്നാല്‍ കോലി വീണ്ടും അച്ഛനാവാന്‍ പോകുന്നു എന്ന വാര്‍ത്ത സത്യമല്ല എന്നാണ് ഡിവില്ലിയേഴ്സിന്റെ ഇപ്പോഴത്തെ പ്രതികരണം. 'കുടുംബമാണ് ആദ്യം വരുന്നത്. അതിന് ശേഷമാണ് ക്രിക്കറ്റ്. യുട്യൂബ് ചാനലില്‍ സംസാരിക്കുമ്പോള്‍ എനിക്കൊരു വലിയ തെറ്റ് പറ്റി. ആ വിവരം തെറ്റായിരുന്നു. അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല. കോലിക്ക് നല്ലത് സംഭവിക്കട്ടെ എന്ന് ആശംസിക്കാന്‍ മാത്രമാണ് എനിക്കിപ്പോള്‍ സാധിക്കുക', ഡിവില്ലിയേഴ്സ് പറഞ്ഞു.

ഇടവേളയ്ക്കുള്ള കാരണം എന്തായാലും കൂടുതല്‍ കരുത്തോടെ കോലി മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷയെന്നും ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു. ഡിവില്ലിയേഴ്സിന്റെ വാക്കുകളോടെ കോലിയുടെ ഇടവേള സംബന്ധിച്ച് വീണ്ടും ചോദ്യങ്ങള്‍ ഉയരുന്നു. നേരത്തെ, അമ്മയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് കോലി ഇടവേള എടുത്തതെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കോലിയുടെ സഹോദരന്‍ ഇത് നിഷേധിച്ചിരുന്നു. 

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് കോലി ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് ബിസിസിഐ അറിയിച്ചത്. എന്നാല്‍ പരമ്പരയിലെ മൂന്നാം ടെസ്റ്റ് കളിക്കാന്‍ കോലി എത്തിയേക്കുമോ എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സെലക്ടര്‍മാരുമായി കോലി ആശയവിനിമയം നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

MORE IN SPORTS
SHOW MORE