മെസിയുടെ ശിഷ്യന്‍ തന്നെ! തകര്‍പ്പന്‍ ഫ്രീകിക്ക് ഗോള്‍; പിന്നാലെ 2017ലെ സെലിബ്രേഷനും

enzo-messi
SHARE

പ്രീമിയര്‍ ലീഗില്‍ മങ്ങി നില്‍ക്കുന്ന ചെല്‍സിയെ എഫ്എ കപ്പില്‍ ആസ്റ്റണ്‍ വില്ല ചാരമാക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ആദ്യ 20 മിനിറ്റില്‍ രണ്ട് വട്ടം വല കുലുക്കിയാണ് ചെല്‍സി കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ എന്‍സോയില്‍ നിന്ന് വന്ന തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളോടെ ചെല്‍സി ആസ്റ്റണ്‍ വില്ലയുടെ കഥ കഴിക്കുകയും ചെയ്തു. വിമര്‍ശകരുടെ വായടപ്പിക്കാന്‍ അനിവാര്യമായിരുന്ന ജയത്തിലേക്ക് ചെല്‍സി എത്തിയതിനൊപ്പം എന്‍സോയുടെ തകര്‍പ്പന്‍ ഗോളാണ് ചര്‍ച്ചയാവുന്നത്. 

ആസ്റ്റണ്‍ വില്ലക്കെതിരെ ആക്രമിച്ച് കളിച്ച ചെല്‍സി പരിശീലകന്‍ പൊച്ചെറ്റിനോയ്ക്ക് മേലുള്ള സമ്മര്‍ദം കുറച്ചു. പ്രീമിയര്‍ ലീഗില്‍ 11ാം സ്ഥാനത്താണ് ചെല്‍സി. വോള്‍വര്‍ഹാംപ്ടണിന് എതിരെ 4-2ന്റെ തോല്‍വിയിലേക്ക് വീഴുക കൂടി ചെയ്തതോടെ പൊച്ചെറ്റിനോയ്ക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ കടുത്തിരുന്നു. എന്നാല്‍ തങ്ങളുടെ കഴിഞ്ഞ 16 ഹോം മല്‍സരങ്ങളില്‍ 2 എണ്ണത്തില്‍ മാത്രം തോറ്റ് നില്‍ക്കുന്ന ആസ്റ്റണ്‍ വില്ലയെ തകര്‍ത്താണ് ചെല്‍സി തിരികെ കയറുന്നത്. 

54ാം മിനിറ്റില്‍ 25 വാര അകലെ നിന്നാണ് അര്‍ജന്റൈന്‍ താരം എന്‍സോ ഫെര്‍ണാണ്ടസിന്റെ കര്‍ലിങ് ഫ്രീകിക്ക് ഗോള്‍ എത്തിയത്. ആസ്റ്റണ്‍ വില്ലയുടെ അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന് എന്‍സോയുടെ ഫ്രീകിക്കിന് മറുപടിയുണ്ടായില്ല. ഫ്രീകിക്ക് ഗോളിന് ശേഷം മെസിയുടെ ആഘോഷം എന്‍സോ അനുകരിക്കുകയും ചെയ്തു. 2017ല്‍ റയല്‍ മാഡ്രിഡിനെ 3-2ന് വീഴ്ത്തിയ കളിയിലാണ് മെസി തന്റെ 500ാം ഗോള്‍ സ്കോര്‍ ചെയ്തത്. അന്ന് ജഴ്സി ഊരി കാണികള്‍ക്ക് മുന്‍പിലേക്ക് നീട്ടി കാണിച്ചായിരുന്നു മെസിയുടെ ആഘോഷം. ആസ്റ്റണ്‍ വില്ലക്കെതിരായ ഗോളിന് പിന്നാലെ എന്‍സോയുടെ ആഘോഷവും തന്റെ പ്രിയപ്പെട്ട മെസിയുടേത് പോലെ തന്നെ...

Enzo Fernandez superb freekick goal against Aston Villa

MORE IN SPORTS
SHOW MORE