rohit-pitch

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിന് വിശാഖപട്ടണത്ത് ഇറങ്ങുമ്പോള്‍ ഇരുടീമും നാല് സ്പിന്നര്‍മാരെ വീതം ടീമില്‍ ഉള്‍പ്പെടുത്തിയേക്കും എന്ന് സൂചന. വിശാഖപട്ടണത്തെ പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ് എങ്കില്‍ നാല് സ്പിന്നര്‍മാരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഭയപ്പെടില്ലെന്ന് ഇംഗ്ലണ്ട് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം വ്യക്തമാക്കി കഴിഞ്ഞു. 

ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യയുടെ 19 വിക്കറ്റും വീഴ്ത്തിയത് ഇംഗ്ലീഷ് സ്പിന്നര്‍മാരാണ്. ശേഷിച്ച ഒരു വിക്കറ്റ് വീണത് റണ്‍ഔട്ടിലൂടെയും. രവീന്ദ്ര ജഡേജയാണ് റണ്‍ഔട്ടായത്. ഇംഗ്ലണ്ടിന്റെ അരങ്ങേറ്റക്കാരന്‍ സ്പിന്നര്‍ ടോം ഹാര്‍ട്​ലി ഏഴ് വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഇന്ത്യ 28 റണ്‍സ് തോല്‍വിയിലേക്ക് വീണത്. 

റെഹാന്‍ അഹ്മദ്, ടോം ഹാര്‍ട്​ലി, ജാക്ക് ലീച്ച്, ഷുഐബ് ബഷിര്‍ എന്നിവര്‍ വിശാഖപട്ടണത്ത് ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവനില്‍ എത്തിയേക്കുമെന്നാണ് സൂചന. അശ്വിനും അക്ഷരും വിശാഖപട്ടണത്ത് ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന് നേതൃത്വം നല്‍കുമ്പോള്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനേയും ഓഫ് സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറിനേയും പ്ലേയിങ് ഇലവനില്‍ ഇന്ത്യ ഉള്‍പ്പെടുത്തണം എന്നാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ കെ.ശ്രീകാന്ത് പ്രതികരിച്ചത്. 

2012ലാണ് ഇന്ത്യ അവസാനമായി നാല് സ്പിന്നര്‍മാരെ പ്ലേയിങ് ഇലവനില്‍ ഇറക്കി കളിപ്പിച്ചത്. ഇംഗ്ലണ്ടിനെതിരെ നാഗ്പൂര്‍ ടെസ്റ്റിലായിരുന്നു ഇത്. പരമ്പരയിലെ നാലാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, പീയുഷ് ചൗള, പ്രഗ്യാന്‍ ഓജ എന്നിവര്‍ പ്ലേയിങ് ഇലവനില്‍ ഇടംനേടി. ഇഷാന്‍ ശര്‍മ മാത്രമായിരുന്നു അന്ന് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ട പേസര്‍. ആ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. 

India and England might field four spinners in Vishakhapattanam Test