കോലി വിട്ടുനിന്നത് അമ്മയുടെ ആരോഗ്യനില മോശമായതിനാല്‍?; സഹോദരന്റെ പ്രതികരണം

virat-kohli-1
SHARE

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്നും വിരാട് കോലി മാറി നിന്നതിന് പിന്നിലെ കാരണം തേടുകയായിരുന്നു ആരാധകര്‍. ഏറ്റവും ഒടുവില്‍ അമ്മയുടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് കോലി അങ്ങനെയൊരു തീരുമാനം എടുത്തത് എന്ന അഭ്യൂഹങ്ങളും പരന്നു. എന്നാല്‍ ആ വാര്‍ത്ത നിഷേധിക്കുകയാണ് കോലിയുടെ സഹോദരന്‍ ഇപ്പോള്‍. 

വലീദ് ബിന്‍ അബ്ദുല്‍ അസ് എന്ന എക്സ് അക്കൗണ്ടില്‍ നിന്ന് വന്ന ട്വീറ്റിലാണ് അമ്മയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് കോലി വിട്ടുനിന്നത് എന്ന് അവകാശപ്പെടുന്നത്. ആരാധകര്‍ക്കിടയില്‍ ഈ ട്വീറ്റ് വലിയ നിലയില്‍ ചര്‍ച്ചയാവുകയും ചെയ്തു. കോലിയുടെ അമ്മ സരോജ് കോലിക്ക് 2023 സെപ്തംബറില്‍ കരള്‍ സംബന്ധമായ അസുഖം നേരിട്ടതായും ഗുര്‍ഗാവോണിലെ സികെ ബിര്‍ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുമാണ് വലീദ് ബിന്‍ അബ്ദുലിന്റെ ട്വീറ്റില്‍ പറയുന്നത്. എന്നാല്‍ അമ്മയുടെ ആരോഗ്യനിലയില്‍ ഒരു പ്രശ്നവും ഇല്ലെന്നാണ് കോലിയുടെ സഹോദരന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

അമ്മയുടെ ആരോഗ്യനില സംബന്ധിച്ച് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അമ്മ പൂര്‍ണ ആരോഗ്യവതിയാണ്. ശരിയായ വിവരങ്ങള്‍ ശേഖരിക്കാതെ വാര്‍ത്ത നല്‍കരുതെന്ന് മാധ്യമങ്ങളോടും ആവശ്യപ്പെടുന്നതായി കോലിയുടെ സഹോദരന്‍ ഇന്‍സ്റ്റാ സ്റ്റോറിയില്‍ കുറിച്ചു. 

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ കോലി കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചെങ്കിലും ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരുന്നില്ല. താരത്തിന്റെ സ്വകാര്യതയെ മാനിക്കണം എന്നും ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുഷ്ക ഗര്‍ഭിണിയാണെന്നുള്‍പ്പെടെ പല തരത്തിലെ അഭ്യൂഹങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

Kohli's brother shut down rumours about their mothers health

MORE IN SPORTS
SHOW MORE