30ാം വയസില്‍ ടെസ്റ്റ് ടീമിലേക്ക്; ആരാണ് സൗരഭ് കുമാര്‍?

saurabh-kumar
SHARE

കെ.എല്‍.രാഹുലിനും രവീന്ദ്ര ജഡേജയ്ക്കും പരുക്കേറ്റതോടെ മൂന്ന് കളിക്കാരെയാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള സ്ക്വാഡിലേക്ക് ബിസിസിഐ ഉള്‍പ്പെടുത്തിയത്. ഏറെ നാളത്തെ അവഗണനകള്‍ക്കൊടുവില്‍ സര്‍ഫ്രാസ് ഖാന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തി. മൂന്ന് വര്‍ഷത്തിന് ശേഷം വാഷിങ്ടണ്‍ സുന്ദറും ടെസ്റ്റ് ടീമില്‍. ഇവിടെ സര്‍ഫ്രാസിനും വാഷിങ്ടണ്‍ സുന്ദറിനുമൊപ്പം ബിസിസിഐ പ്രഖ്യാപിച്ച ഒരു പേര് തിരയുകയായിരുന്നു ആരാധകര്‍, സൗരഭ് കുമാര്‍. ആരാണ് സൗരഭ് കുമാര്‍? 

ഉത്തര്‍പ്രദേശില്‍ നിന്നുള്ള 30കാരനായ ഇടംകയ്യന്‍ സ്പിന്നറാണ് രവീന്ദ്ര ജഡേജയ്ക്ക് പകരം ടീമില്‍ ഉള്‍പ്പെട്ട സൗരഭ്. ബാറ്റിങ്ങിലും സൗരഭിനെ ടീമിന് ആശ്രയിക്കാം. 68 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളാണ് മുന്‍പ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗം കൂടിയായിരുന്ന സൗരഭ് ഇതുവരെ കളിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ജോലിയോടെ ജീവിതം സുരക്ഷിതമാക്കാനുള്ള അവസരം മുന്‍പിലുണ്ടായിരുന്നിട്ടും ക്രിക്കറ്റിന് ഹൃദയം  കൊടുക്കാനാണ് സൗരഭ് തീരുമാനിച്ചത്. 290 ഫസ്റ്റ് ക്ലാസ് വിക്കറ്റുകള്‍ സൗരഭിന്റെ അക്കൗണ്ടിലുണ്ട്. നേടിയത് 2061 റണ്‍സും. 

കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ട് ലയണ്‍സിനെ ഇന്നിങ്സിനും 16 റണ്‍സിനും ഇന്ത്യ എ തോല്‍പ്പിച്ചപ്പോള്‍ അ‍ഞ്ച് വിക്കറ്റ് വീഴ്ത്തിയും 77 റണ്‍സ് കണ്ടെത്തിയും സൗരഭ് തിളങ്ങി. സര്‍വീസസിന് വേണ്ടി കളിച്ചാണ് സൗരഭിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റം. 2014-15 സീസണിലാണ് ഇത്. തൊട്ടടുത്ത സീസണില്‍ ഉത്തര്‍പ്രദേശ് ടീമിലേക്ക് ചേക്കേറി. 

രണ്ട് വട്ടം ഐപിഎല്‍ ടീമില്‍ ഇടംനേടാന്‍ സൗരഭിന് സാധിച്ചു. 2017ല്‍ 10 ലക്ഷം രൂപയ്ക്ക് സൗരഭിനെ റൈസിങ് പുനെ ജയന്റ്സ് സ്വന്തമാക്കി. 2021ല്‍ 20 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിങ്സിലേക്കും സൗരഭ് എത്തി. എന്നാല്‍ ഐപിഎല്ലില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാന്‍ സൗരഭിന് ഇതുവരെ സാധിച്ചിട്ടില്ല. 

2021ല്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ നെറ്റ് ബൗളറായിരുന്നു സൗരഭ്. 2022ലെ ഇന്ത്യയുടെ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള സ്ക്വാഡിലും സൗരഭ് ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അരങ്ങേറ്റം കുറിക്കാനായില്ല. ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും സൗരഭ് പ്ലേയിങ് ഇലവനിലേക്ക് എത്താനുള്ള സാധ്യത വിരളമാണ്. കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ മറികടന്ന് വേണം സൗരഭിന് ടീമിലേക്ക് എത്താന്‍. 

Saurab Kumar included in the test squad

MORE IN SPORTS
SHOW MORE