ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ മലയാളി യുവതിക്ക് സൈക്കിളിംഗിൽ സുവർണ്ണ നേട്ടം

cycling-lilly
SHARE

കൊച്ചി പള്ളുരുത്തി സ്വദേശിനി അലനിസ് ലില്ലി ക്യുബെല്ലോയ്ക്ക് ചെന്നൈയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ സൈക്കളിംഗിൽ സ്വർണ്ണവും വെള്ളിയും. അറുപത് കിലോമീറ്റർ ഓപ്പൺറോഡ് വ്യക്തിഗത മത്സരത്തിലാണ് അലനിസ് സ്വർണ്ണം നേടിയത്. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ  സൈക്കളിംഗിൽ  സ്വർണ്ണം നേടുന്ന ആദ്യ മലയാളിയാണ് പതിനെട്ടുകാരിയായ അലനിസ്. ഇരുപത് കിലോമീറ്റർ വ്യക്തിഗത ടൈം ട്രയൽസിൽ  വെള്ളിയും നേടി അലനിസ് വിജയം ഇരട്ടി മധുരമുള്ളതാക്കി. 

തമിഴ്നാടിന്റെ രാജ്യാന്തര താരം, ഏഷ്യൻ ട്രാക്ക് സൈക്കിളിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ, ജെ.സ്മൃതിയെയടക്കം പരാജയപ്പെടുത്തിയാണ്  അലനിസ് സ്വർണ്ണമെഡൽ നേടിയത്. നീന്തൽ താരമായിരുന്ന അലനിസ് കോവിഡ് പേമാരിക്ക് ശേഷം മുൻസൈക്കിളിംഗ് താരമായ അച്ഛൻ ആൻസലിന്റെ ഉപദേശപ്രകാരമാണ് സൈക്കിളിംഗിലേക്ക് തിരിഞ്ഞത്.

സംസ്ഥാനതല സൈക്കിളിംഗ് താരമാണ് ആൻസൽ. കൊച്ചിൻ പോർട്ട് പരിസരത്ത് രണ്ട് വർഷത്തിലേറെയായി രാവിലേയും വൈകിട്ടും സ്വന്തമായിട്ടായിരുന്നു അലനിസിന്റെ പരിശീലനം. മാസങ്ങൾക്ക് മുമ്പ് കോച്ച്  ചന്ദ്രൻ ചെട്ടിയാരുടെ കീഴിലേക്ക് മാറി. സൈക്കിളിംഗിൽ തനിക്ക് ലഭിച്ച ആദ്യ പ്രധാനപ്പെട്ട പുരസ്കാരമാണ് ഖേലോ ഇന്ത്യ മെഡലെന്നും ആദ്യമായി പങ്കെടുത്ത ഗെയിംസിൽ തന്നെ സ്വർണ്ണ മെഡൽ നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും  സ്വർണ്ണം നേടിയ ശേഷം അലനിസ് പറഞ്ഞു.

പിതാവെന്ന നിലയ്ക്ക് മകളുടെ സുവർണ്ണ നേട്ടത്തിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് ആൻസൽ പറഞ്ഞു. സാധാരണക്കാർക്ക് പോലും അവസരം ലഭിക്കുന്നതാണ് ഖേലോ ഇന്ത്യ ഗെയിംസെന്നും ഈ നേട്ടം രാജ്യാന്തര മത്സരങ്ങളിൽ വരെ പങ്കെടുക്കുന്നതിനുള്ള ഊർജ്ജവും കരുത്തും മകൾക്ക് നൽകുന്നതാണെന്നും ആൻസൽ അറിയിച്ചു.

Malayali cycling star won gold in khelo india youth games

MORE IN SPORTS
SHOW MORE