അത് ‘ഖുല’ ആയിരുന്നു, തീരുമാനം സാനിയയുടേത്: ഇമ്രാൻ മിർസ

ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായുള്ള വിവാഹബന്ധം വേർപെടുത്താനുള്ള തീരുമാനം സാനിയയുടേതായിരുന്നെന്ന് ഇമ്രാൻ മിർസ. വാർത്താ ഏജൻസിയായ പിടിഐയോടാണ് സാനിയയുടെ പിതാവിന്റെ ആദ്യ പ്രതികരണം. ഒരു മുസ്ലീം സ്ത്രീക്ക് തന്റെ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാനുള്ള  ‘ഖുല’ ആണ് സാനിയ മിർസ ചെയ്തതെന്നും പിതാവ് വ്യക്തമാക്കി. 2022 മുതൽ ശുഐബും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെ കുറിച്ച് ശക്തമായ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരെയും ഒരുമിച്ച് കണ്ടിട്ടില്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ശുഐബ് മാലിക്കും ഇൻസ്റ്റാഗ്രാമിൽ സാനിയയെ അൺഫോളോ ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സാനിയ ടെന്നിസ് കരിയര്‍ അവസാനിപ്പിച്ചത്.

2010 ഏപ്രിലിൽ സാനിയ മിർസയുടെ ജന്മനാടായ  ഹൈദരാബാദിൽ വച്ചാണ് മാതാചാരങ്ങൾ പ്രകാരം സാനിയയും ശുഐബ് മാലിക്കും വിവാഹിതരായത്. പിന്നീട് ഇരുവരും ദുബായിൽ താമസമാക്കിയിരുന്നു. 2018ൽ മകനായ ഇഷാൻ ജനിച്ചശേഷവും സാനിയ കളിക്കളത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. അഞ്ചുവയസുള്ള മകൻ സാനിയയ്ക്കൊപ്പമാണ് താമസിക്കുന്നത്. വിവാഹമോചനവാർത്തകൾക്കിടെ സാനിയയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും ചർച്ചയായിരുന്നു. ‘വിവാഹവും വിവാഹമോചനവും കഠിനമാണ്. ജീവിതം ഒരിക്കലും എളുപ്പമാകില്ല, അതെപ്പോഴും കഠിനമായിരിക്കും. എന്നാല്‍, നമുക്ക് ഏത് വേണമെന്ന് തിരഞ്ഞെടുക്കാം. വിവേകത്തോടെ തിരഞ്ഞെടുക്കൂ' എന്നായിരുന്നു സാനിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

സാനിയ മിർസയിൽ നിന്ന് വിവാഹമോചനം നേടിയതിന് ശേഷം കറാച്ചിയിൽ വെച്ച് പാക്കിസ്ഥാൻ സിനിമാതാരം സന ജാവേദിനെ വിവാഹം ചെയ്തതായി ശുഐബ് മാലിക് ശനിയാഴ്ച അറിയിച്ചിരുന്നു.  "ഞങ്ങൾ നിങ്ങളെ ജോഡികളായി സൃഷ്ടിച്ചു" എന്ന വാക്കുകളോടെ തന്റെ പുതിയ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രവും  സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം പുറത്തുവിട്ടു. 2020ൽ ഗായകൻ ഉമൈർ ജയ്‌സ്വാളിനെ വിവാഹം ചെയ്ത സന ജാവേദ് രണ്ട് മാസം മുൻപ് വിവാഹമോചിതയായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.