വിവാഹ മോചന അഭ്യൂഹങ്ങള്‍ക്കിടെ വിഘ്നേശിനൊപ്പമുള്ള ചിത്രം പങ്കിട്ട് നയന്‍സ്

വിഘ്നേശ് ശിവനുമായി പിണക്കത്തിലാണെന്നും വിവാഹമോചനമുണ്ടായേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെ കുടുംബചിത്രം പങ്കുവച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ് വിഘ്നേശിനും മക്കളായ ഉയിരിനും ഉലഗത്തിനുമൊപ്പമുള്ള ചിത്രം താരം പങ്കുവച്ചത്. മക്കളിലൊരാളെ നയന്‍താര  എടുത്തിരിക്കുന്നതും മറ്റെയാളെ വിഘ്നേഷ് മടിയിലിരുത്തിയിരിക്കുന്നതുമായ ചിത്രമാണ് താരം പങ്കുവച്ചത്. വിമാനത്തിലെ ബിസിനസ് ക്ലാസില്‍ നിന്നുള്ളതാണ് ചിത്രം. ' എന്‍റെ ചെക്കന്‍മാര്‍ക്കൊപ്പം ഒരുപാട് കാലത്തിന് ശേഷം ഒരു യാത്ര' എന്നായിരുന്നു ഹൃദയചിഹ്നത്തോടെയുള്ള ക്യാപ്ഷന്‍. 

ദിവസങ്ങള്‍ക്ക് മുന്‍പ് വിഘ്നേശിനെ നയന്‍സ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അണ്‍ഫോളോ ചെയ്തതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. രണ്ട് ദിവസം കഴിഞ്ഞതോടെ താരം വീണ്ടും വിഘ്നേശിനെ ഫോളോ ചെയ്യാനും തുടങ്ങി. 'ഉം.... ഐം ലോസ്റ്റ്' എന്നൊരു കുറിപ്പും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ ആരാധകര്‍ ആകെ ആശയക്കുഴപ്പത്തിലായി. അതേസമയം, വിവാഹമോചന വാര്‍ത്തകളോട് വിഘ്നേശ് ഇതുവരേക്കും പ്രതികരിച്ചിട്ടില്ല. 

വാലന്‍റൈന്‍സ് ദിനത്തില്‍ ഇരുവരും പ്രണയപ്പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. എന്‍റെ ഉയിരിനും ഉലഗത്തിനും സ്നേഹം, എന്‍റെ വാലന്‍റൈന്‍സ് ദിനം ഏറ്റവും മനോഹരമാക്കിയതെന്നായിരുന്നു അന്നത്തെ കുറിപ്പ്. 

നയന്‍സിന്‍റെ പത്തുവര്‍ഷം എന്നായിരുന്നു വിഘ്നേശിന്‍റെ കുറിപ്പ്. സ്നേഹത്തില്‍ വിശ്വസിക്കുന്ന ഏല്ലാവര്‍ക്കും ഹാപ്പി വാലന്‍റൈന്‍സ് ഡേയെന്നും എന്‍റെ തങ്കത്തിനൊപ്പം ഒരു പതിറ്റാണ്ടെന്നും ഉയിരും ഉലഗവുംനമ്മള്‍ തന്നെയായി മാറിയെന്നും വിഘ്നേശ് കുറിച്ചിരുന്നു.

2022 ജൂണില്‍ മഹാബലിപുരത്ത് വച്ചായിരുന്നു നയന്‍താരയുടെയും വിഘ്നേശിന്‍റെയും വിവാഹം. ഷാരൂഖും രജിനിയുമടക്കമുള്ള വമ്പന്‍ താരനിരയാണ്  വിവാഹത്തില്‍ പങ്കെടുത്തത്. 

Amid divorce rumours Nayanthara shares pic with Vignesh, Uyir and Ulagam