
അഹമ്മദാബാദില്‍ അവസാന 10 ഓവറില്‍ നമ്പര്‍ വണ്‍ ട്വന്റി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ് കത്തിക്കയറുമെന്ന പ്രതീക്ഷ ഇന്ത്യന്‍ ആരാധകരില്‍ പലരുടേയും മനസില്‍ ഉണ്ടായിരുന്നിട്ടുണ്ടാവും. എന്നാല്‍ ടീം അത്രത്തോളം മികച്ച പ്രകടനം ആവശ്യപ്പെടുന്ന സമയം ദയനീയമായ പരാജയപ്പെടുകയായിരുന്നു സൂര്യകുമാര്‍ യാദവ്. ഇതോടെ സഞ്ജു സാംസണിന് പകരം സൂര്യകുമാറിനെ ടീമിലെടുത്ത മാനേജ്മെന്റിന്റെ നീക്കത്തിനെതിരെ ഒരിക്കല്‍ കൂടി വിമര്‍ശനവുമായി എത്തുകയാണ് ആരാധകര്‍.
അഹമ്മദാബാദിലെ കലാശപ്പോരില്‍ ഒരു ബൗണ്ടറി മാത്രമാണ് സൂര്യകുമാറിന് അടിക്കാനായത്. 28 പന്തില്‍ നിന്ന് നേടിയത് 18 റണ്‍സ്. ഫോമിലുള്ള, സ്ഥിരത പുലര്‍ത്തിയ താരങ്ങള്‍ വേറെ ഉണ്ടെന്നിരിക്കെ എന്തുകൊണ്ട് സൂര്യകുമാര്‍ യാദവിനെ ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി എന്നതില്‍ ടീം മാനേജ്മെന്റ് വിശദീകരണം നല്‍കേണ്ടതുണ്ടെന്നാണ് ആരാധകരുടെ കമന്റുകള്‍.
ഏകദിന ബാറ്റിങ് ശരാശരി 25ല്‍ നില്‍ക്കുന്ന താരത്തെ ലോകകപ്പ് ഫൈനല്‍ കളിപ്പിച്ചതിനേയും ആരാധകര്‍ വിമര്‍ശിക്കുന്നു. ഇന്ത്യന്‍ ഏകദിന ടീമിലെ സൂര്യകുമാറിന്റെ ഭാവിയിലേക്ക് ചൂണ്ടിയും ചോദ്യങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു. ഋഷഭ് പന്ത് മടങ്ങി എത്തുന്നത് വരെ ഇഷാന്‍ കിഷനും സഞ്ജുവും തമ്മിലായിരിക്കും ടീമില്‍ ഇനി ഇടം നേടാനുള്ള മല്‍സരം. ഇവിടെ ഇഷാനെയാണ് ടീം മാനേജ്മെന്റ് പിന്തുണയ്ക്കുന്നത്. ഓസ്ട്രേലിയക്ക് എതിരായ ട്വന്റി20 പരമ്പരയില്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ തയ്യാറാവുമോ എന്നാണ് ഇനി അറിയേണ്ടത്.
Fans Against inclusion of Suryakumar yadav in the team