ആരാകും ലോകകപ്പിലെ കേമന്‍? പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റ് ഇതുവരെ

CRICKET-IND-WIS
SHARE

നാനൂറും കടന്ന് കുതിച്ചു കയറിയ സ്കോറുകള്‍, ഇരട്ട സെഞ്ചറി, പുത്തന്‍ റെക്കോര്‍ഡുകള്‍... മിന്നും പ്രകടനങ്ങള്‍ക്കാണ് ഈ ലോകകപ്പും സാക്ഷ്യം വഹിച്ചത്. ആരാകും ഈ ലോകകപ്പിന്‍റെ താരം? 1992ലാണ് ഐസിസി ലോകകപ്പില്‍ ആദ്യമായി 'പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്‍റ്' പുരസ്കാരം ഏര്‍പ്പെടുത്തിയത്. ഓസ്ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി നടന്ന ലോകകപ്പില്‍ 456 റണ്‍സ് അടിച്ചു കൂട്ടിയ മാര്‍ട്ടിന്‍ ക്രോ ചാംപ്യന്‍ഷിപ്പിലെ കേമനായി. പാക്കിസ്ഥാനായിരുന്നു ലോകകിരീടം.

New Zealand Obit Matin Crowe

1996 ലെ ലോകകപ്പില്‍ 221 റണ്‍സും ആറ് വിക്കറ്റും നേടി ശ്രീലങ്കയുടെ സനത് ജയസൂര്യ മികച്ച താരമായി. പാക്കിസ്ഥാനിലും ഇന്ത്യയിലുമായി നടന്ന ലോകകപ്പില്‍ ജേതാക്കളായതും ശ്രീലങ്കയായിരുന്നു. 1999 ല്‍ ദക്ഷിണാഫ്രിക്കയുടെ ലാന്‍സ് ക്ലൂസ്നറായിരുന്നു കേമന്‍. 281 റണ്‍സും 17 വിക്കറ്റുമായിരുന്നു ക്ലൂസ്നറുടെ ആ ലോകകപ്പിലെ സമ്പാദ്യം. പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഓസ്ട്രേലിയ കപ്പുമായി മടങ്ങി. ഇന്ത്യയുടെ കണ്ണീര്‍ വീണ 2003 ലെ ലോകകപ്പില്‍ പക്ഷേ ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ടൂര്‍ണമെന്റിലെ താരമായി. 673 റണ്‍സും 2 വിക്കറ്റുമായിരുന്നു സച്ചിന്‍ സ്വന്തമാക്കിയത്. ലോകകപ്പിലെ താരമാകുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സച്ചിന്‍.

playershistoryn-19

26 വിക്കറ്റുകളുമായി 2007 ല്‍ പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റ് ആയത് ഓസീസ് താരം ഗ്ലെന്‍ മക്​ഗ്രാത്താണ്. ഫൈനലില്‍ 53 റണ്‍സിന് ശ്രീലങ്കയെ തോല്‍പ്പിച്ച് കിരീടവും സ്വന്തമാക്കിയതോടെ ഓസ്ട്രേലിയയ്ക്ക് 2007 ലെ ലോകകപ്പ് ഇരട്ടി മധുരമായി. ബാറ്റിങിലും ബോളിങിലും ഒരുപോലെ തിളങ്ങിയ യുവരാജ് സിങായിരുന്നു 2011 ലെ ലോകകപ്പിന്‍റെ താരം. 362 റണ്‍സും 15 വിക്കറ്റുമാണ് യുവി ഇന്ത്യയ്ക്കായി നേടിയത്. ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍കാണ് 2015ല്‍ കേമനായത്. 22 വിക്കറ്റുകളാണ് ആ ലോകകപ്പില്‍ സ്റ്റാര്‍ക് നേടിയത്. വെടിക്കെട്ട് ബാറ്റിങും മികച്ച നേതൃത്വവും കൊണ്ട് ന്യൂസീലന്‍ഡിനെ ഫൈനലോളം എത്തിച്ച കെയ്ന്‍ വില്യംസണായിരുന്നു കഴിഞ്ഞ ലോകകപ്പിന്‍റെ താരം. 578 റണ്‍സും രണ്ട് വിക്കറ്റുകളുമായിരുന്നു സമ്പാദ്യം.

yuvikanemc-19

വിരാട് കോലിയും മുഹമ്മദ് ഷമിയുള്‍പ്പടെ നാല് ഇന്ത്യന്‍ താരങ്ങളെയടക്കം ഒന്‍പതുപേരെയാണ് പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്‍റിനായി ഐസിസി ഇക്കുറി പരിഗണിക്കുന്നത്. സമാനതകളില്ലാത്ത പ്രകടനമാണ് ഈ ലോകകപ്പില്‍ വിരാട് കോലിയുടേത്. 12 ഇന്നിങ്സുകളില്‍ നിന്നായി 765 റണ്‍സും നെതര്‍ലന്‍ഡ്സിനെതിരെ നേടിയ ഒരു വിക്കറ്റുമാണ് കോലിയുടെ നേട്ടം. ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് ശരാശരിയുമായി മുഹമ്മദ് ഷമി തൊട്ടുപിന്നിലുണ്ട്. അഞ്ച് വിക്കറ്റ് നേട്ടത്തില്‍ ഹാട്രിക്കും കുറിച്ചു. സെമിയിലെ ഏഴ് വിക്കറ്റ് നേട്ടം ഏകദിനത്തില്‍ ഇന്ത്യക്കാരന്റെ മികച്ച പ്രകടനമാണ്. 550 റണ്‍സും ഒരു വിക്കറ്റുമായി രോഹിതും മികച്ച ശരാശരിയോടെ ഫൈനലിലും വിക്കറ്റ് വേട്ട തുടരുന്ന ജസ്പ്രീത് ബുംറയുമാണ് സാധ്യതാ പട്ടികയിലെ ഇന്ത്യന്‍ താരങ്ങള്‍.

bhumrarohitzampa-19

23 വിക്കറ്റുമായി ഓസീസ് താരം ആഡം സാംപയും എട്ട് ഇന്നിങ്സുകളില്‍ നിന്നായി 398 റണ്‍സും അഞ്ച് വിക്കറ്റും നേടിയ മാക്സ്​വെല്ലും, കന്നി ലോകകപ്പില്‍ 578 റണ്‍സും അഞ്ച് വിക്കറ്റും നേടിയ രചിന്‍ രവീന്ദ്രയും പത്ത് ഇന്നിങ്സുകളില്‍ നിന്ന് 594 റണ്‍സ് നേടിയ ക്വിന്‍റണ്‍ ഡികോക്കും 552 റണ്‍സ് നേടിയ ഡാരില്‍ മിച്ചലുമാണ് പട്ടികയിലെ മറ്റുള്ളവര്‍.

Who will be The Player of TheTournament in ICC world cup2023; winner's history

MORE IN SPORTS
SHOW MORE