
ലോകകപ്പില്‍ തുടര്‍ന്ന തന്റെ ആക്രമണ ബാറ്റിങ് ശൈലി രോഹിത് ഫൈനലിലും ആവര്‍ത്തിച്ചപ്പോള്‍ അഹമ്മദാബാദില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരുന്നു. എന്നാല്‍ ഏഴാം ഓവറില്‍ പന്ത് മാക്സ്വെല്ലിന്റെ കൈകളിലേക്ക് നല്‍കിയ കമിന്‍സിന്റെ ബൗളിങ് ചെയിഞ്ച് ഫലം കണ്ടു. ഒന്‍പതാം ഓവറിലെ രണ്ടാം പന്ത് സിക്സും മൂന്നാമത്തെ ഡെലിവറി ഫോറും പറത്തിയ രോഹിത്തിനെ തൊട്ടടുത്ത പന്തില്‍ മാക്സ്വെല് ഡ്രസ്സിങ് റൂമിലേക്ക് മടക്കി.
മാക്സ്വെല്ലിന്റെ പന്തില്‍ ടോപ് എഡ്ജ് ആയി കവര്‍ പോയിന്റിലേക്ക് വന്ന പന്ത് ഫുള്‍ ലെങ്ത് ഡൈവിലൂടെ ട്രാവിസ് ഹെഡ് കൈക്കലാക്കി.31 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്സും പറത്തി 151.61 എന്ന സ്ട്രൈക്ക്റേറ്റിലാണ് രോഹിത് മടങ്ങിയത്. കോലിക്കൊപ്പം നിന്ന് ശ്രേയസ് അയ്യര്‍ ഇന്നിങ്സ് പടുത്തുയര്‍ത്തും എന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയാണ് ഓസീസ് ക്യാപ്റ്റന്റെ പ്രഹരമെത്തിയത്. കമിന്‍സിന്റെ പന്തില്‍ ഫൂട്ട്വര്ക്ക് ഇല്ലാതെ കളിച്ച ശ്രേയസിന്റെ ബാറ്റിലുരസി പന്ത് ഇന്‍ഗ്ലിസിന്റെ കൈകളിലേക്ക്. ഇതോടെ ഇന്ത്യയെ 81-3 എന്ന സമ്മര്‍ദത്തിലേക്ക് തള്ളിയിടാന്‍ കമിന്‍സിനും കൂട്ടര്‍ക്കുമായി. 2015 ലോകകപ്പ് ഫൈനലിലേത് പോലെ ഇത്തവണയും ഓസ്ട്രേലിയക്കായി ആദ്യ വിക്കറ്റ് വീഴ്ത്തിയത് മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു. നാലാം ഓവറില്‍ മിഡ് ഓണില്‍ ആദം സാംപയ്ക്ക് ക്യാച്ച് നല്‍കിയാണ് ഗില്‍ മടങ്ങിയത്. ഏഴ് പന്തില്‍ നിന്ന് ഗില്‍ നേടിയത് നാല് റണ്‍സ് മാത്രം.