ക്രിക്കറ്ററാകാതെ തിരിച്ചു വന്നാൽ ചെരുപ്പിനടിക്കും'; ഗിൽ കണ്ണു നിറച്ചെന്ന് മുത്തച്ഛൻ

shubman-gill
SHARE

നൂറ്റിമുപ്പതിലേറെ കോടി ജനങ്ങളുടെ പ്രാര്‍ഥനയുമായി ടീം ഇന്ത്യ ഇന്ന് ഓസീസിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ പഞ്ചാബിലെ അതിര്‍ത്തി ഗ്രാമായ ചക് ഖരെ വാലെയിലും സന്തോഷവും ഒപ്പം നെഞ്ചിടിപ്പേറുകയാണ്. കുഞ്ഞു ശുഭ് രാജ്യത്തിന്റെ പ്രതീക്ഷകളുമായി ക്രീസലിറങ്ങുമ്പോള്‍ ഈ മുത്തശ്ശനും മുത്തശ്ശിക്കും എങ്ങനെ അടങ്ങിയിരിക്കാനാകും? ക്രിക്കറ്ററാകാതെ തിരികെ വന്നാല്‍ ഷൂസിനടിക്കുമെന്ന് ഒരിക്കല്‍ സര്‍ദാര്‍ ദിദര്‍ സിങ് പറഞ്ഞുവിട്ട ശുഭ്മന്‍ ഗില്‍ പക്ഷേ തിരികെ എത്തിയത് മുത്തശ്ശന് ഒരു ഡസന്‍ ഷൂസുകളുമായാണ്. ഇനിയെന്ത് വേണം രണ്ടാള്‍ക്കും എന്നായിരുന്നു ഗില്ലിന്റെ ചോദ്യമെന്ന് ദിദര്‍ പറയുന്നു. 

gill-with-grandparents

അടുക്കളയിലെ നാശനഷ്ടം സഹിക്കാന്‍ പറ്റാതെ വന്നതോടെ ശല്യമൊഴിവാക്കാന്‍ 'ഇവനെ കൊണ്ടു പോയി ക്രിക്കറ്റ് കളിക്കാന്‍ ചേര്‍ക്കാന്‍' ഗില്ലിന്റെ മുത്തശ്ശി ഗുര്‍മീല്‍ പറഞ്ഞു. പിറ്റേ ആഴ്ചയില്‍ ജലന്ധറില്‍ കിസാന്‍ യൂണിയന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ പോയ ദിദര്‍ മടങ്ങിയെത്തിയത് ക്രിക്കറ്റ് കിറ്റുമായാണ്. മൂന്നാം വയസുമുതല്‍ ക്രിക്കറ്റുമായി ചങ്ങാത്തത്തിലായ കുഞ്ഞ് ശുഭ് ക്രിക്കറ്ററായതില്‍ അതിശയമില്ലെന്ന് ദിദര്‍ പറയുന്നു. ദിവസവും 500-700 പന്തുകള്‍ ഗില്ലിന് കളിക്കാന്‍ നല്‍കുമായിരുന്നു. സ്റ്റംപ് ബാറ്റാക്കി ഗില്‍ ശീലിച്ചതോടെയാണ് എങ്ങനെ പന്ത് വന്നാല്‍ ബാറ്റിന്റെ മധ്യഭാഗം കൊണ്ട് അടിച്ചകത്താന്‍ ശീലിച്ചതെന്ന് അച്ഛന്‍ ലഖ്വിന്ദറും കൂട്ടിച്ചേര്‍ക്കുന്നു. 

shubman-gill-031123

വീട്ടിലായിരുന്നപ്പോള്‍ തന്നെപ്പോലെ മൂന്ന് ലീറ്റര്‍ പാലും ആറ് പഴവുമാണ് ഗില്‍ കഴിച്ചിരുന്നതെന്നും ഏറെക്കാലും ഇതുതന്നെയായിരുന്നു ഗില്ലിന്റെ ഭക്ഷണ ശീലമെന്നും ദിദര്‍ ഓര്‍ത്തെടുക്കുന്നു. ഗില്ലിന്റെ പ്രായത്തില്‍ ദിവസവും താന്‍ പത്ത് കിലോ മീറ്റര്‍ നടക്കുകയും 300 സിറ്റപെടുക്കുകയും ചെയ്തിരുന്നുവെന്നും കബഡി താരം കൂടിയായിരുന്ന ദിദര്‍ പറയുന്നു. ഗില്ലിന്റെ അച്ഛന്‍ ലഖ്വിന്ദറും കബഡി താരമായിരുന്നു.

കൂടുതല്‍ മെച്ചപ്പെട്ട പരിശീലനത്തിനായി ഗില്ലിന്റെ കുടുംബം മൊഹാലിയിലേക്ക് മാറിയെങ്കിലും ദിദറും ഭാര്യയും ചക് ഖരെയില്‍ തുടര്‍ന്നു. കളി നേരിട്ടു കാണാന്‍ പോയാല്‍ കൊച്ചുമകനെ അടുത്ത് കാണുക പ്രയാസമാണെന്നും ടിവിയില്‍ മുഖമിങ്ങനെ തൊട്ടടുത്ത് കാണുന്നതാണ് സന്തോഷമെന്നും മുത്തശ്ശി പറയുന്നു. ഐപിഎല്‍ ഫൈനല്‍ കാണാന്‍ അഹമ്മദാബാദില്‍ പോയെന്നും നിരവധി ആളുകള്‍ ഗില്ലിനോടുള്ള ഇഷ്ടം കൊണ്ട് പരിചയപ്പെട്ടത് കണ്ണുനിറച്ചുവെന്നും ഗുര്‍മീല്‍ വെളിപ്പെടുത്തി. ഇന്ന് കളി കാണാനിരുന്നാല്‍ കഴിയാതെ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുകയില്ലെന്നും വേണമെങ്കില്‍ തനിയെ ചായയിട്ട് കുടിക്കണമെന്നും ദിദറിനോട് മുന്‍കൂട്ടി പറഞ്ഞിട്ടുണ്ടെന്നും ഗുര്‍മീല്‍ നയം വ്യക്തമാക്കുന്നു. ലോകകപ്പിന്റെ തിരക്കൊഴിഞ്ഞാല്‍ ഗില്ലെത്തുമെന്നും വന്നാല്‍ ഗില്ലിനേറ്റം പ്രിയപ്പെട്ട 'ചുരി' (റൊട്ടിയിലോ പറാത്തയിലോ ശര്‍ക്കര ചേര്‍ത്ത് തയ്യാറാക്കുന്ന പഞ്ചാബി പലഹാരം) ഉണ്ടാക്കി നല്‍കാന്‍ കാത്തിരിക്കുകയാണ് താനെന്നും ഗുര്‍മീല്‍ പറയുന്നു. രോഹിതിനൊപ്പം ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കാന്‍ ഗില്ലിന് കഴിയുമെന്നും എല്ലാം 'ശുഭ'മാകുമെന്നുമാണ് ഇരുവരുടെയും വിശ്വാസം.

Shubman Gill's grandparents recall tales of little ‘Shub’ before World cup big final

MORE IN SPORTS
SHOW MORE